ദോഹ: കേരളത്തിൽ നിന്നടക്കം ഗൾഫ് രാജ്യങ്ങളിലുള്ളവർക്ക് ഇഷ്ടമില്ലാത്ത ജോലി മാറുക എന്നത് എളുപ്പത്തിൽ നടക്കുന്ന കാര്യമല്ല. സ്‌പോൺസറുടെ കനിവുണ്ടെങ്കിൽ മാത്രമേ പലപ്പോഴും ഇങ്ങനെ തൊഴിൽ മാറൽ നടക്കുകയുള്ളൂ. മാത്രമല്ല, സ്‌പോൺസർക്ക് അനിഷ്ടമുണ്ടായാൽ പിന്നെ തൊഴിലാളിക്ക് നരക ജീവിതവുമായിരുന്നു. എന്തായാലും കാലങ്ങളായി നിലനിൽക്കുന്ന സ്‌പോൺസർഷിപ്പ് (കഫാല) സംവിധാനത്തിന് അറുതി വരുത്തുകയാണ് അറബ് രാജ്യമായ ഖത്തർ. പകരം തൊഴിൽകരാർ ഏർപ്പെടുത്തുകയാണ് ഖത്തർ. ഇന്ന് മുതൽ പുതിയ സംവിധാനത്തിന് തുടക്കമാകും.

ഇനി മുതൽ തൊഴിലാളിക്കും തൊഴിലുടമയ്ക്കും ഇടയിലെ തൊഴിൽക്കരാർ സംവിധാനമാണ് നിലവിലുണ്ടായിരിക്കുക. തൊഴിലാളികളുടെ രാജ്യത്തേക്കുള്ള പ്രവേശനം, പുറത്തുപോവൽ, താമസം തുടങ്ങിയവയുമായി ബന്ധപ്പെട്ട 2015 വർഷത്തെ 21ാം നമ്പർ തൊഴിൽനിയമത്തിന് അമീർ ശെയ്ഖ് തമീം ബിൻ ഹമദ് ആൽഥാനി അംഗീകാരം നൽകി. ഒരുവർഷത്തിനു ശേഷം ഇന്ന് മുതൽ നിയമം നടപ്പിലാകും. പുതിയ തൊഴിൽ നിയമത്തിന്റെ ഭാഗമായി പ്രവാസികൾക്ക് എക്‌സിറ്റ് പെർമിറ്റ് ലളിതവൽക്കരിക്കുന്നതിന്റെ ഭാഗമായി എക്‌സിറ്റ് പെർമിറ്റ് ഗ്രിവൻസസ് കമ്മിറ്റിക്ക് ആഭ്യന്തര വകുപ്പ് രൂപം നൽകിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്.

ഒരു പ്രവാസിക്ക് നാട്ടിലേക്ക് മടങ്ങുന്നപക്ഷം എക്‌സിറ്റ് പെർമിറ്റിന് തൊഴിലുടമയെ സമീപിക്കാം എന്നതാണ് നിലവിലെ നിയമം. എന്നാൽ പുതിയ നിയമപ്രകാരം, തൊഴിലുടമ എക്‌സിറ്റ് പെർമിറ്റിനുള്ള അപേക്ഷ നിരസിച്ചാൽ പ്രവാസിക്ക് എക്‌സിറ്റ് പെർമിറ്റ് ഗ്രിവൻസസ് കമ്മിറ്റിയെ സമീപിച്ച് പരാതിപ്പെടാം. ആഭ്യന്തര മന്തരാലയം ലീഗൽ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ സലീം അൽ മറൈഖിയാണ് കമ്മിറ്റിയുടെ ചെയർമാൻ. ആഭ്യന്തര മന്ത്രാലയം, അഡ്‌മിനിസ്‌ട്രേറ്റീവ് ഡവലപ്‌മെന്റ് ലേബർ ആൻഡ് സോഷ്യൽ അഫയേഴ്‌സ് മന്ത്രാലയം, ഖത്തർ നാഷനൽ ഹ്യൂമൻ റൈറ്റ് കമ്മിറ്റി എന്നീ വിഭാഗങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഈ കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും.

ഈ കമ്മിറ്റി അപേക്ഷയിൽ തീരുമാനം എടുക്കുകയും ബന്ധപ്പെട്ട തൊഴിലുടമയോട് വിശദീകരണം തേടുകയും ചെയ്യും. തൊഴിലുടമയുടെ വിശദീകരണം തൃപ്തികരമല്‌ളെങ്കിൽ അപേക്ഷകന് എക്‌സിറ്റ് പെർമിറ്റ് നൽകും. മൂന്ന് ദിവസത്തിനകം കമ്മിറ്റിയുടെ നടപടി ഉണ്ടാകും. കേസുകളിൽ പെടാത്തവർക്കായിരിക്കും ഈ ആനുകൂല്ല്യം ലഭിക്കുക. ഇനി കമ്മിറ്റി അപേക്ഷ തള്ളിക്കളയുകയാണങ്കിൽ മന്ത്രിക്കും അപേക്ഷ നൽകാം. അതിന്മേലുള്ള മറുപടി 24 മണിക്കൂറിനകം അറിയാം.

