കോഴിക്കോട്: എല്ലാ അർത്ഥത്തിലും 'ബുദ്ധി രാക്ഷസനാണ്' പിവി അൻവർ. ആഫ്രിക്കയിൽ പൊന്നു വിളിയിക്കുന്ന എംഎൽഎയുടെ പുതിയ നീക്കം ആരേയും ഞെട്ടിക്കുന്നതാണ്. കക്കാടംപൊയിലിൽ പി.വി.ആർ നാച്വറോ റിസോർട്ടിൽ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നിർമ്മിച്ച നാലു തടയണകളും പൊളിച്ചു നീക്കാനുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് മറികടക്കാൻ സ്ഥലം വിൽപന നടത്തി പി.വി അൻവർ എംഎൽഎ. ഇതിനൊപ്പം പുതിയ സ്ഥല ഉടമയുടെ കോടതിയിലെ നിർണണായക നീക്കവും.

പുതിയ ഉടമയായ ഷെഫീഖ് ആലുങ്ങൽ തടയണ പൊളിച്ചാൽ വസ്തുവിലേക്കുള്ള വഴി നഷ്ടമാകുമെന്ന് പറഞ്ഞ് ഹൈക്കോടതിയെ സമീപിച്ച് താൽക്കാലിക സ്റ്റേ നേടി. കോടതി വേനലവധിക്ക് അടച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ ഇനി ഉടനൊരു ഇടപടെലിന് ആർക്കും കഴിയില്ല. ഇതാണ് അൻവറിന്റെ അതിബുദ്ധി. തന്റെ പേരിൽ കോടതിയിൽ നിന്ന് സ്‌റ്റേയ്ക്ക് സമീപിച്ചാൽ കിട്ടില്ലെന്ന തിരിച്ചറിവിലാണ് അൻവർ ഈ നീക്കം നടത്തിയത്. സർക്കാരിലെ ചിലരുടെ പിന്തുണയോടെയാണ് ഇതെല്ലാമെന്നാണ് പുറത്തു വരുന്ന സൂചന.

തടയണയ്ക്കു മുകളിലൂടെ നിർമ്മിച്ച റോഡും വഴിയും അടക്കം പരിശോധിക്കുന്നതിന് ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷൻ ഇന്നലെ സ്ഥല പരിശോധന നടത്തി. രേഖകൾ സമർപ്പിക്കാനെത്തിയ പരിസ്ഥിതി പ്രവർത്തകരെ റിസോർട്ടിൽ പ്രവേശിപ്പിക്കാതെ തടഞ്ഞതായി പരാതി ഉണ്ട്. ഹൈക്കോടതിയെ സമീപിച്ച കേരള നദീസംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി.വി. രാജനെ മാത്രമാണ് കമ്മിഷന് മുൻപാകെ ഹാജരായി തെളിവുകൾ സമർപ്പിക്കാൻ അനുവദിച്ചത്.

തടയണ പൊളിക്കാനുള്ള കലക്ടറുടെ ഉത്തരവിറങ്ങി രണ്ട് മാസം കഴിഞ്ഞ് 2021 നവംബർ 29 ന് ആണ് പി.വി. അൻവർ തടയണ ഉൾപ്പെടുന്ന 90.30 സെന്റ് വിൽപന നടത്തിയത്. കേസുള്ള വസ്തു എങ്ങനെ വിറ്റുവെന്നതും ചോദ്യമാണ്. റവന്യൂ അധികാരികൾ കണ്ണടച്ചതാണ് ഇതിനെല്ലാം കാരണമെന്നും സൂചനയുണ്ട്. കെ റെയിലിൽ കല്ലിട്ടാൽ പോലും വസ്തു വിൽപ്പന നടക്കില്ലെന്ന വാദം ശക്തമാണ്. ഇവിടെയാണ് കളക്ടറുടെ നടപടികൾ നടക്കുന്ന വസ്തുവിന്റെ വിൽപ്പന.

