വ്യക്തിഗത വിവരങ്ങൾ ഹാക്കർമാരുടെ ആക്രമണത്തിൽ പെടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആഗോളവ്യാപകമായി ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ജനങ്ങളോട് ജാഗ്രത പാലിക്കാൻ മന്ത്രാലയം നിർദ്ദേശം നൽകിയത്.

വിവരങ്ങൾ അശ്രദ്ധമായി പങ്കുവെയ്ക്കരുത്. എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും സുരക്ഷിതമായി സി.ഡി.യിലോ ഫ്ളാഷ്ഡ്രൈവുകളിലോ എസ്റ്റേണൽ ഹാർഡ് ഡിസ്‌കുകളിലോ സൂക്ഷിക്കണം. രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.

മറ്റുള്ളവർക്ക് ഓൺലൈൻ വഴി വിവരങ്ങൾ കൈമാറുന്നത് പരമാവധി ഒഴിവാക്കണമെന്നും പെൻ ഡ്രൈവിലോ ഹാർഡ് ഡിസ്‌കിലോ മാത്രം വിവരങ്ങൾ കൈമാറണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ടാണ് മിക്ക ആളുകളും സുപ്രാധാന വിവരങ്ങൾ ഓൺലൈൻ വഴി കൈമാറ്റം ചെയ്യുന്നത്. ഹാക്കർമാരെ സംബന്ധച്ചിടത്തോളം ഏറ്റവും എളുപ്പത്തിൽ വിവരങ്ങൾ ചോർത്താനുള്ള സാഹചര്യമാണ് ഇതുണ്ടാക്കുന്നതെന്നും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ രാജ്യത്തിന് വലിയ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ സൈബർ കുറ്റവാളികളെ കണ്ടെത്താൻ നിരവധി പദ്ധതികളാണ് സർക്കാർ നടപ്പിലാക്കി വരുന്നത്. കുറ്റവാളികൾ രാജ്യാന്തര ബന്ധമുള്ള സൈബർ സംഘത്തിൽ കണ്ണികളാണെന്നും അതിനൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നതെന്നും ആഭ്യന്തര മന്ത്രാലയം ഡയറക്ടർ കേണൽ അലി അസ്സം അൽ കുബൈസി അറിയിച്ചു.

വാട്‌സ്ആപും ഫേസ്‌ബുക്കും ഉൾപ്പെടെയുള്ള സമൂഹ മാദ്ധ്യമങ്ങൾ വഴി വരുന്ന കോളുകളും സന്ദേശങ്ങളും സ്വീകരിക്കരുതെന്നും മന്ത്രാലയം നിർദേശിച്ചു.ഖത്തറിലെ നിയമമനുസരിച്ചു സൈബർ കുറ്റ കൃത്യങ്ങൾക്കു ഒരു ലക്ഷം റിയൽ വരെ പിഴയും മൂന്നു വർഷം ജയിൽവാസവുമാണ് ശിക്ഷ ലഭിക്കുക. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയുന്ന തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾക്ക് അഞ്ചു വർഷം തടവും അഞ്ച് ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ.

സൈബർ കുറ്റങ്ങൾ സംബന്ധിച്ച കൂടുതൽ മാർഗനിർദേശങ്ങൾക്കും മറ്റു നിയമ സഹായങ്ങൾക്കും സിഐഡി ആസ്ഥാനത്ത് പ്രവർത്തിക്കുന്ന സൈബർ സെല്ലിൽ നേരിട്ടോ , മെട്രാഷ് 2 വഴിയോ, 66815757 എന്ന ഹോട് ലൈൻ നമ്പറിലോ ബന്ധപ്പെടണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു