കോഴിക്കോട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞിന്റെ ഓഫീസ് കേന്ദ്രീകരിച്ച് കോടികളുടെ അഴിമതി നടക്കുന്നുണ്ടെന്ന് ഭരണകക്ഷി എംഎൽഎ കെ.വി.ഗണേശ്‌കുമാർ വെളിപ്പെടുത്തിയ സാഹചര്യത്തിൽ മന്ത്രിയെ മാറ്റിനിർത്തി നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എം.അഷ്‌റഫ്.

യു.ഡി.എഫ് മന്ത്രിസഭയിലെ അംഗങ്ങൾക്കെതിരേ ദിനംപ്രതിയെന്നോണം അഴിമതിയാരോപണങ്ങൾ ഉയർന്നുകൊണ്ടിരിക്കുന്നു. ഭരണകക്ഷി എംഎൽഎമാർ വരെ തെളിവുകളുണ്ടെന്ന് പറഞ്ഞ് മുന്നോട്ട് വന്നിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്. അഴിമതി ആരോപിതർക്കെതിരേ അന്വേഷണം നടത്താനോ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനോ മുഖ്യമന്ത്രി തയ്യാറാവുന്നില്ല. ചില ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്ത് അഴിമതിക്കാരെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന ആരോപണവും ശക്തമാണ്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിസഭയിലെ പലർക്കെതിരേയും ആരോപണങ്ങൾ ഉയർന്നിട്ടും പ്രതിപക്ഷം തുടരുന്ന നിസ്സംഗത സംശയം ജനിപ്പിക്കുന്നതാണെന്നും അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി