സിങ്കപ്പുർ: ഇന്ത്യൻ സൂപ്പർതാരവും മൂന്നാംസീഡുമായ പി.വി. സിന്ധുവിന് സിങ്കപ്പുർ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ കിരീടം. ഞായറാഴ്ച നടന്ന ഫൈനലിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ സ്വർണമെഡൽ ജേതാവും ലോക 11-ാം നമ്പർ താരവുമായ ചൈനയുടെ വാങ് ഷി യിയെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടമണിഞ്ഞത്.

മൂന്ന് ഗെയിമുകൾ നീണ്ട കലാശപ്പോരിൽ 21-9, 11-21, 21-15 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ ജയം.ആദ്യ ഗെയിമിൽ തുടരെ 13 പോയിന്റ് നേടി.12 മിനിറ്റ് മാത്രമാണ് സിംഗപ്പൂർ ഓപ്പൺ ഫൈനലിലെ ആദ്യ ഗെയിം സ്വന്തമാക്കാൻ സിന്ധുവിന് വേണ്ടിവന്നത്. എന്നാൽ രണ്ടാം ഗെയിമിൽ ചൈനീസ് താരം ശക്തമായി തിരിച്ചെത്തി.വാങ് ഷി യി 21-11 ന് രണ്ടാം ഗെയിം നേടി. വിജയിയെ നിർണയിച്ച അവസാന ഗെയിമിന്റെ തുടക്കത്തിൽ ചൈനീസ് താരമാണ് ലീഡ് എടുത്തത്. എന്നാൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത സിന്ധു കിരീടം സ്വന്തമാക്കുകയായിരുന്നു.

 

നേരത്തെ സെമിയിൽ ലോക 38-ാം നമ്പർ താരം ജപ്പാന്റെ സെയ്‌ന കാവക്കാമിയെ പരാജയപ്പെടുത്തിയായിരുന്നു സിന്ധുവിന്റെ ഫൈനൽ പ്രവേശനം.സിങ്കപ്പുർ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിൽ സിന്ധുവിന്റെ ആദ്യ കിരീടനേട്ടമാണിത്. സൈന നേവാളിന് ശേഷം സിങ്കപ്പുർ ഓപ്പൺ കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം കൂടിയാണ് സിന്ധു. 2022ലെ സിന്ധുവിന്റെ മൂന്നാമത്തെ കിരീടമാണ് ഇത്. ഈ വർഷം കൊറിയൻ ഓപ്പൺ, സ്വിസ് ഓപ്പൺ എന്നീ കിരീടങ്ങളിലേക്കും സിന്ധു എത്തിയിരുന്നു.

ഇനി ശ്രദ്ധയെല്ലാം കോമൺവെൽത്ത് ഗെയിംസിലേക്ക് എന്നാണ് സിന്ധു മത്സരത്തിന് ശേഷം പ്രതികരിച്ചത്.