കൊച്ചി: പൊതുമരാമത്ത് വകുപ്പിനെ ശരിയാക്കാൻ രംഗത്തെത്തിയ മന്ത്രി ജി സുധാകരന് പിഴയക്കുമോ? നല്ല ഉദ്ദേശത്തോടെയുള്ള അദ്ദേഹത്തിന്റെ നീക്കത്തെ പൊളിക്കാൻ വേണ്ടി ഉദ്യോഗസ്ഥരും കോൺട്രാക്ടർമാരും കിണഞ്ഞ് പരിശ്രമിക്കുകയാണ്. പല കരാർ പണികളിലും അഴിമതി നടക്കുന്നതിന്റെ കാരണം രാഷ്ട്രീയക്കാർ തന്നെയാണെന്ന് പറഞ്ഞാണ് കരാറുകാർ മന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. മന്ത്രി എന്താ മാന്ത്രികനോ? എല്ലാം ഒറ്റയടിക്ക് ശരിയാക്കാമെന്ന പൊതുമരാമത്ത് മന്ത്രിയുടെ മോഹം അതിമോഹമാണ്. ഞങ്ങളാരും ഹരിചന്ദ്രന്മാരല്ല.പക്ഷെ ഞങ്ങളെ അപമാനിക്കുന്നതിനും മന്ത്രി മാന്യത പാലിക്കണം. പ്രായോഗിക നിലപാടുകൾ വച്ചുപുലർത്തുന്ന മന്ത്രിയുടെ നിലപാടുകൾ മറുപടി പോലും അർഹിക്കുന്നില്ലെന്നുമാണ് കരാറുകാരുടെ പക്ഷം. ഓൾ കേരള ഗവൺമെന്റ് കോൺട്രാക്‌ടേഴ്‌സ് അസോസിയേഷനുവേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി ചെന്നിക്കരയാണ് മന്ത്രിക്കെതിരെ നിലപാടുമായി രംഗത്തെത്തിയത്.

ഒരു പണി തുടങ്ങിയാൽ ഉടൻ തന്നെ പിരിവിനായി എത്തുന്ന സമീപനമാണ് മന്ത്രിയുടെ പാർട്ടി ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ സ്വീകരിക്കുന്നതെന്നും കരാറുകാർ പറയുന്നു. ഈ വിഷയത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളും തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. വകുപ്പിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താനുള്ള സർക്കാരിന്റെ എല്ലാ നീക്കങ്ങളുമായും സഹകരിക്കും. അഴിമതി അവസാനിപ്പിക്കാനുള്ള മന്ത്രിയുടെ ശ്രമം ആത്മാർഥമാണെങ്കിൽ ഒപ്പം നിൽക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. എന്നാൽ പറഞ്ഞതിൽ നിന്നും പിന്നോട്ടില്ലെന്നും താൻ അതിൽ ഉറച്ച് നിൽക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു.

കൈകൂലി നൽകിയും പാർട്ടി ഫണ്ടുകളിലേക്ക് സംഭാവന നൽകിയും പ്രാദേശിക നേതാക്കന്മാരെ പ്രീണിപ്പിച്ചുമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. പക്ഷെ ഞങ്ങളെ ഇത്തരത്തിൽ ആക്കി തീർക്കുന്നതാരാണെന്ന് കൂടി പൊതുമരാമത്ത് മന്ത്രി വിശദീകരിക്കണം. പൊതുമരാമത്ത് മന്ത്രി ജി സുധാകരനെതിരെ രൂക്ഷ വിമർശനവുമായി കരാറുക്കാർ രംഗത്ത്. കരാറുക്കാരെ മോശക്കാരായി ചിത്രീകരിക്കുന്ന പൊതുമരാമത്ത് മന്ത്രി സ്വന്തം പാർട്ടിക്കാരെയും നേതാക്കളെയും വിലക്കാനുള്ള ആർജവം കാട്ടണം. കരാറുക്കാരനെ കല്യാണവീട്ടിൽ പോലും അടുപ്പിക്കരുതെന്ന് ഉദ്യോഗസ്ഥരോട് നിർദേശിച്ച മന്ത്രിയുടെ പാർട്ടിക്കാർ സമ്മേളനങ്ങളും പാർട്ടി പരിപാടികളും എത്തുമ്പോൾ കരാറുക്കാരെ തേടി പരക്കംപായുന്ന പതിവ് മന്ത്രിക്ക് അറിവുള്ളതാണെന്നു സണ്ണി ചെന്നിക്കര ചൂണ്ടിക്കാട്ടുന്നു.

