ന്യൂഡൽഹി: സയിദ് മോദി ബാഡ്മിന്റൺ കിരീടം പി.വി സിന്ധുവിന്. ഫൈനലിൽ യുവതാരം മാളവിക ബാൻസോദിനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു തോൽപ്പിച്ചത്. രണ്ട് സെറ്റ് മാത്രം നീണ്ട പോരാട്ടത്തിൽ എതിരാളിക്ക് ഒരു പഴതും അനുവദിക്കാതെയായിരുന്നു സിന്ധുവിന്റെ മുന്നേറ്റം. സ്‌കോർ: 21-13, 21-15.

രണ്ടു തവണ ഒളിമ്പിക്‌സ് മെഡൽ നേടിയിട്ടുള്ള സിന്ധു 2017ന് ശേഷം ആദ്യമായാണ് സയിദ് മോദി കിരീടം ചൂടുന്നത്. 2019 ലോക ബാഡ്മിന്റൺ കിരീടത്തിന് ശേഷം ആദ്യമായാണ് സിന്ധു ഒരു അന്താരാഷ്ട്ര കിരീടത്തിൽ മുത്തമിടുന്നത്.

സെമിയിൽ റഷ്യൻ താരം എവ്ജീനിയ കോസെറ്റ്സ്‌ക്യയെ പരാജയപ്പെടുത്തിയാണ് സിന്ധു കലാശപ്പോരിലേക്ക് എത്തിയത്. ആദ്യ സെറ്റിൽ പരാജയപ്പെട്ടതിന് പിന്നാലെ റഷ്യൻ താരം പിന്മാറി. ആദ്യ ഗെയിം സിന്ധു 21-11 എന്ന സ്‌കോറിന് സ്വന്തമാക്കിയിരുന്നു.