റിയോ ഡി ജനെയ്‌റോ: ഒളിമ്പിക്‌സ് ചരിത്രത്തിൽ ആദ്യ വെള്ളി മെഡൽ നേടിയ ഇന്ത്യൻ വനിതയാണ് പി.വി. സിന്ധു. ഇന്ത്യയിൽ നിന്ന് വെള്ളി മെഡൽ നേടുന്ന അഞ്ചാം താരവും. 21ാം വയസിലാണ് രാജ്യത്തിന് അഭിമാനമായി സിന്ധു ഒളിംപിക്‌സ് മെഡൽ പട്ടികയിൽ ഇടംപിടിച്ചത്. 1995 ജൂലൈ അ!ഞ്ചിന് ജനിച്ച സിന്ധു 21ാം പിറന്നാൾ ആഘോഷിച്ച് 45 ദിവസം പിന്നിട്ടപ്പോഴാണ് ഒളിംപിക്‌സ് മെഡൽ നേട്ടം. 22ാം വയസിൽ ഒളിംപിക്‌സ് മെഡൽ നേട്ടം കൈവരിച്ച ബോക്‌സിങ് താരം വിജേന്ദർ സിങ്ങിന്റെ പേരിലുള്ള റെക്കോർഡാണ് സിന്ധു മറികടന്നത്. 2008ലെ ബെയ്ജിങ് ഒളിംപിക്‌സിലായിരുന്നു വിജേന്ദർ വിജയപീഠത്തിലെത്തിയത്.

റിയോയിൽ സിന്ധു മെഡൽ നേടുമെന്ന് ആരും പ്രതീക്ഷിച്ചില്ല. വെറും കൈയോടെ ഇന്ത്യ മടങ്ങുമെന്ന വിലയിരുത്തലെത്തിയപ്പോഴായിരുന്നു ഗുസ്തിയിലൂടെ സാക്ഷി മാലിക്ക് അപ്രതീക്ഷിത വെങ്കലം നേടിയത്‌. ഈ പ്രചോദനത്തിൽ നിന്ന് സിന്ധും സ്വർണ്ണത്തിളക്കമുള്ള വെള്ളിയിലേക്ക് എത്തി. ബാഡ്മിന്റൺ സിംഗിൾസ് ഫൈനലിൽ സ്വർണത്തിലേക്ക് റാക്കറ്റേന്തിയ സിന്ധു പടിവാതിൽക്കൽ ഇടറി വീണു. ലോക ഒന്നാം നമ്പർ താരമായ സ്‌പെയ്‌നിന്റെ കരോളിന മാരിനെതിരെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു പരാജയം സമ്മതിച്ചത്. പ്രായം കൊണ്ടും പരിചയത്തിലും കരോളിനയ്ക്കായിരുന്നു മുൻതൂക്കം. അതുകൊണ്ട് തന്നെ ഫൈനലിൽ അനായാസ വിജയം കരോളിന് കൽപ്പിച്ചവരുമുണ്ട്. എന്നാൽ ലോക ചാമ്പ്യനെ വെള്ളം കുടിപ്പിച്ചായിരുന്നു സിന്ധുവിന്റെ തോൽവി. ഇതേ ഇനത്തിൽ ജപ്പാന്റെ നൊസോമി ഒക്കുഹാരയ്ക്ക് വെങ്കലം ലഭിച്ചു. സെമിയിൽ ഇന്ത്യയുടെ പി.വി. സിന്ധുവിനോടാണ് നൊസോമി തോറ്റിരുന്നത്. ലോക ഒന്നാം നമ്പർ താരം കരോലിന മാരിനോട് തോറ്റ ചൈനയുടെ ലി സുറെ ആയിരുന്നു വെങ്കല പോരാട്ടത്തിൽ നൊസോമിയുടെ എതിരാളി. എന്നാൽ സുരായ് മത്സരത്തിൽ നിന്നും പിന്മാറിയതോടെ നൊസോമി വെങ്കലം ഉറപ്പിക്കുകയായിരുന്നു.

