മലപ്പുറം: പി.വി അൻവർ എംഎ‍ൽഎക്കെതിരെ ആദായനികുതി വകുപ്പിന് പിന്നാലെ ഇഡിയും അന്വേഷണം ആരംഭിച്ചു. ആഫ്രിക്കയിലെ സ്വർണ ഖനനത്തിന്റെ സാമ്പത്തിക ഉറവിടവും, മംഗലാപുരത്തെ ക്രഷർ ഇടപാടിലെ സാമ്പത്തിക തട്ടിപ്പും അൻവറിന്റെ പേരിലുള്ള കമ്പനികളും ഇവയുടെ ഇടപാടുകളും ബെനാമി കമ്പനികളെയും കുറിച്ചാണു അന്വേഷണം ആരംഭിച്ചത്. മംഗലാപുരം ബെൽത്തങ്ങാടിയിലെ ക്രഷർ പി.വി അൻവറിന് വിൽപന നടത്തിയ കാസർഗോഡ് സ്വദേശി ഇബ്രാഹിം, തട്ടിപ്പിനിരയായ പ്രവാസി എൻജിനീയർ മലപ്പുറം പട്ടർക്കടവ് സ്വദേശി നടുത്തൊടി സലീം എന്നിവരോട് നാളെ കൊച്ചി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ നേരിട്ട് ഹാജരാകാൻ ഇഡി അസിസ്റ്റന്റ് ഡയറക്ടർ സുരേന്ദ്ര ഗണേശ് കവിത്ക്കർ നോട്ടീസ് നൽകിയിട്ടുണ്ട്. സലീമിനോട് രാവിലെ 10.30നും ഇബ്രാഹിമിനോട് ഉച്ചക്ക് 2.30നും ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പി.വി അൻവറുമായുള്ള ഇടപാടുകളുടെ രേഖകൾ, കഴിഞ്ഞ 10 വർഷത്തിനുള്ളിലെ പാർടണർ ഷിപ്പ് കരാറുകളുടെ വിവരങ്ങൾ, 10 വർഷത്തെ ആദായനികുതി റിട്ടേൺ വിവരങ്ങൾ അടക്കമുള്ളവ സഹിതം ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

മംഗലാപുരം ബൽത്തങ്ങാടി താലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറിൽ 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപയാണ് പ്രവാസി എൻജിനീയർ മലപ്പുറം സ്വദേശി നടുത്തൊടി സലീമിൽ നിന്നും പി.വി അൻവർ എംഎ‍ൽഎ തട്ടിയെടുത്തത്. സലീമിന്റെ പരാതിയിൽ അൻവറിനെതിരെ കേസെടുക്കാൻ പൊലീസ് തയ്യറായിരുന്നില്ല. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതുടർന്നാണ് അൻവറിനെതിരെ വഞ്ചനാകുറ്റത്തിന് പൊലീസ് കേസെടുത്തത്. കേസ് അട്ടിമറിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ സലീമിന്റെ ഹരജിയിൽ ഹൈക്കോടതി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

പി.വി അൻവർ എംഎ‍ൽഎയെ അറസ്റ്റിൽ നിന്നും രക്ഷിക്കാൻ ക്രഷർ തട്ടിപ്പു കേസ് സിവിൽ സ്വഭാവമെന്ന് കാണിച്ച് ക്രൈം ബ്രാഞ്ച് മലപ്പുറം ഡി.വൈ.എസ്‌പി പി. വിക്രമൻ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും റിപ്പോർട്ട് തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. രണ്ടാം തവണയും സിവിൽ സ്വഭാവമെന്ന് ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിലാണ് ക്രഷർ തട്ടിപ്പിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കാൻ കേന്ദ്ര ഏജൻസിയായ ഇഡി എത്തുന്നത്.

ക്രഷർ കർണാടക സർക്കാരിൽ നിന്നും പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിലാണെന്നും ഇതിന്റെ പാട്ടക്കരാർ മാത്രമാണ് അൻവറിന് കൈമാറിയതെന്നുമാണ് ക്രഷറിന്റെ മുൻ ഉടമസ്ഥനായിരുന്ന ഇബ്രാഹിം ക്രൈം ബ്രാഞ്ചിനു നൽകിയിരുന്ന മൊഴി. ക്രൈം ബ്രാഞ്ച് റിപ്പോർട്ട് കോടതി തള്ളിയതോടെ ക്രഷറും സ്ഥലവും 2.60 കോടി രൂപക്ക് കാസർഗോഡ് സ്വദേശി ഇബ്രാഹിമിൽ നിന്നും പി.വി അൻവർ വിലക്കുവാങ്ങിയതിന്റെ കരാറും തുടർന്ന് ബിസിനസ് പങ്കാളികളെചേർത്തുണ്ടാക്കിയ പാർടണർ ഷിപ്പ് കരാറിന്റെ പകർപ്പും ക്രൈം ബ്രാഞ്ച് ഹാജരാക്കി. ഇതോടെയാണ് ക്രഷർ തട്ടിപ്പിലെ കള്ളപ്പണ ഇടപാടിലേക്ക് ഇഡി അന്വേഷണം എത്തിയത്.

