ദോഹ: സന്നദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അനധികൃതമായി പണപ്പിരിവ് നടത്തുന്നവരും മന്ത്രവാദത്തിലൂടെ രോഗശാന്തി വരുത്താമെന്ന് അവകാശപ്പെടുന്നവരും ഇനി കുറ്റക്കാർ. 2004ലെ 11-ാം നമ്പർ ക്രിമിനൽ നിയമത്തിൽ ഭേദഗതി വരുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതോടെയാണ് ഇവ ക്രിമിനൽ കുറ്റമായി മാറുന്നത്.

നിയമവിരുദ്ധമായി സംഭാവനകൾ ശേഖരിക്കുന്നവർക്ക് ഒരുവർഷം തടവിലിടാനും 50,000 റിയാൽ പിഴയീടാക്കാനും വ്യവസ്ഥചെയ്യുന്ന കരടു നിയമത്തിനു കഴിഞ്ഞയാഴ്ച ചേർന്ന ശൂറാ കൗൺസിൽ അംഗീകാരം നൽകിയിരുന്നു. ഇതുൾപ്പെടെ 2004ലെ 11-ാം നമ്പർ ക്രിമിനൽ നിയമത്തിൽ ഭേദഗതി വരുത്താനാണു പ്രധാനമൃന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.

അനധികൃത സംഭാവനകൾ പിരിക്കുന്നതിനുള്ള പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതും കുറ്റകരമാക്കിയെന്നു ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യമന്ത്രിയുമായ അഹമ്മദ് ബിൻ അബ്ദുല്ല അൽ മഹ്മൂദ് പറഞ്ഞു.ദിവ്യശക്തികൊണ്ടു രോഗം മാറ്റിക്കൊടുക്കാമെന്ന് അവകാ ശപ്പെടുന്നവരെയും  ഖത്തറിന്റെയും ഇതര ജിസിസി രാജ്യങ്ങളുടെയും ദേശീയപതാകകളെ അപമാനിക്കുന്നരെയും ശിക്ഷിക്കുന്നതിനും കരടു നിയമത്തിൽ വ്യവസ്ഥയുണ്ട്. ദേശീയപതാകകൾ കീറുകയോ മറ്റുവിധത്തിൽ നശിപ്പിക്കുകയോ അനാദരപൂർവം താഴ്‌ത്തുകയോ ചെയ്യുന്നതു ഗുരുതരമായ കുറ്റമായാണു നിയമം അനുശാസിക്കുന്നത്.

അദ്ഭുത രോഗശാന്തി അവകാശപ്പെടുന്നവർ ആരോഗ്യമേഖലയ്ക്കു ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഇത്തരക്കാരെ ശിക്ഷിക്കാൻ
നിയമം കൊണ്ടുവന്നത്. കോടതി ഉത്തരവുകളോ പബ്ലിക് പ്രോസിക്യൂഷന്റെ നിർദേശങ്ങളോ 30 ദിവസത്തിനകം നടപ്പാക്കാതിരിക്കുകയോ, നടപ്പാക്കുന്നതു തടസ്സപ്പെടുത്താൻ കൂട്ടുനിൽക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥർക്കു മൂന്നുവർഷംവരെ തടവും 10,000 റിയാൽ പിഴയും നൽകുന്നതിനുള്ള നിയമഭേദഗതിക്കും അംഗീകാരം നൽകി. നിലവിലുള്ള നിയമത്തിൽ ഈ കുറ്റം ചെയ്യുന്നവർക്കു രണ്ടുവർഷം തടവിനു മാത്രമേ വ്യവസ്ഥയുണ്ടായിരുന്നുള്ളൂ.

വകുപ്പിന്റെ അനുമതിയില്ലാതെ റോഡുകൾ കുഴിച്ച് അറ്റകുറ്റപ്പണിയോ സർവീസ് ലൈനോ ഇടുന്നതു തടയുന്നതു സംബന്ധിച്ച കരടു നിയമം ശൂറാ കൗൺസിലിനു കൈമാറാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.