കൊല്ലം: പരവൂരിൽ നൂറിലധികം പേരുടെ ജീവനെടുത്ത വെടിക്കെട്ട് അപകടത്തിൽ നഗ്‌നമായ നിയമ ലംഘനം നടന്നതായി സ്‌ഫോടനത്തെപ്പറ്റി പരിശോധിക്കാനെത്തിയ എക്‌സ്‌പ്ലോസീവ് വിദഗ്ധരുടെ റിപ്പോർട്ട്.

നിരോധിത സ്‌ഫോടക വസ്തുവായ പൊട്ടാസ്യം ക്‌ളോറേറ്റ് വൻതോതിൽ ചേർത്തത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് ചീഫ് കൺട്രോളർ ഒഫ് എക്‌സ്‌പ്ലോസീവ് സുദർശൻ കമാലിന്റെ റിപ്പോർട്ടിൽ പറയുന്നു. അതിനിടെ പരവൂർ പുറ്റിങ്ങൽ ദേവി ക്ഷേത്രത്തിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ സിബിഐയുടെ നിലപാട് തേടും.

ചീഫ് കൺട്രോളർ ഒഫ് എക്‌സ്‌പ്ലോസീവ് സുദർശൻ കമാലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും വലിയ വെടിക്കെട്ട് അപകടമായ പരവൂർ ദുരന്തത്തെപ്പറ്റി കേന്ദ്ര സർക്കാരും അന്വേഷണ കമ്മിഷനെ നിയോഗിക്കാൻ സാദ്ധ്യതയുണ്ട്. സംസ്ഥാന സർക്കാർ നിയോഗിച്ച ജുഡീഷ്യൽ അന്വേഷണത്തിന് പുറമേയാണിത്. ക്രൈംബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുന്നുണ്ട്. സംഭവം എൻഐഎ അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദന്റെ ആവശ്യവും കേന്ദ്രം പരിഗണിക്കുന്നുണ്ട്. വ്യക്തമായ അന്വേഷണം ഇക്കാര്യത്തിൽ ഉണ്ടാകുമെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന സൂചന.

കമ്പക്കെട്ടിന് ശബ്ദം കൂട്ടാനുപയോഗിക്കുന്ന പൊട്ടാസ്യം ക്‌ളേറേറ്റ് വെയിലേറ്റാൽ പോലും തീപിടിക്കുന്ന രാസവസ്തുവാണ്. ഇത് ഉപയോഗിക്കാനോ സൂക്ഷിക്കാനോ വെടിക്കെട്ട് ലൈസൻസുകാർക്ക് അനുവാദമില്ല. കമ്പക്കെട്ട് നത്തുന്നതിന് ദൂരപരിധി പാലിക്കണമെന്ന നിയമം ലംഘിച്ചു. കമ്പക്കെട്ടിനുപയോഗിക്കുന്ന ബാരലുകൾ മണ്ണിൽ ശരിയായ രീതിയിൽ കുഴിച്ചിട്ടിരുന്നില്ല. ബാരലിന്റെ പകുതിയോളം ഭാഗം മണ്ണിൽ താഴ്ന്നു നിൽക്കണമെന്നാണ് വ്യവസ്ഥ. ബാരലുകൾ പരസ്പരം ബന്ധിപ്പിക്കുകയും വേണം. ഇതെല്ലാം ലംഘിക്കപ്പെട്ടു. ബാരലുകൾ ബന്ധിപ്പിക്കാതിരുന്നതിനാൽ തന്നെ അവ ചരിയുകയും വൻ ദുരന്തത്തിന് ഇടയാക്കുകയും ചെയ്തുവെന്നാണ് വിദഗ്ധ റിപ്പോർട്ട്.

പരവൂർ അപകടത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് വി. ചിദംബരേഷ് നൽകിയ കത്തും കൊല്ലം ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയും നൽകിയ റിപ്പോർട്ടും പരിഗണിച്ചാണ് ഹൈക്കോടതി പൊതുതാൽപര്യ ഹർജി പരിഗണിക്കുന്നത്. ദുരന്തത്തിൽ അട്ടിമറി സാധ്യത സംശയിക്കപ്പെടുന്ന സാഹചര്യത്തിൽ കേന്ദ്ര കുറ്റാന്വേഷണ ഏജൻസിയായ സിബിഐയെ കോടതി കക്ഷിചേർത്തത് കേസിന്റെ ഗൗരവം വർധിപ്പിക്കുന്നു. സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടാൻ സാധ്യതയുണ്ട്.

കേന്ദ്രസംസ്ഥാനസർക്കാറുകൾ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, തിരുവനന്തപുരം, കൊച്ചി, മലബാർ ദേവസ്വം ബോർഡുകൾ എന്നിവർക്കൊപ്പമാണ് സിബിഐയെ ഹർജിയിൽ എതിർകക്ഷിയാക്കിയിരിക്കുന്നത്. ഇന്ന് ഉച്ചക്ക് 1.45 ന് കേസ് പരിഗണിക്കുമ്പോൾ മറ്റു കക്ഷികൾക്കൊപ്പം സിബിഐ അഭിഭാഷകന്റെ വാദവും കോടതി കേൾക്കും. കേസ് പരിഗണിക്കുമ്പോൾ ഹാജരാകാൻ ആവശ്യപ്പെട്ട് സിബിഐ അഭിഭാഷകനും ഇന്നലെ നോട്ടീസ് നൽകിയിട്ടുണ്ട്. സ്‌ഫോടനത്തിന്റെ തീവ്രതയും മരണസംഖ്യ ഇത്രയധികം ഉയർന്നതും പല തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് വഴിവച്ചിരുന്നു. സംഭവത്തിൽ അട്ടിമറി സാധ്യത ഉൾപ്പെടെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘവും പരിശോധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്ര കുറ്റാന്വേഷണ ഏജൻസിയുടെ നിലപാട് നിർണായകമാണ്.

പരവൂർ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് വി. ചിദംബരേഷ് ഇന്നലെയാണ് ഹൈക്കോടതി രജിസ്ട്രാർക്ക് കത്തയച്ചത്. മാരക പ്രഹരശേഷിയുള്ള ഗുണ്ട്, അമിട്ട്, കതിന തുടങ്ങിയവ ഉപയോഗിച്ചുള്ള വെടിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയായ ജസ്റ്റിസ് വി. ചിദംബരേഷ് കത്തു നൽകിയത്. വെടിക്കെട്ട് മതാചാരങ്ങളുടെ ഭാഗമല്ലെന്നും അതിനാൽ തന്നെ അത് നിരോധിക്കണമെന്നുമാണ് കത്തിലെ ആവശ്യം. പൊതുതാൽപര്യ ഹർജിയായി പരിഗണിച്ച് ഹൈക്കോടതി രജിസ്ട്രാർ ദേവസ്വം ബെഞ്ചിന്റെ പരിഗണനക്ക് വിടുകയായിരുന്നു.