2021ലെ ബജറ്റ് സമ്മേളനത്തിൽ പോലും പങ്കെടുക്കാതെ മൂന്നുമാസക്കാലം പി.വി അൻവർ എംഎ‍ൽഎ വിദേശത്തായതോടെ എംഎ‍ൽഎയെ കാണാനില്ലെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതോടെയാണ് ഫേസ്‌ബുക്ക് വീഡിയോയിലൂടെ ആഫ്രിക്കൻ രാജ്യമായിരുന്ന സിയറ ലിയോണിൽ 20,000 കോടി രൂപയുടെ സ്വർണ ഖനന ബിസിനസ് നടത്തുകയാണെന്ന വെളിപ്പെടുത്തലുമായി അൻവർ പ്രത്യക്ഷപ്പെട്ടത്. 100 തൊഴിലാളികളുമായി ഖനനം നടത്തുകയാണെന്നാണ് വ്യക്തമാക്കിയത്.

പ്രവാസിയല്ലാത്ത ഇന്ത്യക്കാരന് വിദേശത്ത് ബിസിനസ് നിക്ഷേപം നടത്തുന്നതിന് ഇവിടെ നിന്ന് കൊണ്ടുപോകുന്ന പണം നികുതി അടച്ചതാണെന്ന് തെളിയിക്കുന്ന ആദായനികുതിവകുപ്പിന്റെ 15 സി.ബി ടാക്സ് ഡിറ്റർമിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇത്തരമൊരു സർട്ടിഫിക്കറ്റ് ആദായനികുതി വകുപ്പ് അൻവറിന് നൽകിയിട്ടില്ല. ആഫ്രിക്കയിൽ ഖനനത്തിന് മുതൽമുടക്കുന്ന തുകയുടെ 35 ശതമാനം നികുതിയടക്കണം. ഇത്തരത്തിൽ അൻവർ നികുതിയും അടച്ചിട്ടില്ല. നികുതിവെട്ടിച്ച് അനധികൃത സ്വത്ത് സമ്പാദിച്ചതിന് പി.വി അൻവറിനെതിരെ ആദായനികുതി വകുപ്പ് കൊച്ചി പ്രിൻസിപ്പൽ ഡയറക്ടറുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കുകയാണ്.

2016ൽ നിലമ്പൂരിൽ എംഎ‍ൽഎയായി മത്സരിക്കുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ 14.38 കോടി (14,38,82,954 )രൂപയുടെ ആസ്തിയാണ് അൻവർ കാണിച്ചിരുന്നത്. എംഎ‍ൽഎയായി രണ്ടര വർഷം പിന്നിട്ട് 2019തിൽ പൊന്നാനിയിൽ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കുമ്പോൾ അൻവറിനും രണ്ടു ഭാര്യമാർക്കുമായി 65 കോടി (651118685.35)യുടെ സ്വത്തായി കുത്തനെ കൂടി. 4.47 മടങ്ങായി 447 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.

ആദായനികുതി റിട്ടേണിൽ 2017-18 വർഷത്തിൽ 40,59,083 രൂപയുടെ നഷ്ടം കാണിക്കുമ്പോഴാണ് ആസ്തിയിൽ 447 ശതമാനത്തിന്റെ വർധനവുണ്ടായത്. എംഎ‍ൽഎയായ ശേഷം ആദ്യ വർഷത്തിൽ 2016-17ൽ 5937042 രൂപയുടെ വരുമാന നഷ്ടമാണ് കാണിച്ചിരിക്കുന്നത്. അതേസമയം രണ്ടു വർഷംകൊണ്ട് 19 കോടി രൂപ മുതൽമുടക്ക് നടത്തുകയും ചെയ്തു. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ നികുതിവെട്ടിച്ച് വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് വരുമാനത്തിന്റെ സ്രോതസ് കാണിക്കാൻ ആദായനികുതി വകുപ്പ് നോട്ടീസ് നൽകുകയും പി.വി അൻവർ അക്കൗണ്ടിനൊപ്പം ആദായനികുതി വകുപ്പ് കോഴിക്കോട് കമ്മീഷണർ ഓഫീസിൽ ഹാജരാവുകയും ചെയ്തിരുന്നു. വരുമാനത്തിന്റെ സ്രോതസ് വ്യക്തമാക്കാൻ കഴിയാത്തതിനെതുടർന്ന് അൻവർ കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും രേഖകൾ ഹാജരാക്കിയിരുന്നില്ല.

ഇതോടെ കോഴിക്കോട് ആദായനികുതി വകുപ്പ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് കൊച്ചി പ്രിൻസിപ്പൽ ഡയറക്ടറുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുന്നത്. നികുതിവെട്ടിച്ച് അനധികൃത സ്വത്തുസമ്പാദനത്തിന് ആദായ നികുതി വകുപ്പ് അന്വേഷണത്തിന് പിന്നാലെ ഇഡി അന്വേഷണം തുടങ്ങിയത് പി.വി അൻവറിനെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ്.