- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ മലയാളികളടക്കം 11 പേർ മരിച്ച ഗറാഫ ഗ്യാസ് ദുരന്തം: നാല് പ്രതികൾക്ക് തടവുശിക്ഷ
ദോഹ: മൂന്ന് മലയാളികൾ അടക്കം 11 പേരുടെ മരണത്തിന് ഇടയാക്കിയ ഗറാഫ ഗ്യാസ് ദുരന്തത്തിലെ നാലു പ്രതികൾക്ക് ദോഹ ക്രമിനൽ കോടതി തടവ് ശിക്ഷ വിധിച്ചു. രണ്ടുമുതൽ അഞ്ചുവർഷം വരെയാണ് ഓരോരുത്തർക്കും ശിക്ഷ വിധിച്ചത്. കേസിലെ ആദ്യ രണ്ട് പ്രതികളായ ഖത്തർ ഗ്യാസ് എന്ന സ്വകാര്യ ഗ്യാസ് ഏജൻസി ജനറൽ സൂപ്പർവൈസറായ ഈജിപ്ത് സ്വദേശി, പൊതുമേഖല എണ്ണപാചകവാതക കമ്പനിയ
ദോഹ: മൂന്ന് മലയാളികൾ അടക്കം 11 പേരുടെ മരണത്തിന് ഇടയാക്കിയ ഗറാഫ ഗ്യാസ് ദുരന്തത്തിലെ നാലു പ്രതികൾക്ക് ദോഹ ക്രമിനൽ കോടതി തടവ് ശിക്ഷ വിധിച്ചു. രണ്ടുമുതൽ അഞ്ചുവർഷം വരെയാണ് ഓരോരുത്തർക്കും ശിക്ഷ വിധിച്ചത്.
കേസിലെ ആദ്യ രണ്ട് പ്രതികളായ ഖത്തർ ഗ്യാസ് എന്ന സ്വകാര്യ ഗ്യാസ് ഏജൻസി ജനറൽ സൂപ്പർവൈസറായ ഈജിപ്ത് സ്വദേശി, പൊതുമേഖല എണ്ണപാചകവാതക കമ്പനിയായ വുഖൂദിലെ സൂപ്പർവൈസറായ ഇന്ത്യക്കാരനും അഞ്ച് വർഷം വീതമാണ് തടവ് വിധിച്ചത്. സ്‌ഫോടനം നടന്ന ഇസ്താംബൂൾ റസ്റ്റോറന്റിലെ ബെയ്ക്കർ, അകൗണ്ടന്റ് എന്നിവർക്ക് രണ്ടുവർഷം വീതവും തടവുശിക്ഷ വിധിച്ചു.
റസ്റ്റോറന്റ് ജീവനക്കാർ തുർക്കിസ്വദേശികളാണ്. സംഭവം നടന്ന് ഒന്നേകാൽ വർഷത്തിന് ശേഷമാണ് കോടതിവിധിയുണ്ടാകുന്നത്. തടവുശിക്ഷക്ക് പുറമെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് ദയാധനവും പരിക്കേറ്റവർക്ക് നഷ്ടപരിഹാരവും നൽകാനും കോടതി ഉത്തരവിട്ടുണ്ട്. 12,000 ഖത്തർ റിയാൽ വരെ നൽകാനാണ് കോടതി നിർദേശിച്ചിരിക്കുന്നതെന്ന് പ്രമുഖ ഓൺലൈൻ പോർട്ടൽ റിപ്പോർട്ട് ചെയ്തു. ദശലക്ഷ കണക്കിന് റിയാൽ നഷ്ടപരിഹാരം വേണമെന്നാണ് ഇരകളുടെ ബന്ധുക്കൾ കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്.
2014 ഫെബ്രുവരി 27നുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് മലയാളികളുമടക്കം ആന്ധ്ര സ്വദേശികളും അഞ്ച് ഇന്ത്യക്കാരാണ് മരിച്ചത്. ഗറാഫ ലാന്റ്മാർക്ക് പെട്രോൾ സ്റ്റേഷന് സമീപം ഇസ്താംബുൾ റസ്റ്റോറന്റിന്റെ മേൽക്കൂരയിൽ സ്ഥാപിച്ച ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് ജില്ലയിലെ തിക്കോടി വടക്കെ മുല്ലമറ്റത്ത് മഹ്മൂദിന്റെ മകൻ പടിഞ്ഞാറെ ആനക്കണ്ടി സകരിയ്യ (33) കൊയിലാണ്ടി മുചുകുന്ന് കിഴക്കേ മനോളി സുലൈമാന്റെ മകൻ റിയാസ് (34) മലപ്പുറം എടവണ്ണപ്പാറ ചീക്കോട് പാലങ്ങാട് അബ്ദുൽ സലീം (35) എന്നിവരാണ് മരിച്ച മലയാളികൾ.
