- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
100 ദിവസംകൊണ്ട് പൂർത്തിയാക്കേണ്ട ജോലി 85 ദിവസത്തിനുള്ളിൽ തീർപ്പാക്കിയാൽ ബോണസ് കിട്ടും; കള്ളപ്പണിയല്ലെന്ന് തെളിയിക്കാൻ ഇ ബക്ക് പരിശോധനയും; എല്ലാം പെർഫെക്ട് എങ്കിൽ അഞ്ചു ലക്ഷം വരെ ബോണസ്; പൊതുമരാമത്ത് വകുപ്പിൽ വിപ്ലവം ഉറപ്പാക്കാൻ മന്ത്രി റിയാസ് സഞ്ചരിക്കുന്നത് വേറിട്ട വഴിയിൽ
തിരുവനന്തപുരം: കേരളത്തിലെ പൊതുമരാമത്ത് പണികളെല്ലാം ഇനി തകൃതിയായി നടക്കാം. മന്ത്രി മുഹമ്മദ് റിയാസിന് കൈയടിക്കുകയും ചെയ്യാം. നിർമ്മാണം പൂർത്തിയാക്കേണ്ട കരാർ കാലാവധിക്ക് 85 ശതമാനം ദിവസത്തിനകം പണിപൂർത്തീകരിച്ചാൽ കരാറുകാരന് ഒരു ശതമാനം ബോണസ് നൽകാനാണ് തീരുമാനം. നിശ്ചയിച്ച ദിവസത്തിനുള്ളിൽ പണി പൂർത്തിയാക്കാനാണ് ഈ തീരുമാനം.
100 ദിവസംകൊണ്ട് പൂർത്തിയാക്കേണ്ട ജോലി 85 ദിവസത്തിനുള്ളിൽ തീർപ്പാക്കിയാൽ ബോണസ് കിട്ടും. ആകെ കരാർത്തുകയുടെ ഒരുശതമാനമാണ് ബോണസ്. കരാർത്തുകയുടെ വലുപ്പമനുസരിച്ച് അഞ്ചുലക്ഷം വരെ നൽകൂം. എല്ലാ ജോലികളും സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. ഇതിന് കോൺട്രാക്ടർമാരുടെ ഇടപെടൽ അനിവാര്യമാണ് അതിന് വേണ്ടിയാണ് ബോണസ് വീണ്ടും പൊതുമരമാത്ത് വകുപ്പ് അവതരിപ്പിക്കുന്നത്.
റിയാസിന്റെ നിർദ്ദേശമാണ് അംഗീകരിക്കപ്പെടുന്നത്. ബോണസ് നൽകുന്നത് വ്യക്തമാക്കി സർക്കാർ ഉത്തരവ് പുറത്തിറങ്ങി. കരാറുകാരൻ അവസാനബിൽ സമർപ്പിച്ചശേഷം ബോണസ് കൈപ്പറ്റാം. ഇ-ബുക്കിലെ വിവരങ്ങൾ അനുസരിച്ചാണ് കരാറുകാരൻ ബോണസിന് അർഹനാണോയെന്ന് തീരുമാനിക്കുക. പണിയുടെ ദൃശ്യങ്ങളും ചിത്രങ്ങളും അടങ്ങിയ കാര്യങ്ങൾ മരാമത്ത് വിഭാഗത്തിന് നൽകിയിരിക്കണം. അത് കൃത്യമായി പരിശോധിക്കാനും സംവിധാനമുണ്ട്.
കഴിഞ്ഞസർക്കാരിന്റെ കാലത്ത് പണി പറഞ്ഞ കാലാവധി പ്രകാരം പൂർത്തീകരിച്ചാൽത്തന്നെ ബോണസ് കിട്ടുമായിരുന്നു. എന്നാൽ, വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താതെ, ക്രമക്കേട് നടത്തി ബോണസ് കൈപ്പറ്റുകയായിരുന്നു പലരും. ഇത് മനസ്സിലാക്കിയാണ് ബോണസ് നിർത്തലാക്കിയത്. ഇപ്പോൾ 85 ശതമാനം ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന വ്യവസ്ഥ പുതുതായി കൂട്ടിച്ചേർത്ത് ബോണസ് പുനഃസ്ഥാപിക്കുകയാണ്. റണ്ണിങ് കരാറിനും ഏഴുവർഷത്തെ പരിപാലനകാലാവധിയുള്ള കരാറുകൾക്കും ബോണസ് ബാധകമല്ല.