രാജ്യത്തെ 21 ലക്ഷം തൊഴിലാളികളുടെ അവകാശങ്ങൾ പൂർണമായി സംരക്ഷിക്കുന്നതും കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്നതുമാണ് പുതിയ നിയമമെന്ന് ഭരണവികസനതൊഴിൽസാമൂഹികകാര്യ മന്ത്രി ഡോ. ഈസ ബിൻ സഅദ് അൽജഫാലി അൽനഈമി അറിയിച്ചു. രാജ്യത്തിന്റെ അടിസ്ഥാന വികസനത്തിൽ പങ്കുവഹിക്കുന്ന പ്രവാസി തൊഴിലാളികളോട് ഖത്തറിനു നന്ദിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തർ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്ന അതിവേഗ സാമ്പത്തിക വികസനത്തിന്റെ അടിസ്ഥാനം പ്രവാസികളുടെ പിന്തുണയാണ്. തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഖത്തർ സ്വീകരിച്ച ഏറ്റവും മികച്ച നയമാണ് പുതിയ നിയമം. കഫാല സംവിധാനത്തിനു പകരം തൊഴിൽക്കരാർ കൊണ്ടുവരുന്നതിലൂടെ തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും ഒരു തൊഴിലിൽനിന്നു മറ്റൊന്നിലേക്ക് മാറുന്നതിനും എളുപ്പമാവുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പുതിയ നിയമവുമായി ബന്ധപ്പെട്ട ക്രിയാത്മകമായ ഏതു വിമർശനങ്ങളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഈ വിമർശനങ്ങൾ ഭാവിയിലെ പുതിയ പരിഷ്‌കരണത്തിനു സഹായകരമാവുമെന്ന് അൽനഈമി അഭിപ്രായപ്പെട്ടു. നിയമത്തെ മുൻവിധിയോടെ സമീപിക്കരുതെന്നും നിയമം പൂർണമായി നടപ്പാക്കപ്പെടുന്നതുവരെ കാത്തിരിക്കണമെന്നും അന്താരാഷ്ട്രസമൂഹത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. ഏതൊരു ലക്ഷ്യം മുൻനിർത്തിയാണോ നിയമം ആവിഷ്‌കരിച്ചത് ആ ലക്ഷ്യം സാക്ഷാൽക്കരിക്കാൻ സാധിക്കുന്നതായിരിക്കും പുതിയ നിയമമെന്ന് ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്. പ്രവാസികൾക്ക് മുമ്പൊന്നുമില്ലാത്ത നേട്ടങ്ങൾ കൊണ്ടുവരുന്നതുതന്നെയാവും പുതിയ നിയമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ നിയമം നടപ്പാക്കുകയെന്നത് ഖത്തറിന്റെ മുൻഗണനകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് ആൻഡ് എക്‌സ്പാട്രിയേറ്റ്‌സ് അഫയേഴ്‌സ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് അഹ്മദ് അൽഅത്തീഖ് പറഞ്ഞു. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇതിന്റെ വിജയം അളക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലിലും തൊഴിലുടമയിലും തൃപ്തിയില്ലാത്ത പ്രവാസിക്ക് അംഗീകൃത അനുമതിയോടു കൂടി രാജ്യം വിടാൻ സാധിക്കുമെന്നതാണ് പുതിയ നിയമത്തിന്റെ ഏറ്റവും പ്രധാന സവിശേഷത. തൊഴിൽക്കരാർ കാലാവധിക്കു മുമ്പായോ ശേഷമോ ജോലി പൂർണമായി അവസാനിപ്പിച്ചുപോവാൻ തൊഴിലാളികൾക്ക് അവസരം ലഭിക്കുന്നു. രാജ്യം വിടുന്നതിനു തൊഴിലുടമ അനുമതി നൽകുന്നില്ലെങ്കിൽ തൊഴിൽ തർക്ക പരിഹാര സമിതിയെ സമീപിച്ച് അനുമതി നേടിയെടുക്കാവുന്നതാണ്. ഏതെങ്കിലും കുറ്റകൃത്യം ചെയ്തതായ സംശയത്തിന്റെ പേരിലോ അല്ലെങ്കിൽ വീട്ടാനുള്ള കടത്തിന്റെ പേരിലോ അല്ലാതെ തൊഴിലാളികളെ നാടുവിടുന്നതിൽ നിന്ന് തടഞ്ഞുവയ്ക്കാൻ തൊഴിലുടമയ്ക്ക് സാധിക്കുകയില്ല.

നിശ്ചിത തൊഴിൽക്കരാർ കാലാവധി അവസാനിച്ചുകഴിഞ്ഞാൽ ഉടമയുടെ അനുമതിയില്ലാതെ തന്നെ മറ്റ് ജോലിയിലേക്ക് മാറാൻ പുതിയ നിയമം തൊഴിലാളികൾക്ക് അവസരം നൽകുന്നു. നിശ്ചിത കാലാവധി തീരുമാനിച്ചിട്ടില്ലാത്ത സന്ദർഭത്തിൽ തൊഴിലുടമയ്ക്ക് കീഴിൽ അഞ്ചുവർഷം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ തൊഴിലാളിക്ക് മറ്റൊരു ജോലിയിലേക്ക് സ്വമേധയാ മാറാവുന്നതാണ്. ഖത്തറിലേക്ക് പുതുതായി വരുന്നവരുടെ തൊഴിൽക്കരാറുകൾ മാതൃരാജ്യത്തു വച്ചുതന്നെ പൂർത്തിയാക്കുന്നതാണ്. തൊഴിലാളികളുടെ പാസ്‌പോർട്ടുകൾ തടഞ്ഞുവയ്ക്കുന്ന തൊഴിലുടമയ്ക്ക് 25,000 റിയാൽ വരെ പിഴ ചുമത്തുന്നതാണെന്നും മുഹമ്മദ് അൽഅത്തീക്ക് വിശദമാക്കി.