ബാലി: ബിഡബ്ല്യുഎഫ് വേൾഡ് ടൂർ ഫൈനൽസിൽ ഇന്ത്യയുടെ ബാഡ്മിന്റൺ താരം പിവി സിന്ധു ഫൈനലിൽ. സെമി ഫൈനലിൽ ജപ്പാന്റെ അകെയ്ൻ യമഗൂച്ചിയെ മൂന്നു ഗെയിം നീണ്ട പോരാട്ടത്തിൽ സിന്ധു കീഴടക്കി.

മത്സരം ഒരു മണിക്കൂറും 10 മിനിറ്റും നീണ്ടുനിന്നു. മൂന്നാം റാങ്കിലുള്ള ജപ്പാനീസ് താരത്തിനെതിരേ ഏഴാം റാങ്കിലുള്ള സിന്ധു മികച്ച തുടക്കം കുറിച്ചു. ആദ്യ ഗെയിം 21-15ന് സ്വന്തമാക്കി. എന്നാൽ രണ്ടാം ഗെയിമിൽ യമഗൂച്ചി തിരിച്ചടിച്ചു. അതേ സ്‌കോറിന് ഒപ്പം പിടിച്ചു. എന്നാൽ നിർണായകമായ മൂന്നാം ഗെയിമിൽ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ടു. ഒടുവിൽ 21-19ന് ഇന്ത്യൻ താരം ഗെയിമും മത്സരവും സ്വന്തമാക്കി ഫൈനലിലേക്ക് മുന്നേറി.

ഞായറാഴ്‌ച്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ ദക്ഷിണ കൊറിയയുടെ ആൻ സേ-യങ്ങാണ് സിന്ധുവിന്റെ എതിരാളി. ലോക റാങ്കിങ്ങിൽ ആറാമതുള്ള ദക്ഷിണ കൊറിയൻ താരം തായ്ലൻഡ് താരം പൊപാവീ ചോചുവോങ്ങിനെ തോൽപ്പിച്ചാണ് ഫൈനലിലെത്തിയത്.