പുതിയ തീരുമാനം മികച്ചതാണെന്നും കൃത്യസമയത്തിനുള്ളിൽ പണി പൂർത്തീകരിക്കാൻ തങ്ങൾ ഉത്സാഹിക്കുമെന്നും കരാറുകാർ വ്യക്തമാക്കി. കരാറുകാരൻ ജോലിക്കുമുമ്പ് സർക്കാരിൽ കെട്ടിവെക്കേണ്ട തുക(പെർഫോമൻസ് ഗാരന്റി) അഞ്ചുശതമാനത്തിൽനിന്ന് മൂന്നുശതമാനമായി കുറച്ചത് അടുത്തവർഷം മാർച്ച് 31 വരെ നീട്ടി. ആകെ കരാർത്തുകയുടെ മൂന്നുശതമാനമാണ് സർക്കാരിലേക്ക് അടയ്ക്കേണ്ടത്. ഇതും കരാറുകാർക്ക് ആശ്വാസമാണ്.
റോഡ് പണി അടക്കമുള്ളവ കൃത്യസമയത്ത് പൂർത്തിയാക്കാൻ കരാറുകാരുടെ ഉത്സാഹം അനിവാര്യതയാണ്. ഈ സാഹചര്യത്തിലാണ് വീണ്ടും ബോണസ് സംവിധാനം കൊണ്ടു വരുന്നത്. സമയബന്ധിതമായി പണി പൂർത്തിയാക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഈ നടപടി പൊതുമരാമത്ത് പ്രവർത്തനങ്ങളിൽ കൂടുതൽ ഗുണമേന്മ ഉറപ്പാക്കാനും സമയബന്ധിതമായി കരാർ പൂർത്തിയാക്കാനും സുതാര്യത ഉറപ്പാക്കാനും സഹായിക്കും.
സാങ്കേതികതയുടെ പുതിയ സാധ്യതകൾ കരാറുകാരെ പരിചയപ്പെടുത്തുന്നതിന് പരിശീലന പരിപാടി നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. കുഴിയില്ലാത്ത രീതിയിൽ കേരളത്തിലെ റോഡുകളെ മാറ്റാൻ റണ്ണിങ് കോൺട്രാക്റ്റ് രാജ്യത്താദ്യമായി നടപ്പാക്കാൻ വകുപ്പ് ആലോചിക്കുന്നുണ്ട്. പൊതുമരാമത്തു വകുപ്പിന്റെ പ്രവൃത്തികൾ നടക്കുന്ന സ്ഥലങ്ങളിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പു വരുത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. ഇക്കാര്യം വിജിലൻസിന്റെ പ്രത്യേക പരിശോധന വിഭാഗം കൃത്യമായി പരിശോധിക്കും.
ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയാൽ കർശന നടപടി സ്വീകരിക്കും. വകുപ്പിനെ പൂർണമായി അഴിമതി മുക്തമാക്കുകയാണ് ലക്ഷ്യം. അത് പെട്ടന്ന് സാധിക്കുന്നതല്ല. എന്നാൽ സ്വിച്ച് ഇട്ടാൽ ബൾബ് കത്തുന്നതുപോലെ പ്രവർത്തന സജ്ജമായി വകുപ്പിനെ മാറ്റും. അതിനു നിരന്തരമായി സ്വിച്ച് അമർത്തുകതന്നെ വേണം. അക്കാര്യത്തിൽ സർക്കാരിന് ഒരു കൈ കഴയ്ക്കലും ഉണ്ടാവില്ല. തെറ്റായ രീതിയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരോടും കരാറുകാരോടും സന്ധിയില്ല. നാടിന്റെ ഖജനാവ് കൊള്ളയടിക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി റിയാസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