ആദ്യ ഗെയിം 21-19ന് സ്വന്തമാക്കിയ സിന്ധു രണ്ടും മൂന്നും ഗെയിമുകളിൽ തോൽവി വഴങ്ങുകയായിരുന്നു. പരാജയപ്പെട്ടെങ്കിലും വെള്ളി മെഡൽ നേട്ടത്തോടെ ചരിത്രം കുറിച്ച് ബാഡ്മിന്റണിൽ രാജ്യത്തിന്റെ ഏറ്റവും മികച്ച നേട്ടത്തോടെയാണ് മടക്കം. തുടർച്ചയായി രണ്ടു ലോക ചാംപ്യൻഷിപ്പുകളിൽ വെങ്കലം നേടിയ ഏക ഇന്ത്യൻ താരമായ സിന്ധു ചരിത്രം രചിച്ചാണ് ഫൈനലിൽ പോരിനിറങ്ങിയത്. ലോക ഒന്നാം നമ്പർ താരത്തോടാണ് ഏറ്റുമുട്ടുന്നതെന്ന സമ്മർദമൊന്നും മുഖത്തുണ്ടായിരുന്നില്ല. മറുവശത്ത് വേഗമേറിയ സ്മാഷുകളിലൂടെ ഇന്ത്യൻ താരത്തെ പ്രതിരോധത്തിലാക്കാൻ കരോലിനയ്ക്കു കഴിഞ്ഞു. എന്നാൽ, പൊരുതിക്കളിച്ച സിന്ധു ആദ്യ ഗെയിം സ്വന്തമാക്കി. 19 പോയിന്റ് വരെ പിന്നിട്ടുനിന്ന ശേഷം ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

പക്ഷേ, അതികഠിനമായിരുന്നു രണ്ടാം ഗെയിം. ശക്തമായ സ്മാഷുകൾക്ക് മുതിർന്ന കരോലിനയ്ക്കു മുന്നിൽ സിന്ധുവിന് കാലിടറി. നിരന്തരം ആക്രമിച്ചു കളിക്കാനും സ്പാനിഷ് താരത്തിനു സാധിച്ചു. 21-12ന് കരോലിന രണ്ടാം ഗെയിം സ്വന്തമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടത്തോടെയാണ് നിർണായകമായ മൂന്നാം ഗെയിമിനു തുടക്കമായത്. സിന്ധു പിന്നാക്കംപോയെങ്കിലും സ്മാഷുകളിലൂടെ ഒപ്പമെത്തി. എന്നാൽ, വീണ്ടും മികച്ച പ്രകടനം കാഴ്ചവച്ച കരോലിന 21-15ന് ഗെയിമിനൊപ്പം ജയവും സ്വന്തമാക്കുകയായിരുന്നു. ലോക ചാംപ്യനും യൂറോപ്യൻ ചാംപ്യനുമായ കരോലിനയുടെ കന്നി ഒളിംപിക്‌സ് സ്വർണമെഡൽ കൂടിയാണിത്.

ആഹ്ലാദത്തിൽ ഇന്ത്യ

ഈ മെഡൽ വിജയത്തിൽ ഇന്ത്യ ആകെ ആഹ്ലാദത്തിലാണ്. . സിന്ധുവിന്റെ വലിയ ആരാധകനായി താനെന്നാണ് സ്‌റ്റൈൽ മന്നൻ രജനികാന്തിന്റെ ട്വീറ്റ്. ഇന്ത്യയുടെ പ്രായം കുറഞ്ഞ വ്യക്തഗത മെഡൽ ജേതാവിന് അഭിനന്ദങ്ങൾ എന്നാണ് മാസ്റ്റർബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ ട്വീറ്റ് ചെയ്തത്. സിന്ധുവിന്റെ നേട്ടത്തിൽ അഭിമാനിക്കുന്നു എന്ന് രാഷ്ട്രപതി പ്രണബ് മുഖർജി ട്വീറ്റ് ചെയ്തു. സിന്ധു രാജ്യത്തിന്റെ പ്രചേദനമെന്നാണ് വിരേന്ദ്ര സെവാഗ് ട്വീറ്റ്. സിന്ധുവിന്റെ വെള്ളി നേട്ടം വർഷങ്ങളോളം ഓരോ ഇന്ത്യക്കാരന്റേയും മനസിലുണ്ടാവുമെന്നും ഇത് ഒരു ചരിത്രവുമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. അങ്ങനെ സിന്ധുവിന് അഭിനന്ദന പ്രവാഹമാണ്.

സിന്ധുവിന് സമ്മാനപ്പെരുമഴ. ദേശീയ ബാഡ്മിന്റൺ ഫെഡറേഷൻ 50 ലക്ഷം രൂപയും മധ്യപ്രദേശ് സർക്കാർ 50 ലക്ഷം രൂപയും സിന്ധുവിന് നൽകും. സിന്ധുവിന്റെ പരിശീലകനും മുൻ താരവുമായ പുല്ലേല ഗോപീചന്ദിന് 10 ലക്ഷം രൂപയും സമ്മാനമായി നൽകുമെന്ന് ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് അഖിലേഷ് ദാസ് ഗുപ്ത പറഞ്ഞു.

