മുംബൈ: ഇന്ത്യയിൽ ആഭ്യന്തര സർവീസ് ആരംഭിക്കാനുള്ള ഖത്തർ എയർവേയ്സിന്റെ തീരുമാനത്തിനെതിരെ ഇന്ത്യൻ വിമാന കമ്പനികളുടെ സംഘടന രംഗത്തുവന്നത് അടുത്തിടെയാണ്. തുടക്കത്തിൽ തന്നെ ഉയർന്ന ഈ എതിർപ്പിനെ മറികടന്ന് ഇന്ത്യയിൽ ആഭ്യന്തര വിമാന സർവീസ് തുടങ്ങാൻ ഒരുങ്ങുകയാണ് ഖത്തർ എർവേസ്. അധികം താമസിയാതെ തന്നെ ഖത്തർ എയർവേസ് സർവീസ് ആരംഭിച്ചു തുടങ്ങും. എന്നാൽ വിദേശ കമ്പനികൾ ഇന്ത്യയിൽ ആഭ്യന്തര സർവീസ് തുടങ്ങുമ്പോൾ ഏറ്റവും ക്ഷീണം ചെയ്യുക എയർ ഇന്ത്യയ്ക്ക് തന്നെയാകും. ഖത്തർ എയർവേസിന് പുറമേ മറ്റു ചില കമ്പനികളും വിമാന സർവീസ് ആരംഭിക്കാൻ ഒരുങ്ങുകയാണ്.

ഇന്ത്യയിൽ വിദേശ വിമാനകമ്പനികളുടെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രവർത്തനം ശക്തിപ്പെടുത്താൻ മറ്റു ചില കമ്പനികളും രംഗത്തുണ്ട്. ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിന് മലേഷ്യൻ ബജറ്റ് വിമാന കമ്പനിയായ എയർ ഏഷ്യയുമായി ചേർന്നാണ് ടാറ്റ സർവീസ് ആരംഭിക്കുന്നത്. വിസ്താര എന്ന പേരിൽ അറിയപ്പെടുന്ന കമ്പനി ആഭ്യന്തര സർവീസ് ആരംഭിക്കുന്നതോടെ ആഭ്യന്തര വിമാനയാത്രാ നിരക്കുകൾ കുറയുമെന്നാണ് അറിയുന്നത്.

ആറ് പതിറ്റാണ്ടിന് ശേഷമാണ് ടാറ്റ് വ്യോമയാന മേഖലയിലേക്ക് വീണ്ടും രംഗപ്രവേശം ചെയ്യുന്നത്. ഡൽഹിയിൽ നിന്ന് മുംബൈയിലേക്കാണ് ആദ്യ സർവീസ്. ടാറ്റാ സൺസ് 1938ൽ ആരംഭിച്ച വിമാനക്കമ്പനിയാണ് 1948 ൽ കേന്ദ്ര സർക്കാർ ഏറ്റെടുത്ത് എയർഇന്ത്യയാക്കി മാറ്റിയത്. പിന്നീട് വ്യോമയാന മേഖലയിൽ നിന്ന് ഏറെ നാൾ വിട്ടു നിന്ന ടാറ്റ എയർ ഏഷ്യയുമായി സഹകരിച്ച് ആഭ്യന്തര വിമാന സർവീസ് മേഖലയിൽ സജീവമായി. ഇപ്പോൾ ആരംഭിച്ചിരിക്കുന്ന വിസ്താര എയർലൈൻസ് ടാറ്റയ്ക്ക് ഓഹരി മേൽക്കൈയുള്ള കമ്പനിയാണ്.

ജെറ്റ് എയർവേസും ഇത്തിഹാദും ചേർന്ന് മറ്റൊരു കമ്പനിയും രൂപീകരിക്കാൻ ഒരുങ്ങുകയാണ്. അതേസമയം സ്‌പൈസ് ജെറ്റ്, ഇൻഡിഗോ എയർലൈൻ, ഗോ എയർ എന്നിവരും വിദേശനിക്ഷേപ നയത്തിൽ മാറ്റം ആവശ്യപ്പെട്ടിട്ടുണ്ട്. 100 ശതമാനം നിക്ഷേപം ഏർപ്പെടുത്താനുള്ള നീക്കം ഗുണം ചെയ്യില്ലെന്നാണ് ഇവരുടെ ആവശ്യം. നേരത്തെ ഖത്തർ എയർവേസ് ആഭ്യന്തര സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്ന ഘട്ടത്തിലും വിമാനകമ്പനികൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.

ഇന്ത്യയിൽ പുതിയ കമ്പനി രൂപീകരിച്ച് ആഭ്യന്തര സർവീസുകൾ തുടങ്ങാനും ഒപ്പം വിദേശ രാജ്യങ്ങളിലേക്ക് സർവീസ് തുടങ്ങാനും തീരുമാനിച്ചതായി ഖത്തർ എയർവെയ്സ് സിഇഒ അക്‌ബർ അൽ ബേക്കർ നേരത്തെ അറിയിച്ചിരുന്നു. പ്രഖ്യാപനം വന്നതിന് പിന്നാലെ ഇന്ത്യയിലെ പ്രമുഖ വിമാന കമ്പനികളുടെ മേധാവികൾ ഇതിനെതിരെ നീക്കങ്ങൾ ആരംഭിച്ചിരുന്നു.

വിഷയം കോടതിയുടെ മുന്നിൽ കൊണ്ടുവരുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസും അറിയിച്ചിട്ടുണ്ട്. വിദേശ കമ്പനികൾക്ക് രാജ്യത്തെ സിവിൽ വ്യോമയാന മേഖലയിൽ 100 ശതമാനം നിക്ഷേപം അനുവദിക്കുന്ന നിയമ ഭേദഗതി ഫെഡറേഷന്റെ എതിർപ്പിനെ തുടർന്ന് മാറ്റിവെച്ചിരുന്നു.