എംഎ‍ൽഎയിൽ നിന്നും സ്ഥലം വാങ്ങിയത് മലപ്പുറം ജില്ലയിലെ കോൺട്രാക്ടർ ഷെഫീഖ് ആലുങ്ങലാണ്. തടയണക്ക് മുകളിലൂടെ നിർമ്മിച്ച റോഡും വഴിയും അടക്കം പരിശോധിക്കുന്നതിന് ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ ഇന്നലെ സ്ഥലപരിശോധന നടത്തി. കമ്മീഷന് മുന്നിലേക്ക് തടയണക്ക് അനുകൂല നിലപാടുള്ളവരെ മാത്രമാണ് റിസോർട്ടിലേക്ക് കടത്തിവിട്ടത്. മുമ്പ് കക്കാടംപൊയിലിലെ തടയണ അടക്കമുള്ള പി.വി അൻവർ എംഎ‍ൽഎയുടെ അധികൃത നിർമ്മാണങ്ങൾ സന്ദർശിക്കാനെത്തിയ ഡോ. എം.എൻ കാരശേരിയുടെ നേതൃത്വത്തിലുള്ള സാംസ്കാരിക, പരിസ്ഥിതി പ്രവർത്തകർക്കുനേരെ കക്കാടംപൊയിലിൽ ആക്രമണമുണ്ടായിരുന്നു.

ടി.വി രാജനാണ് അനധികൃത തടയണകൾക്കെതിരെ നടപടിയാവശ്യപ്പെട്ട് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്.പരാതിയിൽ രണ്ടു മാസത്തിനകം കളക്ടർ തീരുമാനമെടുക്കണമെന്ന് 2020 ഡിസംബർ 22ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് അനുമതിയില്ലാതെയാണ് തടയണ കെട്ടിയതെന്ന കൂടരഞ്ഞി വില്ലേജ് ഓഫീസറുടെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും റിപ്പോർട്ട് പരിഗണിച്ചുവേണം കളക്്ടർ നടപടിയെടുക്കണ്ടതെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

ഹൈക്കോടതി ഉത്തരവ് വന്ന് അഞ്ച് മാസം കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതോടെ കളക്ടർക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടിയാവശ്യപ്പെട്ട് രാജൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ തടയണകൾ ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്നും അല്ലാത്തപക്ഷം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സ്വന്തം ചെലവിൽ പൊളിച്ചുനീക്കി ഇതിനു ചെലവായ തുക തടയണകെട്ടിയവരിൽ നിന്നും ഈടാക്കണമെന്ന് കോഴിക്കോട് കളക്ടർ ഡോ. നരസിംഹുഗാരി ടി.എൽ റെഡി 2021 ഓഗസ്റ്റ് 30ന് ഉത്തരവിട്ടു.

സമയപരിധികഴിഞ്ഞിട്ടും തടയണ പൊളിക്കാൻ പഞ്ചായത്ത് നടപടിയെടുക്കാത്തതോടെ കേരള നദീസംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി.വി രാജൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.തടയണ പൊളിക്കാനുള്ള കോഴിക്കോട് കളക്ടറുടെ ഉത്തരവിറങ്ങി രണ്ട് മാസം കഴിഞ്ഞ് 2021 നവംബർ 29തിനാണ് പി.വി അൻവർ എംഎ‍ൽഎ തടയണ ഉൾപ്പെടുന്ന 36.5293 ആർ സ്ഥലം(90.30 സെന്റ്) വിൽപ്പന നടത്തിയത്.ഇതിനു ശേഷമാണ് സ്ഥലം വാങ്ങിയ കോൺട്രാക്ടർ തടയണപൊളിച്ചാൽ തന്റെ സ്ഥലത്തേക്ക് വഴിയുണ്ടാവില്ലെന്നു കാണിച്ച് ഹൈക്കോടതിയെ സമീപിച്ചത്. രണ്ടും കേസും ഒന്നിച്ചാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

നേരത്തെ ചീങ്കണ്ണിപ്പാലിയിലെ വിവാദ തടയണപൊളിക്കാൻ മലപ്പുറം കളക്ടർ ഉത്തരവിട്ടപ്പോൾ തടയണ ഉൾപ്പെടുന്ന സ്ഥലം ഭാര്യാ പിതാവിന്റെ പേരിലേക്ക് പി.വി അൻവർ മാറ്റിയിരുന്നു. തടയണ പൊളിക്കുന്നതിനെതിരെ അൻവറിന്റെ ഭാര്യാ പിതാവ് ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ നിന്നും താൽക്കാലിക സ്റ്റേ നേടിയെങ്കിലും പിന്നീട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അൻവറിന്റെ ഭാര്യാ പിതാവിന്റെ ഹർജി തള്ളി തടയണ പൊളിക്കാനുള്ള മലപ്പുറം കളക്ടറുടെ ഉത്തരവ് ശരിവെക്കുകയായിരുന്നു.

ഇതോടെ തടയണ ഭാഗികമായി പൊളിക്കുകയും ചെയ്തു. ചീങ്കണ്ണിപ്പാലിയിലെ തന്ത്രം തന്നെയാണിപ്പോൾ അൻവർ കക്കാടംപൊയിലിലും പയറ്റുന്നത്.