ദോഹ: തൊഴിലാളികൾക്ക് കടുത്തവേനലിലും സുരക്ഷിതമായും സുഖകരമായും ഇനി ജോലി ചെയ്യാം. ഇതിനായി അത്യാധുനിക സാങ്കേതിക വിദ്യയിൽ ശീതീകരിച്ച ഹെൽമെറ്റ് ഖത്തർ വികസിപ്പിച്ചുകഴിഞ്ഞു.നിർമ്മാണമേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ തൊലിപ്പുറത്തെ താപനില (സ്‌കിൻ ടെമ്പറേച്ചർ) പത്തുഡിഗ്രി സെൽഷ്യൽസ് വരെയായി കുറയ്ക്കാൻ പുതിയ ഹെൽമെറ്റിന് കഴിയും. സൗരോർജത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഹെൽമെറ്റ് ഖത്തർ സർവകലാശാലയിലാണ് വികസിപ്പിച്ചത്.

ദോഹ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു സംഘം ഗവേഷകരാണ് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ആസ്പയർ സോൺ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ ശിതീകരിച്ച ഹെൽമെറ്റ് കണ്ടുപിടിച്ചത്. ഒരോ മണിക്കൂറിലെയും വിയർപ്പിന്റെ തോത്, സൂര്യപ്രകാശം, വായു, കാറ്റ് എന്നിവയുടെ പ്രതിഫലനം തുടങ്ങിയവയെല്ലാം വിലയിരുത്തിയാണ് ഹെൽമെറ്റ് വികസിപ്പിച്ചത്.

അമേരിക്കയിലെ ചൂടുകൂടിയ മേഖലകളിൽ കായികരംഗത്ത് പരിശീലന ആവശ്യ ങ്ങൾക്കായി ഇത്തരം ശിതീകരിച്ച ഹെൽമെറ്റ് ഉപയോഗിച്ചിട്ടുണ്ടെങ്കിലും തൊഴിൽരംഗത്ത് ഇതാദ്യ പരീക്ഷണമാണ്. 2022 ഫിഫ ലോകകപ്പ് പദ്ധതികൾക്കായുള്ള നിർമ്മാണസ്ഥലങ്ങളിലാണ് ഇവ ഉപയോഗിക്കുന്നത്. ഹെൽമെറ്റിന്റെ മുകളിലായി ശീതീകരണത്തിനുള്ള പ്രത്യേകയിനം വസ്തു (പൗച്ച് അടങ്ങിയ ഫെയ്സ് ചേഞ്ചിങ് മെറ്റീരിയൽ) ഘടിപ്പിച്ചിട്ടുണ്ട്. ഈ വസ്തുവാണ് താപനില ഉയരുന്ന സാഹചര്യങ്ങളിൽ തണുപ്പ് നൽകുക. തുടർച്ചയായി നാലു മണിക്കൂർ ഇത് പ്രവർത്തിക്കും. ഇടവേളകളിൽ ഈ പൗച്ച് റഫ്രിജറേറ്റിലേക്ക് മാറ്റുകയും തണുപ്പുനിറഞ്ഞ മറ്റൊരു പൗച്ച് ഹെൽമറ്റിൽ ഉപയോഗിക്കുകയും ചെയ്യാം. ഹെൽമെറ്റിനുള്ളിൽ ചെറിയ ഫാൻ ഘടിപ്പിച്ചിട്ടുണ്ട്.

സൗരോർജം ഉപയോഗിച്ചുള്ള ഫാനിന്റെ പ്രവർത്തനത്തിലൂടെയാണ് തണുപ്പ് ലഭിക്കുന്നത്. തൊഴിലാളിയുടെ മുഖത്തിന് അഭിമുഖമായി, ജോലി ചെയ്യാൻ സുഖകരമായ രീതിയിൽ തണുപ്പ് ലഭ്യമാക്കാൻ ഈ ഹെൽമെറ്റിന് സാധിക്കും. സാധാരണ ഹെൽമെറ്റിനേക്കാൾ 300 ഗ്രാം അധിക ഭാരമാണ് ശിതീകരിച്ച ഹെൽമറ്റിനുള്ളത്. തലയിലെയും മുഖത്തെയും താപനില കുറയുമ്പോൾ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും അത് പ്രതിഫലിക്കുകയും തൊഴിലാളികൾക്ക് ദിവസം മുഴുവൻ സുഖകരമായി ജോലിചെയ്യാനും കഴിയും. സാധാരണ ഹെൽമെറ്റിനേക്കാൾ വിലയിൽ 20 ഡോളർ അധികം വരും.