ത്തറിൽ പുതിയ സ്പോൺസർഷിപ്പ് നിയമം ഡിസംബർ 13ന് പ്രാബല്യത്തിൽ വരും.നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ഒരു വർഷം തികയുന്ന സാഹചര്യത്തിലാണ് ഡിസംബർ 13ന് പ്രാബല്യത്തിലാകുന്നത്. പുതിയനിയമത്തിലെ പ്രവാസികളുടെ അവകാശങ്ങളെയും ചുമതലകളെയും കുറിച്ച് വിശദീകരിക്കുന്നതിനായി രണ്ടു മാസത്തെ ബോധവത്കരണ കാമ്പയിന് നേരത്തെ തൊഴിൽമന്ത്രാലയം തുടക്കമിട്ടിരുന്നു.

പുതിയ നിയമപ്രകാരം കരാർ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ജോലി മതിയാക്കി സ്വദേശത്തേക്ക് മടങ്ങുന്ന പ്രവാസിതൊഴിലാളിക്ക് പ്രസ്തുത കരാർ കാലാവധി കഴിയുന്നതുവരെ രാജ്യത്തേക്ക് തിരികെവരാൻ സാധിക്കില്ലെന്നതാണ് പുതിയ നിയമത്തിലെ പ്രധാനമാറ്റമെന്ന് നിയമവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

പുതിയ നിയമത്തിൽനിന്നും സ്പോൺസർഷിപ്പ് (കഫാല) സംവിധാനം ഒഴിവാക്കിയിട്ടുണ്ട്. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാർ കേന്ദ്രീകരിച്ചാണ് പ്രവാസികളുടെ തൊഴിലും താമസവും നിർണയിച്ചിരിക്കുന്നത്. എക്സിറ്റ് പെർമിറ്റ് സംവിധാനവും ഒഴിവാക്കിയിട്ടുണ്ട്. പ്രവാസി താഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയനിയമം. ലേബർ കോടതികൾ ഉണ്ടെങ്കിലും തൊഴിൽതർക്കങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേകകമ്മിറ്റിയെ സ്ഥാപിക്കണമെന്ന് നിയമത്തിൽ വ്യവസ്ഥയുണ്ട്. പുതിയനിയമത്തിന്റെ കാര്യത്തിൽ ആശങ്കവേണ്ടെന്നും തൊഴിലുടമയെയും തൊഴിലാളിയെയും ഒരുപോലെ സംരക്ഷിക്കുന്നതാണ് നിയമമെന്നും ഖത്തറി അഭിഭാഷക സംഘടന വൈസ് ചെയർമാനും പ്രമുഖ അഭിഭാഷകനുമായ ജസ്നാൻ അൽ ശമ്മാരി പറഞ്ഞു.

പുതിയ നിയമപ്രകാരം പുതിയ തൊഴിൽകരാർ ലഭിച്ചാൽ രാജ്യത്തുനിന്നുപോയി അടുത്തദിവസംതന്നെ തിരികെവരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാറിന്റെയും അതിലെ വ്യവസ്ഥകളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം. കാലാവധിക്കുമുമ്പ് കരാർ റദ്ദാക്കുന്നത് സംബന്ധിച്ച് കരാറിൽ വ്യക്തമാക്കണം. എങ്കിൽമാത്രമേ രണ്ടിലൊരു കക്ഷിക്ക് കാലാവധിക്കുമുമ്പ് കരാർ റദ്ദാക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

പുതിയ നിയമം പ്രാബല്യത്തിലായാൽ കമ്പനികൾ നിലവിലെ ജീവനക്കാർക്കുവേണ്ടി പുതിയ കരാറുകൾ തയ്യാറാക്കേണ്ടതില്ലെന്ന് മറ്റൊരു നിയമവിദഗ്ധനായ അബ്ദലേൽ ഖലീൽ പറഞ്ഞു. ജീവനക്കാരൻ ജോലിയിൽ തുടരാൻ സമ്മതിക്കുന്നിടത്തോളം നിലവിലെ കരാറിന് സാധുതയുണ്ടാകും. അതേസമയം, ജീവനക്കാരൻ കമ്പനിയിൽ എത്രകാലമായി ജോലിചെയ്യുന്നുവെന്നത് പുതിയനിയമം പരിഗണിക്കില്ല. പുതിയനിയമം പ്രാബല്യത്തിൽ വന്നതിനുശേഷമുള്ള തീയതി മുതലാണ് എല്ലാതരം കരാറുകളുടെയും സാധുത തുടങ്ങുക. എന്നാൽ, ജീവനക്കാരന്റെ പ്രവൃത്തിപരിചയം തീരെ എണ്ണപ്പെടില്ലെന്ന് ഇതിനർഥമില്ലെന്നും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ പ്രവാസി വീട്ടുജോലിക്കാർ ഉൾപ്പെടെയുള്ള എല്ലാവരും പുതിയ തൊഴിൽനിയമത്തിന്റെ ഭാഗമാണ്.