ദോഹ: നയതന്ത്രമേഖലയിലെ ഒറ്റപ്പെടുത്തലിനു പിന്നാലെ ഖത്തറിലെ പൗരന്മാർക്കു മതപരമായ വിലക്കുകളും ഏർപ്പെടുത്തുന്നു. ഇസ്ലാം മതത്തിലെ ഏറ്റവും പുണ്യ സ്ഥലമായ മക്കയിലെ ഹറം പള്ളിയിൽ പ്രവേശിക്കുന്നതിൽനിന്ന് ഖത്തറിൽനിന്നുള്ള തീർത്ഥാടകരെ സൗദി അധികൃതർ വിലക്കിയതായിട്ടാണു പരാതി. ഇതുസംബന്ധിച്ച് ഖത്തർ പൗരന്മാർ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയതായി ഖത്തറി ദിനപത്രമായ അൽഷാർഖ് റിപ്പോർട്ട് ചെയ്തു.

തീർത്ഥാടനത്തിനായി എത്തുന്ന ഖത്തർ സ്വദേശികളെ സൗദി അധികൃതർ പീഡിപ്പിക്കുകയും ഹറം പള്ളിയിൽ പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തെന്നാണ് പരാതി. മനുഷ്യാവകാശ കൺവെൻഷനുകൾ അനുവദിച്ച മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണിതെന്ന് ഖത്തറിലെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ തലവനായ അലി ബിൻ സ്മെയ്ക്ക് അൽ മാരി അഭിപ്രായപ്പെട്ടു.

ഹറം പള്ളിയിൽ പ്രവേശിക്കുന്നവരുടെ വംശീയത സൗദി അധികൃതർ സാധാരണയായി ചോദ്യം ചെയ്യാറില്ലായിരുന്നു. എന്നാൽ ഖത്തറുമായുള്ള ബന്ധം അവസാനിപ്പിച്ചതിനു പിന്നാലെയാണ് ഇത്തരമൊരു പരിശോധന ആരംഭിച്ചത്. തെന്നും മനുഷ്യാവകാശ കമ്മീഷൻ പറയുന്നു. സമൂഹമാധ്യമങ്ങളിൽ ഖത്തറിന് അനുകൂലമായ അഭിപ്രായ പ്രകടനം നടത്തുന്ന സൗദി പൗരന്മാർ ശിക്ഷിക്കപ്പെടുമെന്ന വാർത്ത വന്നതിനു പിന്നാലെയാണ് ഈ സംഭവങ്ങളും റിപ്പോർട്ടു ചെയ്യപ്പെട്ടത്.

ഖത്തറിനു മേലുള്ള ഉപരോധം എല്ലാ തലത്തിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സൗദിയുടെ നടപടിയെന്നാണ് ഖത്തറിലെ മാധ്യമങ്ങളുടെ വിലയിരുത്തൽ. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾ സ്വീകരിക്കുന്നു എന്നാരോപിച്ചാണ് സൗദി അറേബ്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചത്. തുടർന്ന് ഖത്തറിലേക്കുള്ള എല്ലാ ഗതാഗത മാർഗങ്ങളും അടച്ചിട്ട ഈ രാജ്യങ്ങൾ ഖത്തർ പൗരന്മാർക്കും വിലക്കേർപ്പെടുത്തിയിരുന്നു.

എന്നാൽ തീവ്രവാദത്തിനെതിരെയുള്ള തങ്ങളുടെ നിലപാടുകൾ വളരെ ശക്തമാണെന്നാണ് ഖത്തർ അവകാശപ്പെടുന്നത്. തീവ്രവാദികളുടെ അജണ്ടകളെ വെല്ലുവിളിക്കാൻ ജനങ്ങൾക്ക് തൊഴിൽ നൽകുകയും ആയിരക്കണക്കിന് സിറിയൻ പൗരന്മാർക്ക് വിദ്യാഭ്യാസം നൽകുകയും ചെയ്യുന്ന രാജ്യമാണിതെന്നും ഖത്തർ അവകാശപ്പെടുന്നു.