- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്നയ്ക്ക് ശമ്പളമായി നൽകിയ 19 ലക്ഷം തിരികെ നൽകാൻ കഴിയില്ല; കെഎസ്ഐടിഐഎല്ലിന് പ്രൈസ് വാട്ടർ കൂപ്പേഴ്സിന്റെ മറുപടി; പിഡബ്ല്യുസി ഒഴിഞ്ഞതോടെ എം.ശിവശങ്കർ അടക്കം ഉള്ളവരിൽ നിന്ന് തുക ഈടാക്കാൻ സാധ്യത; നിയമോപദേശം തേടി കെഎസ്ഐടിഐഎൽ
തിരുവനന്തപുരം: സ്പേസ് പാർക്കിൽ ജൂനിയർ കൺസൽട്ടന്റായി നിയമിച്ച സ്വപ്ന സുരേഷിനു നൽകിയ ശമ്പളം തിരികെ നൽകാൻ കഴിയില്ലെന്ന് പ്രൈസ് വാട്ടർ കൂപ്പേഴ്സ് (പിഡബ്ല്യുസി) കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിനെ (കെഎസ്ഐടിഐഎൽ) അറിയിച്ചു. സ്വപ്നയ്ക്കു നൽകിയ ശമ്പളം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഐടിഐഎൽ നൽകിയ കത്തിനു മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. തുക തിരിച്ചു പിടിക്കുന്നതിന് കെഎസ്ഐടിഐഎൽ നിയമോപദേശം തേടിയിട്ടുണ്ട്.
സ്പേസ് പാർക്കിൽ സ്വപ്നയെ നിയമിച്ചത് പിഡബ്ല്യുസിയാണ്. 19,06,730 രൂപയാണ് ഐടി വകുപ്പ് ശമ്പളമായി പിഡബ്ല്യുസിക്ക് അനുവദിച്ചത്. സ്വർണക്കടത്തു കേസിൽ സ്വപ്ന പ്രതിയാകുകയും ജോലിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തതോടെ ജിഎസ്ടി ഒഴിച്ചുള്ള തുകയായ 16,15,873രൂപ പിഡബ്ല്യുസിയിൽനിന്ന് ഈടാക്കാൻ കെഎസ്ഐടിഐഎൽ എംഡി അടിയന്തരമായി നടപടി കൈക്കൊള്ളണമെന്ന് ധനകാര്യപരിശോധനാ വിഭാഗം റിപ്പോർട്ട് നൽകി.
പിഡബ്ല്യുസിയിൽനിന്ന് തുക ഈടാക്കാൻ കഴിയാതെ വന്നാൽ അന്നത്തെ ഐടി സെക്രട്ടറിയും കെഎസ്ഐടിഐഎൽ ചെയർമാനുമായിരുന്ന എം.ശിവശങ്കർ, അന്നത്തെ എംഡി സി. ജയശങ്കർ പ്രസാദ്, സ്പെഷൽ ഓഫിസറായിരുന്ന സന്തോഷ് കുറുപ്പ് എന്നിവരിൽ നിന്ന് തുല്യമായി തുക ഈടാക്കണമെന്നും ശുപാർശ ചെയ്തിരുന്നു.
സ്വപ്ന സുരേഷ് ജോലിക്കായി സമർപ്പിച്ച സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് അറിയാമായിരുന്നെന്നും അപേക്ഷിക്കുകയോ അഭിമുഖത്തിൽ പങ്കെടുക്കുകയോ ചെയ്യാതെയാണ് സ്പേസ് പാർക്കിൽ നിയമിച്ചതെന്നു സ്വപ്നയും വെളിപ്പെടുത്തിയിരുന്നു.
ബയോഡാറ്റ തയാറാക്കി കൊടുത്തത് ശിവശങ്കറാണെന്ന ആരോപണവും സ്വപ്ന ഉന്നയിച്ചു. നിയമനം ഉറപ്പുവരുത്താൻ കെപിഎംജി എന്ന കൺസൽട്ടൻസിയെ മാറ്റി പിഡബ്ല്യുസിയെ കൊണ്ടുവന്നത് ശിവശങ്കറാണെന്നും സ്വപ്ന ആരോപിച്ചിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കന്റോൺമെന്റ് പൊലീസാണ് അന്വേഷണം നടത്തുന്നത്. അന്വേഷണം നിലച്ച ഘട്ടത്തിലാണ്. ഇതര സംസ്ഥാനത്തു പോയി അന്വേഷിക്കാൻ ആഭ്യന്തരവകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വാദം
മറുനാടന് മലയാളി ബ്യൂറോ