കോഴിക്കോട്: നിലമ്പൂർ എംഎ‍ൽഎ പി.വി അൻവർ കക്കാടം പൊയിലിൽ അനധികൃതമായി നിർമ്മിച്ച ചെക്ക് ഡാം പൊളിക്കാൻ മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവ്. സംഭവവുമായി ബന്ധപ്പെട്ട് ഇറിഗേഷൻ വിഭാഗത്തിന് ഡാം പൊളിക്കാൻ നിർദ്ദേശം നൽകിയെന്ന് കളക്ടർ അമിത് മീണ വ്യക്തമാക്കി.

എട്ടുമാസം മുമ്പ് കളക്ടർ നൽകിയ ഉത്തരവ് മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് വൈകിപ്പിക്കുകയായിരുന്നെന്നാണ് പരാതിയുണ്ടായിരുന്നു. ഡാം പൊളിക്കാൻ മുൻ ജില്ലാ കളക്ടർ ടി. ഭാസ്‌കരൻ ആണ് ആദ്യം ഉത്തരവിട്ടത്. ഡാം പൊളിക്കാനുള്ള സാങ്കേതിക ശേഷിയില്ലെന്ന് പിഡബ്ല്യൂഡി അധികൃതർ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഡാം പൊളിക്കാനുള്ള ചുമതല ഇറിഗേഷൻ ഡിപ്പാർമെന്റിനെ ഏൽപ്പിച്ചിരിക്കുന്നത്. അൻവർ അനധികൃതമായി നിർമ്മിച്ച അമ്യൂസ്മെന്റ് പാർക്ക് വിവാദമായതിനിടെയാണ് കളക്ടറുടെ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.

യുഡിഎഫ് ഭരിക്കുന്ന കൂടരഞ്ഞി പഞ്ചായത്ത് ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎയുടെ വാട്ടർ തീം പാർക്കിന് അനുമതി നൽകിയത്. പാർക്കിന് ആവശ്യമായ രേഖകളുണ്ടെന്നും നാടിന് ഗുണകരമായ പദ്ധതിയാണെന്നും ഉപസമിതി കണ്ടെത്തിയിരുന്നു. സി.പി.എം, കോൺഗ്രസ് പ്രതിനിധികൾ ഉൾപ്പെട്ട ഉപസമിതി റിപ്പോർട്ടിന്റെ പകർപ്പും പുറത്തുവന്നിട്ടുണ്ട്.

പാർക്കിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ജൂൺ 11 നാണ് പഞ്ചായത്ത് ഉപസമിതി പാർക്ക് സന്ദർശിച്ചത്. പഞ്ചായത്ത് പ്രസിഡന്റും സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും പ്രതിനിധികളും സെക്രട്ടറിയും ഉൾപ്പെട്ട ഉപസമിതിയുടെ കണ്ടെത്തൽ പാർക്കിന് അനുകൂലമായിരുന്നു. മതിയായ രേഖകൾ ഇല്ലാതെ യന്ത്രങ്ങൾ പ്രവർത്തിപ്പിച്ചതിന് പിഴ ഈടാക്കാൻ നിർദ്ദേശിച്ച ഉപസമിതി, പാർക്കിന് അനുമതി നൽകാനും ശുപാർശ ചെയ്യുന്നുണ്ട്.

ഫയർ സേഫ്റ്റി സർട്ടിഫിക്കറ്റും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ഇലക്ട്രിക്കൽ വിഭാഗത്തിന്റെയും അനുമതിയും പാർക്കിനുണ്ടെന്നും റിപ്പോർട്ടിൽ പ്രത്യേകം പറയുന്നുണ്ട്. കാലാവധി കഴിഞ്ഞ ഇലക്ട്രിക്കൽ വിഭാഗത്തിന്റെ സർട്ടിഫിക്കറ്റ് പുതുക്കാനും ഹാജരാക്കിയ രേഖകളുടെ ആധികാരികത ഉറപ്പാക്കാനും പ്രത്യേകം നിർദ്ദേശമുണ്ട്.

