ഷോപ്പിങിനും മറ്റും പോകുമ്പോഴാണ് അശ്രദ്ധമായി പൂരിപ്പിച്ച് നൽകുന്ന ഫോമുകളിൽ ഉപയോഗിക്കുന്ന നമ്പറും ഇമെയ്ൽ ഐഡികളും ഒക്കെ വഴി നിരവധി മാർക്കറ്റിങ് മെയ്‌ലുകൾ വരാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ ഇത്തരം അനാവശ്യ മെസേജിനും മെയ്‌ലുകൾക്കും നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുകയാണ് ഖത്തർ. ഡാറ്റാ പ്രൈവസി നിയമത്തിന്റെ പരിധിയിൽ നിന്നാണ് നിർദേശങ്ങൾ രൂപീകരിച്ചിരിക്കുന്നത്.

നിയമത്തിൽ ഇലക്ട്രോണിക് രീതിയിൽ ശേഖരിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്തിട്ടുള്ള വിവരങ്ങളുടെ സ്വകാര്യത കാത്ത് സൂക്ഷിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. നിയമം ഉപദേശ സമിതിക്ക് വിട്ട് നൽകിയിരിക്കുകയാണ്. വ്യക്തികളുടെ മുൻകൂർ അനുമതി ഇല്ലാതെ മാർക്കറ്റിങ് സന്ദേശങ്ങൾ അയക്കരുതെന്ന് നിർദ്ദേശം വ്യക്തമാക്കുന്നു. മറ്റ് രാജ്യങ്ങളിലെ സമാന ചട്ടങ്ങളുടെ ചുവട് പിടിച്ചാണിത്. ഉപഭോക്താക്കൾ ഇക്കാര്യത്തിൽ എന്ത് വേണമെന്ന് തീരുമാനിക്കട്ടെയെന്നാണ് അധികൃതരുടെ നിലപാട്.

ഖത്തറിലെ ഉപഭോക്താക്കൾ പലപ്പോഴും കാഷിയർമാരും മറ്റും പറയുന്ന ഫോമുകളിൽ ഈമെയിൽ മൊബൈൽ നമ്പറുകൾ എഴുതി നൽകുകയും ഇത് വഴി അനാവശ്യമാർക്കറ്റിങ് മേസേജുകൾ ലഭിക്കുന്നതിന് സാഹചര്യമൊരുക്കുകയും ചെയ്യുന്നുണ്ടെന്ന് ടെലികോം കമ്പനിയായ ഊറിഡോ വ്യക്തമാക്കുന്നു. ഷോപ്പിങിനും മറ്റും പോകുമ്പോഴാണ് അശ്രദ്ധമായി പൂരിപ്പിച്ച് നൽകുന്ന ഫോമുകളിലെ മാർക്കറ്റിങ് തന്ത്രത്തിൽ ഉപഭോക്താക്കൾ പെട്ട് പോകുന്നത്. റീട്ടെയിലർമാർ വലിയൊരു ശൃംഖലയുടെ ഭാഗമാകുന്നതിനാൽ ഈ വിവരങ്ങൾ എല്ലാവർക്കും ലഭ്യമാകും.