പിന്നെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും ഡയലോഗുകൾ അടിക്കാനും ആർക്കും കഴിയും. കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതിലാണ് കാര്യം. പുതിയ മരാമത്ത് മന്ത്രി കൈയടിനേടാൻ മാത്രമാണ് ശ്രമിക്കുന്നത്.റോഡിലെ കുഴിയെണ്ണി തിട്ടപ്പെടുത്തി ഉണ്ടാക്കിയ കരാറുക്കാരെ തേടിപിടിച്ച് തന്തയ്ക്ക് വിളിച്ചിട്ട് കാര്യമില്ല. കോടികൾ ചെലവിട്ട് നിരമ്മാണ പ്രവർത്തികൾ നടത്തുന്ന കരാറുക്കാർക്ക് സർക്കാർ പണം നൽകുന്നത് പ്രവർത്തികൾ പൂർത്തീകരിച്ച് ഒന്നര വർഷം കഴിഞ്ഞാണ്. ഇപ്പോഴും 2600 കോടി രൂപയാണ് സർക്കാർ കരാറുക്കാർക്ക് തരാനുള്ളത്. ഏത് പ്രവർത്തിയേറ്റെടുത്താലും 27 ശതമാനം നികുതിയാണ് കരാറുക്കാർ നൽകുന്നത്.

എന്നാൽ കരാറുക്കാരുടെ ലാഭം കൂട്ടാറില്ല. വെറു പത്തു ശതമാനം സർക്കാർ കണക്ക്. പ്രവർത്തികൾക്ക് അനുവദിക്കുന്ന പണത്തിന്റെ 50 ശതമാനം മാത്രാമാണ് റോഡിൽ വീഴുന്നതെന്ന് മന്ത്രി പറഞ്ഞെങ്കിൽ അത് നിഷേധിക്കുന്നില്ല. 50 ശതമാനം പ്രവർത്തിയിലും 27 ശതമാനം നികുതിയിലും 10 ശതമാനം ലാഭ വിഹിതത്തിലും തട്ടികിഴിച്ചാൽ മൂന്നു ശതമാനം കൈക്കൂലി ഇനത്തിലും പാർട്ടി ഫണ്ടിലേക്കുമാണ് നൽകുന്നത്. പരിഭവിച്ചിട്ട് കാര്യമില്ല. അടുത്തിടെ റോഡിൽ കുഴിയടക്കാൻ കാരാറുക്കാരനെ നിയന്ത്രിക്കാൻ ഉദ്യോഗസ്ഥരില്ലെന്ന് പറഞ്ഞ് മന്ത്രി പൊതുവഴിയിൽ പൊട്ടിത്തെറിച്ചത് മാദ്ധ്യമങ്ങൾക്ക് ചൂടുള്ള വാർത്തയായിരുന്നു.

ഇത് മന്ത്രിക്ക് വൻ റേറ്റിങ്ങാണ് നൽകിയത്. പിന്നീട് വിവരം അറിഞ്ഞ് മന്ത്രി ഭവനത്തിലെത്തിയ ഉദ്യോഗസ്ഥനെ വീട്ടിൽനിന്നും ആക്രോശിച്ച് ഇറക്കിവിട്ടും മന്ത്രി വാർത്തകളിൽ ഇടംനേടി. പക്ഷെ ഒരുകാര്യം മന്ത്രി ആലോചിക്കണം. നിർമ്മാണ പ്രവർത്തികളിൽ നേതതൃത്വം നൽകാൻ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കണമെന്നത് വെറും മോഹമാണ്. ജീവനക്കാരുടെ കുറവ് കൊണ്ട് ഏറെ ദുരിതം അനുഭവിക്കുന്ന വകുപ്പാണ് പൊതുമരാമത്ത്. ഏകദേശം 500 ഓളം ഓവർസീയർമാരുടെ കുറവാണ് ഇപ്പോൾ വകുപ്പിലുള്ളത്.

