ലാഹോർ: സോഷ്യൽ മീഡിയയിലെ ചൂടൻ ചിത്രങ്ങൾ പോസ്റ്റു ചെയ്തു കൊണ്ട് ഒരുകാലത്ത് പാക്കിസ്ഥാനിലെ കിം കർദാഷിയാൻ എന്നറിയിപ്പെട്ട താരമായിരുന്നു ഖന്ദീൽ ബലോച്ച്. പാക്കിസ്ഥാനിലെ ഈ സൂപ്പർമോഡലിന്റെ കൊലപാതകം ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ട സംഭവമായിരുന്നു. ചേച്ചിയുടെ ഹോട്ട് ചിത്രങ്ങൾ അനുജനിൽ ദുരഭിമാനം വളർത്തിയപ്പോഴാണ് അവരെ കൊലപ്പെടുത്തിയത്. ഖന്ദീലിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ അനുജൻ മുഹമ്മദ് വസീം, ആറു വർഷത്തെ ജയിവാസത്തിനുശേഷമാണ് കുറ്റവിമുക്തനാക്കുന്നത്.

ഖന്ദീൽ ബലോചിന്റെ ദുരഭിമാന കൊലപാതകത്തിൽ സഹോദരനെ കുറ്റവിമുക്തനാക്കി മുൾട്ടാനിലെ കോടതിയാണ്. ഖൻദീലിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ അനുജൻ മുഹമ്മദ് വസീം, ആറു വർഷത്തെ ജയിവാസത്തിനുശേഷമാണ് കുറ്റവിമുക്തനാക്കുന്നത്. വസീമിനെ 2019ൽ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. ഈയാഴ്ച അവസാനം വസീം ജയിലിൽമോചിതനായേക്കും.

വസീമിനു മാതാപിതാക്കൾ മാപ്പ് കൊടുത്തതിനു പിന്നാലെയാണ് കോടതി കുറ്റവിമുക്തനാക്കിയത്. പാക്കിസ്ഥാനിലെ പുതിയനിയമപ്രകാരം, കുറ്റവാളികൾക്ക് ഇരയുടെ കുടുംബത്തിൽനിന്നു മാപ്പ് കൊടുത്താലും ശിക്ഷയിൽ ഇളവ് നൽകാൻ കഴിയില്ല. എന്നാൽ ഇതിൽ അന്തിമതീരുമാനമെടുക്കാൻ ജഡ്ജിക്കു വിവേചനാധികാരമുണ്ട്. സ്വന്തം ചേച്ചിയെ കൊലപ്പെടുത്തിയ വസീമിനു മാപ്പ് നൽകാൻ ആദ്യം മാതാപിതാക്കൾ വിസമ്മതിച്ചെങ്കിലും പിന്നീട് അംഗീകരിക്കുകയായിരുന്നു.

ലോകത്തെ നടുക്കിയ ദുരഭിമാന കൊല

ലോകത്തെ നടുക്കിയ ദുരഭിമാന കൊലപാതകമായിരുന്നു ഖന്ദീലിന്റേത്. പാക്കിസ്ഥാനിലെ സമൂഹമാധ്യമങ്ങളിൽ ഏറെ പ്രശസ്തയായ നടിയും മോഡലുമായിരുന്നു കൊല്ലപ്പെട്ട ഖൻദീൽ ബലോച് (26). ഫൗസിയ അസീം എന്നായിരുന്നു യഥാർഥ പേര്. 2016 ജൂലൈയിലാണ് ഖൻദീലിനെ അനുജൻ മുഹമ്മദ് വസീം കൊലപ്പെടുത്തിയത്. മുൾട്ടാനിലെ കരീമാബാദിലുള്ള കുടുംബവീട്ടിൽവച്ച് ഗുളിക കൊടുത്തു മയക്കിയശേഷം കഴുത്തു ഞെരിച്ചായിരുന്നു കൊലപാതകം.

ഖൻദീൽ ബലോച് പോസ്റ്റ് ചെയ്ത വിവാദ വിഡിയോകളും പ്രസ്താവനകളും ബലോച് കുടുംബത്തിന്റെ മാനം കളഞ്ഞുകുളിച്ചെന്നാണ് വസീം അന്വേഷണ ഉദ്യോഗസ്ഥർക്കു നൽകിയ മൊഴി. മതപുരോഹിതൻ മുഫ്തി അബ്ദുൽ ഖാവിയുമൊത്തുള്ള വിവാദ സെൽഫികളും കൊലപാതകം അനിവാര്യമാക്കിയെന്നും വസീം പറഞ്ഞു. ഖൻദീലുമൊത്തുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെ മുഫ്തി ഖാവിക്ക് ഉന്നത മതസമിതിയിലെ അംഗത്വവും നഷ്ടമായിരുന്നു. ഫൗസിയ അസീം എന്ന പേര് ഉപേക്ഷിച്ച് ഖൻദീൽ ബലോച് എന്ന പുതിയ പേരിൽ മോഡലിങ്ങിൽ താരമായപ്പോൾ മുതൽ സഹോദരനിൽനിന്നു ഭീഷണി നേരിട്ട താരം സുരക്ഷ ആവശ്യപ്പെട്ടു പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രിക്കുൾപ്പെടെ എഴുതിയിരുന്നു.