രചിച്ചത് പുതുചരിതം

2012ലെ ലണ്ടൻ ഒളിംപിക്‌സിൽ മെഡൽ നേടുമ്പോൾ ബാഡ്മിന്റൻ താരം സൈന നെ!ഹ്‌വാളിനും 22 വയസു മാത്രമായിരുന്നു പ്രായം. 23ാം വയസിലാണ് ടെന്നിസ് താരം ലിയാണ്ടർ പെയ്‌സ് മെഡൽ നേടിയത്. റിയോ ഒളിംപിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡൽ ജേതാവ് സാക്ഷി മാലിക്കിന് 23 വയസാണ് പ്രായം. അടുത്ത മാസം 24ാം വയസിലേക്കു കടക്കുന്ന സാക്ഷിക്കാകട്ടെ ഒളിംപിക്‌സ് മെഡൽ ജേതാവ് എന്ന പകിട്ടും ജന്മദിനാഘോഷത്തിന് മാറ്റുകൂട്ടും. 1992 സെപ്റ്റംബർ മൂന്നിനാണ് സാക്ഷി ജനിച്ചത്. ഒളിംപിക്‌സ് മെഡൽ നേടിയ ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരം രാജ്യവർധൻ സിങ് റാത്തോറാണ്. 2004ലെ ഏതൻസ് മേളയിൽ ഷൂട്ടിങ്ങിൽ വെള്ളി മെഡൽ നേടുമ്പോൾ റാത്തോറിന് 34 വയസായിരുന്നു പ്രായം.

പി.വി. സിന്ധു
ജന്മദിനം: ജൂലൈ 5, 1995
മെഡൽ നേടിയ വർഷം: 2016 (റിയോ)
മെഡൽ നേടുമ്പോഴത്തെ പ്രായം: 21

വിജേന്ദർ സിങ്
ജന്മദിനം: ഒക്ടോബർ 29, 1985
മെഡൽ നേടിയ വർഷം: 2008 (ബെയ്ജിങ്)
മെഡൽ നേടുമ്പോഴത്തെ പ്രായം: 22

സൈന നെ!ഹ്‌വാൾ
ജന്മദിനം: മാർച്ച് 17, 1990
മെഡൽ നേടിയ വർഷം: 2012 (ലണ്ടൻ)
മെഡൽ നേടുമ്പോഴത്തെ പ്രായം: 22

ലിയാണ്ടർ പെയ്‌സ്
ജന്മദിനം: ജൂൺ 17, 1973
മെഡൽ നേടിയ വർഷം: 1996 (അത്!ലാന്റ)
മെഡൽ നേടുമ്പോഴത്തെ പ്രായം: 23

സാക്ഷി മാലിക്
ജന്മദിനം: സെപ്റ്റംബർ 3, 1992
മെഡൽ നേടിയ വർഷം: 2016 (റിയോ)
മെഡൽ നേടുമ്പോഴത്തെ പ്രായം:

കർണം മല്ലേശ്വരി
ജന്മദിനം: ജൂൺ 1, 1975
മെഡൽ നേടിയ വർഷം: 2000 (സിഡ്‌നി)
മെഡൽ നേടുമ്പോഴത്തെ പ്രായം: 25

സുശീൽ കുമാർ
ജന്മദിനം: മെയ് 26, 1983
ആദ്യ മെഡൽ നേടിയ വർഷം: 2008 (ബെയ്ജിങ്)
ആദ്യ മെഡൽ നേടുമ്പോഴത്തെ പ്രായം: 25
സുശീൽ കുമാർ 2008ൽ ബെയ്ജിങ്ങിലും 2012ൽ ലണ്ടനിലും മെഡൽ നേടിയിട്ടുണ്ട്)

അഭിനവ് ബിന്ദ്ര
ജന്മദിനം: സെപ്റ്റംബർ 28, 1982
മെഡൽ നേടിയ വർഷം: 2008 (ബെയ്ജിങ്)
മെഡൽ നേടുമ്പോഴത്തെ പ്രായം: 25

വിജയ് കുമാർ
ജന്മദിനം: ഓഗസ്റ്റ് 19, 1985
മെഡൽ നേടിയ വർഷം: 2012 (ലണ്ടൻ)
മെഡൽ നേടുമ്പോഴത്തെ പ്രായം: 26

