- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുരിദാർ ധരിച്ച് വിമാനയാത്രക്കെത്തിയ യുവതിക്ക് യാത്ര നിഷേധിച്ചു; ശ്രീലങ്കൻ എയർവേസിനെതിരെ പരാതിയുമായി കൂത്താട്ടുകുളം സ്വദേശിനി; സീറ്റുപോലും അനുവദിച്ച ശേഷം യാത്ര നിഷേധിച്ചത് വ്യക്തമായ കാരണം പറയാതെ; മോശമായി പെരുമാറിയത് തന്റെ ഐഡന്റിറ്റി മനസിലാക്കാതെ
കൊച്ചി: ചുരിദാർ ധരിച്ച് യാത്ര ചെയ്യാനെത്തിയതിനാൽ വിമാനച്ചിൽ യാത്ര നിഷേധിച്ചതായി യുവതിയുടെ പരാതി.സ്വിസ് പൗരത്വമുള്ള കൂത്താട്ടുകുളം സ്വദേശിനിയായ ബിബിയ സൂസൻ കക്കാട്ടാണ് പരാതിയുമായി രംഗത്ത് വന്നത്. സൂറിച്ചിൽ വിദ്യാർത്ഥിനിയാണ് ബിബിയ.തനിക്ക് യാത്ര നിഷേധിച്ചതിൽ കൃത്യമായ കാരണം പോലും ശ്രീലങ്കൻ എയർവേയ്സ് വ്യക്തമാക്കിയിട്ടില്ലെന്ന് ബിബിയ പറയുന്നു.സ്വന്തം വിവാഹത്തിനായാണ് ബിബിയ നാട്ടിലെത്തിയത്.സ്വിസിലേക്കുള്ള തിരിച്ചു യാത്രക്കിടെയാണ് ദുരനുഭവം.
കോളജിൽ അത്യാവശ്യമായി എത്തേണ്ടതിനാണ് മടങ്ങിപ്പോകാൻ വിമാനത്താവളത്തിൽ എത്തിയത്.ഓൺലൈൻ വഴി ഖത്തർ എയർവേയ്സാണ് ടിക്കറ്റ് നൽകിയത്. ടിക്കറ്റുണ്ടായിട്ടും യാത്ര നിഷേധിച്ചതിനെതിരെ ഖത്തർ എയർവേയ്സ്, ശ്രീലങ്കൻ എയർവേയ്സ് എന്നിവർക്കെതിരെ ബിബിയ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.'കൊച്ചിയിൽനിന്നു ശ്രീലങ്ക - ഖത്തർ - സൂറിച്ച് യാത്രയ്ക്കുള്ള ടിക്കറ്റാണ് ബുക്ക് ചെയ്തിരുന്നത്. നിങ്ങൾ ഖത്തർ എയർവേയ്സിന്റെ ടിക്കറ്റാണ് എടുത്തിരിക്കുന്നത്, അതുകൊണ്ട് യാത്ര ചെയ്യാനാവില്ലെന്ന് ശ്രീലങ്കൻ എയർവേയ്സ് തീർത്തു പറഞ്ഞു.
എനിക്കു സീറ്റ് നമ്പർ വരെ തന്നിരുന്നു. എന്നിട്ടും യാത്ര ചെയ്യാൻ പറ്റില്ല എന്നു പറയുന്നതിന്റെ കാരണം എഴുതിത്ത്ത്ത്ത്തരണമെന്നു പറഞ്ഞെങ്കിലും അവർ തയാറായില്ല. എങ്കിൽ കൊളംബോ വരെ വിടാൻ പറഞ്ഞു. അപ്പോൾ നിങ്ങൾ ഇന്ത്യനാണ്, പോകാൻ പറ്റില്ല എന്നാണ് പറഞ്ഞത്. സ്വിസ് സിറ്റിസൺ ആണ് എന്നു പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല.ഖത്തർ എയർവേയ്സുമായി സംസാരിക്കാൻ പറഞ്ഞപ്പോൾ അതു ഞങ്ങളുടെ പ്രശ്നമല്ല, നിങ്ങളുടെ പ്രശ്നമാണ്, ആരോടാണ് എന്നു വച്ചാൽ സംസാരിച്ചുകൊള്ളാൻ പറഞ്ഞു.