സഹോദരിയുടെ ചൂടൻ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്തു തരുമോയെന്ന ചോദ്യം തകർത്തു

സ്വന്തം വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ഫൗസിയ അസീം കൊല്ലപ്പെട്ടത്. കൊലപാതകത്തിലേക്ക് സഹോദരനെ നയിച്ചത് പൊടു ഇടത്തിൽ നേരിടേണ്ടി വന്ന ദുരഭിമാനമായിരുന്നു. അവൾ കുടുംബത്തിനു ദുഷ്പ്പേര് വരുത്തിവച്ചു എന്ന്, സമൂഹമാധ്യമങ്ങളിൽ ഹിറ്റായ ചിത്രങ്ങളും വിഡിയോകളും സൃഷ്ടിച്ചുവെന്ന്. സഹോദരിയുടെ ചൂടൻ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്തുതരാമോയെന്ന് മൊബൈൽ കട നടത്തുന്ന അയാളുടെ അടുത്തുവന്ന് ആൾക്കാർ ചോദിക്കാൻ തുടങ്ങിയത്രേ. അതായിരുന്നു പെട്ടെന്നുള്ള കാരണം. കൊലയ്ക്കുശേഷം അയാളെ പശ്ചാത്താപം തൊട്ടുതീണ്ടിയിട്ടു പോലുമുണ്ടായിരുന്നില്ല. താൻ ചെയ്തത് ഏതോ വീരകൃത്യമാണെന്ന് അയാൾ ഉറപ്പായും വിശ്വസിച്ചു. ആ ഉറപ്പോടെ ജയിലിലേക്കു നടന്നു.

വിവാദങ്ങൾ സൃഷ്ടിച്ച മൂന്നുവർഷങ്ങളാണ് ഫൗസിയയെ സമൂഹ മാധ്യമങ്ങളിലെ താരമാക്കിയത്, പാക്കിസ്ഥാനിലെ ഏറ്റവും ജനപ്രീതിയുള്ള വ്യക്തികളിൽ ഒരാളാക്കിയത്, ദശലക്ഷക്കണക്കിനുപേർ പിന്തുടരുന്ന ട്വിറ്റർ അക്കൗണ്ടിന്റെ ഉടമയാക്കിയത്. പാക്കിസ്ഥാനിലെ യാഥാസ്ഥിതിക സമൂഹം ഒരിക്കലും അംഗീകരിക്കാത്ത ധീരമായ കമന്റുകളും ചിത്രങ്ങളും വിഡിയോകളുമാണ് ഫൗസിയയുടെ ജനപ്രീതി വർധിപ്പിച്ചത്.

പാക്കിസ്ഥാനി ഐഡൽ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ രംഗത്തെത്തിയ ഫൗസിയ 'എന്നെ കാണാൻ എങ്ങനെയുണ്ട്' എന്ന പേരിലുള്ള വിഡിയോയിലൂടെ യുവജനങ്ങൾക്കു സുപരിചിതയായി. കിം കർദാഷിയനുമായാണ് അവർ താരതമ്യം ചെയ്യപ്പെട്ടത്. കർദാഷിയനേക്കാൾ ധൈര്യമുള്ള വ്യക്തിയായും അവർ വാഴ്‌ത്തപ്പെട്ടു. ദിനചര്യകളെക്കുറിച്ചുള്ള അവരുടെ കൊച്ചു കൊച്ചു വിഡിയോകളും ജനങ്ങൾ ഏറ്റെടുത്തു. പ്രശസ്തി വർധിക്കുന്നതനുസരിച്ച് ഫൗസിയയെക്കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകളും പ്രചരിച്ചുതുടങ്ങി. വിവാഹം മറച്ചുവച്ചുവെന്നും ഒളിച്ചോടിയെന്നും മറ്റുമുള്ള പല പല കഥകൾ. അവ അവളെ കുപ്രസിദ്ധയാക്കി. ഒടുവിൽ അപ്രതീക്ഷിതമായി കൊലപാതകവും.

ഖന്ദീലിന്റെ കൊലപാതകം നോവലുമായിയിരുന്നു. സനം മഹറായിരുന്നു ഈ നോവൽ എഴുതിയത്. എ വുമൺ ലൈക്ക് ഹെർ- ദ് ഷോർട് ലൈഫ് ഓഫ് ഖന്ദീൽ ബലോച്ച്. എന്നായിരുന്നു നോവലിന്റെ പേര്.