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയാണ് പാർക്കിന് ലൈസൻസ് അനുവദിച്ചത്. മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി റദ്ദാക്കിയ വിവരം അറിയിച്ചാൽ പാർക്കിന് നോട്ടീസ് അയക്കുമെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കുന്നു. ഉപസമിതി റിപ്പോർട്ട് ലംഘിച്ച് സെക്രട്ടറി അനുമതി നൽകിയെന്ന ആരോപണം ഇതോടെ പൊളിയുകയാണ്, കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് പാർക്കിന് പ്രവർത്തനാനുമതി നൽകിയതെന്നും റിപ്പോർട്ടിൽ വ്യക്തമാണ്. അതേസമയം പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലും പാർക്കിന്റെ അനുമതി റദ്ദാക്കാനാകില്ലെന്ന കർശന നിലപാടിലാണ് പഞ്ചായത്ത് സെക്രട്ടറി.

 ഇതിനിടെ പി.വി.അൻവർ എംഎൽഎയുടെ പിവിആർ അമ്യൂസ്മെന്റ് പാർക്കിൽ മാരക കീടനാശിനി പ്രയോഗിക്കുന്നതു സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. വേണ്ടത്ര മലിനീകരണ നിയന്ത്രണ സംവിധാനങ്ങളൊന്നുമില്ലാത്ത കക്കാടം പൊയിലിലെ പാർക്കിൽ എൻഡോസൾഫാൻ ഗണത്തിൽ പെടുന്ന മാരക കീടനാശിനിയാണ് ഉപയോഗിക്കുന്നത്. കക്കാടംപൊയിൽ പോലെ ചൂട് കുറഞ്ഞ പ്രദേശത്തെ അന്തരീക്ഷത്തിൽ കീടനാശിനിയുടെ സാന്നിധ്യം പരിസ്ഥിതിക്കും മനുഷ്യനും ഏറെ ദോഷകരമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

പി വി ആർ നാച്ചുറോ പാർക്കെന്നാണ് എംഎൽഎയുടെ പാർക്കിന്റെ മുഴുവൻ പേര്. പ്രകൃതിക്ക് ദോഷം വരാതെയുള്ള ഇടപെടലുകളേ പാർക്കിൽ നടക്കുന്നൂവെന്നാണ് വാദം. എന്നാൽ ആൾത്തിരക്ക് കുറഞ്ഞ ദിവസങ്ങളിൽ പാർക്കിലെ ചെടികളിലും മരങ്ങളിലും മാരക കീടനാശിനികൾ പ്രയോഗിക്കുന്നുണ്ടെന്നറിഞ്ഞാണ് അങ്ങനെയുള്ള്ള ഒരു ദിവസം പാർക്കിലെത്തിയത്. കാര്യം ശരിയാണ്. വാട്ടർ പൂളുകൾക്ക് സമീപമുള്ള ചെടികളിലും, ചെറിയ മരങ്ങളിലും ജീവനക്കാരൻ കീടനാശിനി പ്രയോഗം നടത്തുകയാണ്.

ലോകാരോഗ്യ സംഘടന മഞ്ഞ ലേബലിൽ പെടുത്തിയിരിക്കുന്ന ഖ്യുനാൽഫോസ് വിഭാഗത്തിൽ പെടുന്നതാണ് എകാലക്സ്. ഈ പട്ടിയിൽ തന്നെയാണ് നിരോധിത കീടനാശിനിയായ എൻഡോസൾഫാനും പെടുന്നത്. അപ്പോൾ എകാലക്സിന്റെ പ്രഹരശേഷി എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നിരവധി ആളുകളെത്തുന്ന പൊതുസ്ഥലങ്ങളിൽ ഇത്തരത്തിലുള്ള കീടനാശിനികൾ ഉപയോഗിക്കുന്നത് പരിസ്ഥിതിക്കും മനുഷ്യനും ഒരു പോലെ ദോഷകരമാണ്.

മലിനീരണ നിയന്ത്രണ ചട്ടങ്ങൾ പാലിക്കാത്തതിനാൽ പാർക്കിന്റെ ലൈസൻസ് തന്നെ റദ്ദാക്കിയിരിക്കുകയാണ്.പൂളുകളിൽ ഉപയോഗിക്കുന്ന ജലം ശുദ്ധീകരിക്കുന്നതിന് ഒരു സംവിധാനവും പാർക്കിലില്ല.വെള്ളം പരിശോധിക്കാൻ ലാബുമില്ല.ചെടികളിൽ പ്രയോഗിക്കുന്ന കീടനാശിനികളുടെ അംശം സമീപമുള്ള പൂളുകളിലെ വെള്ളത്തിൽ കലരാനുള്ള സാധ്യതയും ഏറെയാണ്.