അപ്പോൾ എങ്ങനെയാണ് റോഡിൽ ഉദ്യോഗസ്ഥരെ നിരത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുക. അതുപോലെതന്നെ നിർമ്മാണം പൂർത്തീകരിച്ച പ്രവർത്തികളുടെ ബില്ലുകൾ ഉദ്യോഗസ്ഥന്മാർ പാസാക്കാൻ വൈമനസ്യം കാട്ടിയാൽ തന്റെ അരികിലേക്ക് വരാൻ പറഞ്ഞതിന്റെ ലോജിക്ക് മനസിലാകുന്നില്ല. അങ്ങനെ പാസാകുമെങ്കിൽ മന്ത്രിക്ക് വേറെ ഒന്നും ചെയ്യേണ്ടിവരില്ലെന്നും ആൾ കേരള ഗവൺമെന്റ് കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ ഭാരാവാഹികൾ പറഞ്ഞു.

എന്നാൽ കരാറുകാരുടെ ഭീഷണിക്കൊന്നും താൻ വഴങ്ങില്ലെന്ന നിലപാടിലാണ് ജി സുധാകരൻ. കരാറുകാരെയും എൻജിനീയർമാരെയും വഴിപിഴപ്പിക്കുന്നത് അഴിമതിക്കാരായ രാഷ്ട്രീയ നേതൃത്വമാണെന്നു താൻതന്നെ പറഞ്ഞ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അത് ഇങ്ങോട്ടു വീണ്ടും പറയേണ്ട കാര്യമില്ല. ഇ.ശ്രീധരനും ഞാനും വേദനാജനകമായ ഒന്നും പറഞ്ഞിട്ടില്ല. വേദനിക്കേണ്ട കാര്യമൊന്നുമില്ല. കരാറുകാരുടെ സംഘടന സഹകരണം വാഗ്ദാനം ചെയ്തിരിക്കുകയാണ്. കരാറുകാർ രാഷ്ട്രനിർമ്മാണത്തിന്റെ ഭാഗമാണെന്ന് ആദ്യം പറഞ്ഞ മന്ത്രി ഞാനാണ്. അതിൽ അഭിമാനം കൊള്ളുന്നുണ്ടെങ്കിൽ മറ്റു കാര്യങ്ങൾ പറഞ്ഞു പ്രചരിപ്പിക്കേണ്ട കാര്യമില്ല. കരാറുകാരെയും അഴിമതിക്കാരായ എൻജിനീയർമാരെയും പറ്റി നാട്ടിൽ നല്ല അഭിപ്രായമില്ലെന്നു മനസ്സിലാക്കണം. അതുകൊണ്ടാണ് ഇത്തരം പരാമർശം വരുന്നത്.

തനിക്കും മുഖ്യമന്ത്രിക്കും പാർട്ടിക്കും എൽഡിഎഫിനും കൈക്കൂലി ആവശ്യമില്ല. സിപിഎമ്മിലെ ആരോ കൈക്കൂലി വാങ്ങുന്നുവെന്ന് ആരോപിക്കാതെ തെളിവുസഹിതം പരസ്യമായി പറയണം. കരാറുകാർ കൈയിൽ കാശുണ്ടെങ്കിൽ കീശയിൽ വയ്ക്കുക. സ്വന്തം കൈയിലെ കാശു സംഭാവന കൊടുക്കുന്നതിന് ആരും എതിരല്ല. റോഡിൽ ചെലവഴിക്കേണ്ട തുക സംഭാവന കൊടുത്തെന്നു പറഞ്ഞാലൊന്നും കരാറുകാർ രക്ഷപ്പെടില്ലെന്നും മന്ത്രി തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. ആലപ്പുഴ ജില്ലയിലെ അടക്കം റോഡുകൾ തകർന്നു കിടക്കുകയാണ്. ഈ റോഡുകൾ മന്ത്രി നേരിട്ടെത്തി പരിശോധിക്കുകയും ചെയ്തു.