അഞ്ച് ഇന്ത്യാക്കാർക്ക് പുറമെ നാല് നേപ്പാളികളും രണ്ട് ഫിലിപ്പീൻസ് സ്വദേശികളുമാണ് കൊല്ലപ്പെട്ടത്. സമീപത്ത് പ്രവർത്തിച്ചിരുന്ന മലയാളികളുടെ ഉടമസ്ഥതയിലുള്ള ടേസ്റ്റി ഹോട്ടലിലെ ജോലിക്കാരായിരുന്നു മരിച്ച മലയാളികൾ. ഇവിടെ ജോലി ചെയ്യുന്ന നാല് നേപ്പാളികളും മരിച്ചവരിൽപെടും. നിരവധി മലയാളികളുടെ കടകൾ പ്രവർത്തിക്കുന്ന പ്രദേശം കൂടിയായിരുന്നു അപകടമുണ്ടായ സ്ഥലം.
പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് നാലു വിദേശികൾക്കെതിരെ മാത്രമാണ് കേസെടുത്തത്. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയും വാദം വിശദമായി കേട്ടശേഷമാണ് ക്രിമിനൽ കോടതി ജഡ്ജി വിധി പ്രസ്താവിച്ചത്. ദുരന്തത്തിന് കാരണം ഹോട്ടലിൽ ഉപയോഗിച്ചിരുന്ന ഓവന്റെ ഗ്യാസ് വാൾവ് അടയ്ക്കാഞ്ഞതാണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടത്തെിയിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യ, മനഃപൂർവമല്ലാതെയേ അവിചാരിതമായോ അപായപ്പെടുത്തൽ, വസ്തുവകകൾക്ക് നാശനഷ്ടം വരുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ പ്രധാനമായും ചുമത്തിയത്.
ഇതിന് പുറമെ അപകടമുണ്ടായതിൽ ഓരോരുത്തരുടെ പങ്കും കുറ്റപത്രത്തിൽ വ്യക്തമായി വിശദീകരിച്ചിരുന്നു. റസ്റ്റോറന്റിലെ അറ്റകുറ്റപ്പണികൾ തീരുന്നതുവരെ വുഖൂദ് ഗ്യാസ് വിതരണം ചെയ്യുന്നത് നിർത്തിവെക്കണമെന്ന് ഡിപ്പാർട്ട്‌മെന്റിനെ അറിയിക്കാതിരുന്നതാണ് ഇന്ത്യക്കാരനായ സൂപ്പർവൈസർക്കെതിരായ കുറ്റാരോപണം. അറ്റകുറ്റപ്പണികൾക്ക് ശേഷം പരിശോധന കൂടാതെ പുതിയ ഗ്യാസ് ലൈൻ കണക്ഷൻ നൽകി അശ്രദ്ധ കാണിച്ചതിനാണ് ഗ്യാസ് ഏജൻസി ജീവനക്കാരനായ ഈജിപ്ത് സ്വദേശിക്കെതിരെ കുറ്റം ചുമത്തിയത്. ഓവന്റെ വാൽവ് ശരിയായി അടക്കുന്നതിൽ വീഴ്ച വരുത്തിയതാണ് തുർക്കിഷ് റെസ്റ്റോറന്റിലെ ബെയ്ക്കർക്കെതിരെയുള്ള കുറ്റം. റസ്റ്റോറന്റിലെ മുഴുവൻ ഗ്യാസ് വാൽവുകളും ശരിയായ രീതിയിൽ അടച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ട കടമ നിർവഹിക്കാതിരുന്നതാണ് അകൗണ്ടന്റിനെതിരെയുള്ള കുറ്റാരോപണം. നാലുപേരും തങ്ങൾക്കെതിരായ ആരോപണങ്ങൾ കോടതിയിൽ നിഷേധിച്ചിരുന്നു.
ഈ നാല് പേർക്കുമെതിരായ പ്രോസിക്യൂഷൻ വാദങ്ങൾ കോടതി വിശദമായി പരിശോധിച്ച്, സാക്ഷിമൊഴികൾകേട്ടശേഷമാണ് വിധി പ്രസ്താവിച്ചത്.കോടതിവിധിക്കെതിരെ പ്രതികൾ അപ്പീൽ നൽകുമെന്നാണ് സൂചന.