കണ്ണൂർ: കാറിന്റെ ബോണറ്റിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ പിടികൂടി വനത്തിൽ വിട്ടയച്ചു. തലശേരി നിട്ടൂർ നമ്പ്യാർ പീടികയിലെ മുൻ നഗരസഭാ കൗൺസിലർ കൃഷ്ണകൃപയിൽ വി.കെ പുഷ്പവല്ലിയുടെ വീട്ടിലാണ് സംഭവം നടന്നത്. പുഷ്പവല്ലിയുടെ മകൻ വിജേഷിന്റെ കാറിന്റെ ബോണറ്റിനുള്ളിലാണ് പെരുമ്പാമ്പ് വ്യാഴാഴ്‌ച്ച രാത്രി ഒൻപതുമണിയോടെ കയറിക്കൂടിയത്.

വീട്ടുകാർ വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് റസ്‌ക്യൂ അംഗമായ കോടിയേരി സ്വദേശി വിജേഷ് സ്ഥലത്തെത്തി. പാമ്പ് ബോണറ്റിലേക്ക് കയറി കൂടിയതിനാൽ എഞ്ചിൻ അഴിക്കാതെ പുറത്തെടുക്കാൻ മറ്റുവഴിയുണ്ടായിരുന്നില്ല. തുടർന്ന് മെക്കാനിക്കായ മൂഴിക്കര സ്വദേശി വിവേകിനെ വിളിച്ചു വരുത്തി. മണിക്കൂറുകളെടുത്ത് കാറിന്റെ ഗിയർ ബോക്‌സ് അഴിച്ചുമാറ്റിയാണ് പെരുമ്പാമ്പിനെ രക്ഷിച്ചെടുത്തത്. രാത്രി 9 മണിക്ക് ആരംഭിച്ച രക്ഷാ പ്രവർത്തനം പുലർച്ചെ 3.30 നാണ് അവസാനിച്ചതെന്ന് വിജേഷ് പറഞ്ഞു. പിടികൂടിയ പെരുമ്പാമ്പിനെ ഫോറസ്റ്റ് അധികൃതർ കണ്ണവം കാട്ടിലേക്ക് വിട്ടയച്ചു.