കോഴിക്കോട്: തൃശൂർ പൂരത്തിന്റെ ലഹരിയിൽ മതിമറക്കുന്നവരാണ് മലയാളികൾ. പൂരവെടിക്കെട്ടിന് സമാനമായ കമ്പങ്ങൾ എല്ലാ ക്ഷേത്ര ഉൽസവത്തിനും പതിവാണ്. ലക്ഷങ്ങളാണ് ഓരോ ക്ഷേത്രവും ഇതിനായി ചെലവഴിക്കുന്നത്. ഇതിനിടെ പല വെടിക്കെട്ടുകളും ദുരന്തവുമായി. എന്നാൽ അതിൽ നിന്ന് ഒന്നും പഠിക്കാൻ മലയാളി തയ്യാറായില്ല. അതിന്റെ ബാക്കി പത്രമാണ് കൊല്ലം പരവൂരിലെ വെടിക്കെട്ട് അപകടം. ഇവിടെ മരണം മൂന്നക്കം കടന്നിരിക്കുന്നു. അതീവ ഗുരുതരാവസ്ഥയിൽ 150 ഓളം പേർ ചികിൽസയിലും. അതുകൊണ്ട് തന്നെ മരണം ഇന്നിയും ഉയരും.

ഏതായാലും കേരളം കണ്ട ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തമാണ് പുറ്റിങ്ങലിലേത്. ശബരിമലയിൽ 1952ൽ നടന്ന വെടിക്കെട്ട് അപകടമായിരുന്നു ദുരന്തത്തിന്റെ വ്യാപ്തിയിൽ ഇതുവരെ മുന്നിൽ. 68 പേർക്കാണ് അന്ന് ജീവൻ നഷ്ടപ്പെട്ടത്. ശബരിമല ദുരന്തം കഴിഞ്ഞ് അമ്പതാണ്ടായിട്ടും കേരളത്തിൽ വെടിക്കെട്ട് ദുരന്തങ്ങൾക്ക് കുറവൊന്നുമില്ല. 2006ൽ 24 അപകടങ്ങളിൽ 24 പേരും 2007ൽ 38 അപകടങ്ങളിൽ 42 ഉം 2008ൽ 49 ഉം 2009ൽ 57 ഉം പേരും 2010ൽ 53 അപകടങ്ങളിൽ 66 ഉം 2011ൽ 58 അപകടങ്ങളിൽ നിന്ന് 68 ഉം മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

അപകടങ്ങളുടെയും മരണത്തിന്റെയും കാര്യത്തിൽ പൂരങ്ങളുടെയും വേലകളുടെയും നാടായ പാലക്കാടാണ് മുന്നിൽ. രണ്ട് വർഷം മുൻപത്തെ കണക്ക് അനുസരിച്ച് പാലക്കാട് ജില്ലയിൽ മാത്രം 12 അപകടങ്ങളിൽ 29 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കഴിഞ്ഞയാഴ്ച നെന്മാറ വല്ലങ്ങി വേലയ്ക്കിടയിലും വെടിക്കെട്ട് അപകടം ഉണ്ടായി. എന്നാൽ, ആളപായമുണ്ടായില്ല. മൂന്ന് വർഷം മുൻപ് ഷൊർണൂർ ത്രാങ്ങാലിയിലുണ്ടായ അപകടത്തിൽ പന്ത്രണ്ടും ചെർപുളശ്ശേരിക്കടുത്ത് പന്നിയാംകുറിശ്ശിയിൽ ഉണ്ടായ അപകടത്തിൽ ഏഴു പേരും കൊല്ലപ്പെട്ടിരുന്നു.

സംസ്ഥാനത്ത് 20 വർഷത്തിനിടെ ചെറുതും വലുതുമായ 750ഓളം വെടിക്കെട്ട് അപകടങ്ങളാണുണ്ടായത്. ഇതിൽ സ്ത്രീകൾ അടക്കം 400ലധികം പേർ മരിച്ചു. തൃശൂർ, പാലക്കാട്, എറണാകുളം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ദുരന്തങ്ങൾ ഉണ്ടായത്.

വെടിക്കെട്ട് ദുരന്തങ്ങൾ:

1952-ശബരിമലയിൽ ജനുവരി 14ന് പകൽ മൂന്ന് മണിക്കുണ്ടായ കരിമരുന്നു സ്‌ഫോടനം. മരണം 68
1978-തൃശൂർ പൂരത്തോട് അനുബന്ധിച്ച് കുഴിയമിട്ട് ലക്ഷ്യം തെറ്റി ആൾക്കൂട്ടത്തിൽ പതിച്ചുണ്ടായ അപകടം. മരണം എട്ട്
1984-തൃശൂർ കണ്ടശ്ശംകടവ് പള്ളിപ്പെരുന്നാളിലുണ്ടായ വെടിക്കെട്ടപകടം. മരണം 20
1987-തൃശൂർ വേലൂരിൽ വെള്ളാട്ടഞ്ചൂർ കൂട്ടന്മൂലി ക്ഷേത്രത്തിലെ അപകടം. മരണം 20
1987-തലശേരി ജഗനാഥ ക്ഷേത്രത്തിലെ വെടിക്കെട്ട് കാണാൻ റെയിൽപാളത്തിൽ ഇരുന്നവർ ട്രെയിനിടിച്ച് മരിച്ചു. മരണം 27
1988-തൃപ്പൂണിത്തുറയിൽ വെടിക്കെട്ട് മരുന്നുപുരക്ക് തീപിടിച്ച് സ്ത്രീ ജോലിക്കാർ മരിച്ചു. മരണം 10
1989-തൃശൂർ കണ്ടശ്ശംകടവ് പള്ളിയിൽ അഞ്ചു വർഷത്തിന് ശേഷം വീണ്ടും അപകടം. മരണം 12
1990-കൊല്ലം മലനടയിൽ പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് ഷെഡ്ഡിലുണ്ടായ അപകടം. മരണം 26
1997-ചിയ്യാരം പടക്കനിർമ്മാണശാലയിൽ പൊട്ടിത്തെറി. മരണം ആറ്
1998-പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിർമ്മാണശാലയിൽ പൊട്ടിത്തറി. മരണം 13
1999-പാലക്കാട് ആളൂരിൽ ചാമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടം. മരണം എട്ട്
2006-തൃശൂർ പൂരത്തിന് തയാറാക്കിയിരുന്ന വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നിടത്തുണ്ടായ അപകടം. മരണം ഏഴ്
2013-പാലക്കാട് പന്നിയംകുറുശ്ശി കുളങ്കുന്നത്ത് പടക്കനിർമ്മാണശാലയിലുണ്ടായ പൊട്ടിത്തെറി. മരണം ആറ്

ഇവ കൂടാതെ സംസ്ഥാനത്തുണ്ടായ മറ്റ് 54 വെടിക്കെട്ട് അപകടങ്ങളിലായി 160ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.