കെ. ഡി. യാദവ്
ജന്മദിനം: ജനുവരി 15, 1926
മെഡൽ നേടിയ വർഷം: 1952 (ഹെൽസിങ്കി)
മെഡൽ നേടുമ്പോഴത്തെ പ്രായം: 26

മേരി കോം
ജന്മദിനം: മാർച്ച് 1, 1983
മെഡൽ നേടിയ വർഷം: 2012 (ലണ്ടൻ)
മെഡൽ നേടുമ്പോഴത്തെ പ്രായം: 29

ഗഗൻ നാരംഗ്
ജന്മദിനം: മെയ് 6, 1983
മെഡൽ നേടിയ വർഷം: 2012 (ലണ്ടൻ)
മെഡൽ നേടുമ്പോഴത്തെ പ്രായം: 29

യോഗേശ്വർ ദത്ത്
ജന്മദിനം: നവംബർ 2, 1982
മെഡൽ നേടിയ വർഷം: 2012 (ലണ്ടൻ)
മെഡൽ നേടുമ്പോഴത്തെ പ്രായം: 29

രാജ്യവർധൻ സിങ് റാത്തോർ
ജന്മദിനം: ജനുവരി 29, 1970
മെഡൽ നേടിയ വർഷം: 2004 (ഏതൻസ്)
മെഡൽ നേടുമ്പോഴത്തെ പ്രായം: 34

ലക്ഷ്യം അടുത്ത ഒളിമ്പിക്‌സിൽ സ്വർണം

അച്ഛൻ ഇന്ത്യയിലെ മികച്ച വോളിബോൾ താരം, അർജ്ജുന അവാർഡ് ജേതാവ്. അമ്മയും അറിയപ്പെടുന്ന വോളിബോൾ താരം. എന്നാൽ, മകളെത്തിയത് ബാഡ്മിന്റൺ കോർട്ടിൽ. അതാണ് പുസരള വെങ്കട്ട സിന്ധു.
രാജ്യമെമ്പാടും സിന്ധുവിന്റെ വിജയത്തിനായി പ്രത്യേക പ്രാർത്ഥനകളും പൂജകളും നടന്നുവെങ്കിലും മുൻപ് രണ്ട് തവണ കരോലിനയെ കീഴടക്കിയ സിന്ധുവിന് ഇന്നലെ ഭാഗ്യം തുണച്ചില്ല. എങ്കിലും റിയോ ഒളിമ്പിക്‌സിൽ രാജ്യത്തിന് ആദ്യ വെള്ളി നേടിക്കൊടുത്ത സിന്ധു അഭിമാന താരമായി.

റിയോ ഒളിമ്പിക്‌സിൽ ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ വെള്ളി നേടിയ പി.വി സിന്ധു അടുത്ത ഒളിമ്പിക്‌സിൽ സ്വർണം നേടുമെന്ന് സിന്ധുവിന്റെ അച്ഛനും അമ്മയും. സ്വർണം നേടാൻ കഴിഞ്ഞില്ലെന്നതിൽ ചെറിയ നിരാശയുണ്ടെങ്കിലും അവളുടെ പ്രകടനത്തിൽ ഞങ്ങൾ തൃപ്തരാണ്. അവൾ ഞങ്ങളുടെ അഭിമാനമുയർത്തി. ആദ്യ ഒളിമ്പിക്‌സിൽ തന്നെ ഉജ്ജ്വല പ്രകടനം നടത്താൻ കഴിഞ്ഞു. അടുത്ത തവണ സ്വർണം നേടാനാവുമെന്നും സിന്ധുവിന്റെ അച്ഛൻ പി.വി.രമണ പറഞ്ഞു. ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ കൂടിയാണ് രമണ.

ഫൈനലിൽ വിജയിക്കാനിയില്ലെന്നതിൽ നിരാശയുണ്ടെങ്കിലും സിന്ധുവിന്റെ പ്രകടനത്തിൽ അഭിമാനമുണ്ടെന്ന് അമ്മ വിജയയും പറഞ്ഞു. ആന്ധ്രാപ്രദേശിലെ നെല്ലൂർ, വിജയവാഡ ജില്ലകളിലുള്ള ബന്ധുക്കളും സിന്ധുവിന്റെ നേട്ടം ആഘോഷമാക്കുകയാണ്. ഹൈദരാബാദിലെ പുല്ലേല ഗോപീചന്ദ് ബാഡ്മിന്റ അക്കാദമിയിൽ സിന്ധുവിന്റെ മത്സരം ബിഗ് സ്‌ക്രീനിൽ കാണാൻ നൂറ് കണക്കിന് പേർ എത്തിയിരുന്നു.

