ത്തറിൽ പ്രധാന കുറ്റകൃത്യങ്ങളുടെ നിരക്കിൽ 49.0 ശതമാനം കുറവ് സംഭവിച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകളാണ് ഈ വിവരം വ്യക്തമാക്കുന്നത്. സുരക്ഷാ ഏജൻസികളിൽ എത്തുന്ന പരാതികളുടെ എണ്ണത്തിലും കുറവുണ്ടായതായാണ് ആഭ്യന്തര മന്ത്രാലയം റിപ്പോർട്ടു ചെയ്യുന്നത്. ഇതോടെ ഗ്ലോബൽ പീസ് ഇൻഡെക്‌സിൽ മിഡിൽ ഈസ്റ്റ് മേഖലയിലെ സമാധാന ജീവിതമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ മുൻനരയിൽ എത്തി.

പ്രധാന കുറ്റകൃത്യങ്ങളായ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കവർച്ച, തീവെപ്പ്, അക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലാണ് കുറവ് വന്നിരിക്കുന്നത്. ആത്മഹത്യാ നിരക്ക് ലോക നിലവാരത്തേക്കാൾ 97.5 ശതമാനം കുറവാണ്. അതേസമയം, സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോൾ വേണ്ടത്ര ശ്രദ്ധ പുലർത്താത്തതാണ് ഇതിനുള്ള കാരണമായി ചുണ്ടിക്കാണിക്കുന്നത്.

ഭിക്ഷാടകർക്കെതിരെ നടത്തിയ പ്രചരണത്തിൽ 590 പേരെയാണ് പിടികൂടിയത്. മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട് 8900 പേരെയാണ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ഥാപനങ്ങളുടേയും വ്യക്തികളുടെയും അടക്കമുള്ള എണ്ണമാണിത്. മയക്കുമരുന്ന് കടത്തു തടയുവാനുള്ള പ്രവർത്തനങ്ങൾ ലോകരാജ്യങ്ങളുടെ സഹായത്തോടെ വിജയകരമായി നടപ്പിലാക്കാൻ കഴിയുന്നതായാണ് ആഭ്യന്തര മന്ത്രാലയം റിപ്പോർട്ടു ചെയ്യുന്നത്. അതോടൊപ്പം ഗതാഗത നിയമ ലംഘനങ്ങളുടെ എണ്ണത്തിലും വൻകുറവാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ 2015ലെ സുരക്ഷാസേവന വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. റോഡപകട മരണനിരക്ക് 4.8 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്.

കരുതൽ തടങ്കലിൽ കഴിയുന്ന 10,068 പേർക്ക് ഖത്തറിൽ നിന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതിന് എയർടിക്കറ്റുകൾ നൽകിയിട്ടുണ്ട്. സുരക്ഷയും സമാധാന ജീവിതവുമുള്ള മിഡിൽ ഈസ്റ്റിലെ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനമാണ് ഖത്തറിനുള്ളത്. കഴിഞ്ഞ അഞ്ച് വർഷമായി ഇതേ സ്ഥാനത്തുതന്നെ തുടരുകയാണ്. ലോകത്തിലെ തന്നെ സുരക്ഷിതമായ രാജ്യങ്ങളിലൊന്നായാണ് ഗ്ലോബൽ പീസ് ഇൻഡക്‌സ് ഖത്തറിനെ കണക്കാക്കുന്നത്. ജനസംഖ്യ 9.2 ശതമാനം കൂടുമ്പോഴും കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കുറവാണ്.