ചുരിദാറിട്ട് ഒരു സാധാരണ പെൺകുട്ടിയായാണ് വിമാനത്തിൽ കയറാൻ പോയത്. ഏതോ നാട്ടിൻപുറത്തുള്ള പെൺകുട്ടിയാണെന്നാണ് അവർ ആദ്യം കരുതിയത്. പിന്നെയാണ് ഞാൻ സ്വിസ് സിറ്റിസൺ ആണെന്ന് അവർക്കു മനസ്സിലായത്. അതേസമയം തന്നെ മറ്റൊരാളോട്, ആരോടും ഒന്നും പറയരുത്, സ്വന്തം റിസ്കിൽ കയറ്റുകയാണ് എന്നു പറയുന്നതു കേട്ടു. അദ്ദേഹം നല്ല വേഷം ധരിച്ചാണു വന്നത്.
മറ്റു നിവൃത്തിയില്ലാതെ വന്നതോടെ ഇന്ത്യയിലെ സ്വിസ് എംബസിയിൽ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. എംബസി ഉദ്യോഗസ്ഥൻ കൗണ്ടറിൽ ഇരുന്നവർക്കു ഫോൺ കൊടുക്കാൻ പറഞ്ഞെങ്കലും സ്വീകരിക്കാൻ ശ്രീലങ്കൻ എയർലൈൻ ജീവനക്കാർ തയാറായില്ല. ലൗഡ് സ്പീക്കറിലിട്ട്, എന്താണു പ്രശ്നമെന്ന് ഉദ്യോഗസ്ഥൻ ചോദിച്ചിട്ടും മറുപടി പറയാൻ തയാറായില്ല.
ഇതിനിടെ സഹോദരൻ സംഭവം വിമാനത്താവളത്തിലെ പൊലീസിനെ വിളിച്ചു പറഞ്ഞു. പൊലീസ് എത്തിയ ശേഷമാണ് അവർ സംസാരിക്കാൻ തയാറായത്. രണ്ട് എയർലൈൻസിനോടും ചോദിക്കുമ്പോൾ അറിയില്ല, റീഫണ്ട് തരില്ല എന്നാണ് പറഞ്ഞത്. യാത്ര നിഷേധിച്ചതു കാണിച്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും ബിബിയ പറഞ്ഞു.
എംബസിയുമായി സംസാരിച്ചപ്പോഴാണ് ഇരു കമ്പനികളും തമ്മിലുള്ള കോഡ് ഷെയറിങ് കാൻസൽ ചെയ്തിരിക്കുകയാണ് എന്ന വിവരം അറിയാനായത്. എയർ ബബിൾ കരാർ ആണ് എന്നെല്ലാമാണ് ആദ്യമൊക്കെ എന്നോടു പറഞ്ഞത്.ഒടുവിൽ കൂടിയ നിരക്കിൽ മറ്റൊരു കമ്പനിയുടെ ടിക്കറ്റെടുത്താണ് സൂറിച്ചിലേക്കു പോയത്.
എന്നാൽ യാഥാർത്ഥ വില്ലൻ വസ്ത്രമല്ലെന്നും ബബിൾ കോഡ് ഷെയറിങ് കരാറാണെന്നും ഇ രംഗത്തെ വിദഗ്ദ്ധർ പറയുന്നു.കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന റൂട്ടുകൾ തുറന്നു നൽകുന്നതിനു പകരം ബബിൾ കോഡ് ഷെയറിങ് കരാറാണ് ഇപ്പോഴും നിലനിൽക്കുന്നത്. ടിക്കറ്റ് എടുക്കുമ്പോൾ ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ് ബബിൾ എഗ്രിമെന്റ് ഉള്ളത് എന്നു കൃത്യമായി പരിശോധിക്കാതിരുന്നതാണ് യാത്രകളിൽ ഇത്തരം തടസ്സങ്ങളുണ്ടാകുന്നതെന്ന് ഈ മേഖലയിൽ പ്രവർത്തന പരിചയമുള്ളവർ വ്യക്തമാക്കുന്നു.
ഉയർന്ന വിമാനയാത്രാ നിരക്കിനു കാരണവും ഇതേ കരാർ നിലനിൽക്കുന്നതാണ്. ശ്രീലങ്കൻ എയർവേയ്സിൽ യാത്രയ്ക്ക് ഖത്തർ എയർവേയ്സ് ടിക്കറ്റ് നൽകിയതാണ് ഇവിടെ പെൺകുട്ടിയുടെ യാത്രയ്ക്ക് തടസ്സമായതെന്നും ഉപഭോക്തൃകോടതിയെ സമീപിച്ചാൽ നഷ്ടപരിഹാരം ഉൾപ്പെടെ ഇവർ പെൺകുട്ടിക്കു നൽകേണ്ടി വരുമെന്നും അവർ പറയുന്നു
മറുനാടന് മലയാളി ബ്യൂറോ