ത്തറിൽ അനധികൃത താമസക്കാർക്ക് രാജ്യംവിടാനുള്ള മൂന്നുമാസത്തെ പൊതുമാപ്പ് ഇന്ന് നിലവിൽ വരും.പൊതുമാപ്പിന്റെ ആനുകൂല്യം കൂടുതൽ പേരിൽ എത്തിക്കാൻ ആഭ്യന്തര മന്ത്രാലയം ബോധവത്കരണം ശക്തമാക്കി. സെപ്റ്റംബർ ഒന്നു മുതൽ ഡിസംബർ ഒന്നുവരെ മൂന്നു മാസമാണ് പൊതു മാപ്പിന്റെ കാലാവധി.താമസ രേഖകൾ ഇല്ലാത്തവരും കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്തതുമായ മുഴുവൻ വിദേശികൾക്കും തടവോ പിഴയോ ഇല്ലാതെ രാജ്യം വിടാൻ അനുവദിക്കുന്നതാണ് മൂന്നു മാസത്തെ പൊതുമാപ്പ് കാലയളവ്.

ആഭ്യന്തര മന്ത്രാലയത്തിലെ സേർച്ച് ആൻഡ് ഫോളോ അപ്പ് വകുപ്പിലാണ് വ്യാഴാഴ്ച മുതൽ പൊതുമാപ്പിന്റെ നടപടിക്രമങ്ങൾ തുടങ്ങുന്നത്. അനധികൃതമായി താമസിക്കുന്ന പ്രവാസികൾ എല്ലാ ആഴ്ചകളിലും ഞായർ മുതൽ വ്യാഴം വരെ ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി എട്ട് മണി വരെയാണ് സൽവ റോഡിലെ സേർച്ച് ആൻഡ് ഫോളോ അപ്പ് വകുപ്പിനെ സമീപിക്കേണ്ടത്.

പാസ്പോർട്ട്, അതത് എംബസികളിൽനിന്നും ലഭിച്ച ഔട്ട് പാസ് രേഖ ഉൾപ്പെടെയുള്ള യാത്രാ രേഖകൾ, രാജ്യത്തേക്ക് പ്രവേശിച്ച സമയത്തെ ഓപ്പൺ വിമാനടിക്കറ്റ് അല്ലെങ്കിൽ വിസ കോപ്പി എന്നിവയുമായി വേണം വകുപ്പിനെ സമീപിക്കാൻ. ഈ മാസം 24നാണ് മൂന്നുമാസത്തെ കാലാവധിയിൽ അനധികൃതമായി താമസിക്കുന്ന പ്രവാസികൾക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചത്.

അറബിക്, ഇംഗ്ലീഷ്, ഹിന്ദി, നേപ്പാളി, ഉറുദു, തമിഴ്, ടാഗലോഗ്, സിംഹള, മലയാളം, ഇൻഡോനീഷ്യൻ, ബംഗാളി എന്നീ പതിനൊന്ന് ഭാഷകളിലായി പൊതുമാപ്പിന്റെ നോട്ടീസ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുമുണ്ട്. ഏകദേശം 90 ശതമാനത്തിലധികം ഏഷ്യൻ പ്രവാസി സമൂഹത്തിനിടയിൽ പൊതുമാപ്പ് ഉത്തരവ് ലഭ്യമായിട്ടുണ്ടെന്ന് മന്ത്രാലയം വക്താവ് പറഞ്ഞു. കമ്പനികൾക്കും പ്രവാസി സംഘടനാ പ്രതിനിധികൾക്കും ഉൾപ്പെടെ 73,000ത്തോളം ഇ-മെയിലുകളും അയച്ചിട്ടുണ്ട്.

സ്വദേശത്തേക്ക് മടങ്ങാനുള്ള അപേക്ഷ നൽകി മൂന്ന് ദിവസത്തിന് ശേഷം അപേക്ഷകന് വിമാനടിക്കറ്റും ഓഫീസിൽ നിന്നും ലഭിക്കും. പ്രവാസികളുടെ രാജ്യത്തേക്കുള്ള വരവും പോക്കും താമസവും സംബന്ധിച്ച 2009ലെ നാലാം നമ്പർ നിയമം ലംഘിച്ചവർക്കാണ് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുന്നത്.

നിയമലംഘനത്തിന്റെ എല്ലാവിധ ശിക്ഷാനടപടികളിൽനിന്നും പൂർണമായും ഒഴിവായി ക്കൊണ്ട് ഇവർക്ക് സ്വദേശത്തേക്ക് മടങ്ങാം. സന്ദർശന വിസയിലെത്തി പിന്നീട് വിസ പുതുക്കാൻ കഴിയാതെവന്ന കുടുംബങ്ങൾ, പല കാരണങ്ങളാൽ താമസരേഖ പുതുക്കാൻ കഴിയാത്തവർ, നിയമ വിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചവർ, പാസ്പോർട്ടും താമസ രേഖകളും നഷ്ടപ്പെട്ടവർ, ജോലി സ്ഥലത്ത് നിന്നും ഒളിച്ചോടി മറ്റിടങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവർക്കാണ് പൊതുമാപ്പ് ലഭിക്കുന്നത്. മതിയായ രേഖകളില്ലാത്തതിനാൽ ശിക്ഷാനടപടികൾ ഭയന്ന് നാട്ടിലേക്ക് പോകാൻ കഴിയാതെ പലയിടങ്ങളിലായി ഒളിച്ചുതാമസിക്കുന്നവർക്കും പൊതുമാപ്പിന്റെ ഇളവിൽ സ്വദേശത്തേക്ക് മടങ്ങാം.

12 വർഷത്തിന് ശേഷമാണ് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്. ഖത്തറിന്റെ ചരിത്രത്തിലെ മൂന്നാമത്തെ പൊതുമാപ്പാണിത്. 2004-ൽ പ്രഖ്യാപിച്ച പൊതുമാപ്പിലൂടെ ആറായിരത്തിലധികം അനധികൃത താമസക്കാരാണ് സ്വദേശത്തേക്ക് മടങ്ങിയത്.