അഭിനന്ദനവുമായി കേരളവും

റിയോ ഒളിമ്പിക്‌സിലെ ബാഡ്മിന്റൺ മൽസരത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ പി.വി. സിന്ധുവിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. ഒരു രാജ്യം മുഴുവൻ ഈ കുട്ടിയെ ഓർത്ത് അഭിമാനിക്കുകയാണ് . ഇന്ത്യക്കാകെ അഭിമാനിക്കാവുന്ന തിളക്കമാർന്ന പ്രകടനമാണ് സിന്ധു കാഴ്ചവച്ചത്. സിന്ധുവിന്റെയും സാക്ഷി മാലിക്കിന്റെയും ദീപാ കർമാകറിന്റെയും നേട്ടങ്ങൾ മുന്നോട്ടു വയ്ക്കുന്ന സന്ദേശം വളരെ പ്രധാനപ്പെട്ടതാണ്. പെൺകുട്ടികൾ അടങ്ങിയൊതുങ്ങിയിരിക്കണ്ടവരാണെന്ന ബോധം അടിച്ചേല്പിക്കാതിരുന്നാൽ, ദുർബലരാണെന്ന മിഥ്യാധാരണ മാറ്റി വെപ്പിച്ചാൽ, തുല്യ അവസരങ്ങൾ നിഷേധിക്കപ്പെടാതിരുന്നാൽ രാജ്യത്തിന്റെ യശസ്സുയർത്താൻ പെൺകുട്ടികൾക്കാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യൻ ബാഡ്മിന്റണിലെ സൂപ്പർ താരങ്ങളായിരുന്ന പ്രകാശ് പദുകോണിനും യു. വിമൽകുമാറിനും ഗോപിചന്ദിനും സൈന നെഹ്‌വാളിനുമൊന്നും നേടാനാവാഞ്ഞ ചരിത്ര നേട്ടത്തിലേയ്ക്കാണ് സിന്ധു റിയോ ഒളിമ്പിക്‌സിൽ റാക്കറ്റേന്തിയത്. തൊണ്ണൂറുകളിൽ വോളിബോൾ കോർട്ടിൽ ഇടിമുഴക്കം തീർത്ത പി. വെങ്കട്ടരമണയുടെയും വിജയയുടെയും മകളായി 1995 ജൂലൈ അഞ്ചിന് ഹൈദരാബാദിൽ ജനിച്ചു സിന്ധു. മകളെ ഇഷ്ടാനുസരണം ബാഡ്മിന്റൺ കോർട്ടിലേക്ക് അവർ വിട്ടതോടെ സിന്ധു എന്ന സൂപ്പർതാരം പിറന്നു. സിന്ധുവിന്റെ കോച്ച് പുല്ലേല ഗോപിചന്ദിന്റെ കളിയിൽ ആവേശംകൊണ്ടാണ് പാരമ്പര്യ പാതവിട്ട് എട്ടാം വയസ്സിൽ സിന്ധു റാക്കറ്റേന്തിയത്. രമണ ജോലി ചെയ്യുന്ന സെക്കന്തരാബാദിലെ ഇന്ത്യൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്‌നൽ എഞ്ചിനീയറിങ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് കോർട്ടിൽ പരിശീലകനായ മെഹബൂബ് അലിയാണ് സിന്ധു ബാഡ്മിന്റൺ ബാലപാഠങ്ങൾ പഠിച്ചത്.

വൈകാതെ രമണയുടെ സുഹൃത്തുകൂടിയായ ഗോപിചന്ദിന്റെ അക്കാദമിയിലേക്ക്. ഈ വർഷമാദ്യം മലേഷ്യ മാസ്‌റ്റേഴ്‌സ് ഗ്രാൻഡ് പ്രിക്‌സിൽ വനിതാ സിംഗിൾസ് കിരീടവും സിന്ധുേനടി. തുടർന്ന് ഗുവാഹത്തിയിൽ നടന്ന സാഫ് ഗെയിംസിൽ വ്യക്തിഗത വിഭാഗത്തിൽ വെള്ളിയും ടീമിനത്തിൽ സ്വർണവും നേടി. അതിനുശേഷമാണ് റിയോയിലെത്തിയത്. പിന്നീടു നടന്നതെല്ലാം ചരിത്രത്തിന്റെ ഭാഗം. സിന്ധുവിന്റെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കി രാജ്യവും ആദരിച്ചു. 2013ൽ അർജ്ജുന അവാർഡും 2015ൽ പത്മശ്രീയും രാജ്യം സമ്മാനിച്ചു.