തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നെന്ന ആരോപണമുന്നയിച്ച് സൗദി അറേബ്യ ഉൾപ്പെടെയുള്ള ജിസിസി അംഗരാജ്യങ്ങൾ നയതന്ത്രബന്ധം വിച്ഛേദിച്ച് ഒറ്റപ്പെടുത്തുന്ന ഖത്തർ, മികച്ച സമാധാനമുള്ള രാജ്യമെന്ന പുരസ്‌കാരം നേടിയതിനു പിന്നാലെ.

മധ്യപൂർവ വടക്കൻ ആഫ്രിക്കൻ (മിന) രാജ്യങ്ങളിൽവെച്ചേറ്റവും സമാധാനമുള്ള രാജ്യമെന്ന ബഹുമതിയാണ് ഖത്തറിന് ലഭിച്ചത്. ജൂൺ രണ്ടിന് പുറത്തിറക്കിയ ആഗോളസമാധാന സൂചികാ റിപ്പോർട്ടിലാണ് മിനമേഖലയിൽ ഖത്തർ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്ത് കുവൈത്തും മൂന്നാം സ്ഥാനത്ത് യു.എ.ഇ.യുമാണ്. പട്ടികയിലെ 163 രാജ്യങ്ങളിൽ മുപ്പതാണ് ഖത്തറിന്റെ റാങ്ക്. മുൻ വർഷത്തേക്കാൾ അഞ്ച് റാങ്ക് മുകളിലാണ് ഇത്തവണ ഖത്തറിന്റെ സ്ഥാനം.

കുവൈത്തിന് 58-ാം സ്ഥാനവും യു.എ.ഇ.ക്ക് 65-ാം സ്ഥാനവുമാണ് പട്ടികയിൽ. സൗദിഅറേബ്യ 133-ാം സ്ഥാനത്താണ്. ആഗോളതലത്തിൽ കൂടുതൽ സമാധാനം കൈവന്നതായി പട്ടികയിലെ കണക്കുകൾ സൂചിപ്പിക്കുന്നു. 93 രാജ്യങ്ങളിൽ സമാധാനം കൂടുതൽ കൈവന്നു. അതേസമയം 68 രാജ്യങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ മോശമാകുകയും ചെയ്തു. ലോകത്തിൽ ഏറ്റവുംകൂടുതൽ സമാധാനമുള്ള രാജ്യം ഐസ്ലൻഡാണ്. ന്യൂസിലാൻഡ്, പോർച്ചുഗൽ എന്നിവയാണ് തൊട്ടുപിന്നിൽ. ലോകത്തിൽ ഏറ്റവും സമാധാനം കുറഞ്ഞരാജ്യം സിറിയയാണ്. സമാധാനംകുറഞ്ഞ രാജ്യങ്ങളിൽ അഫ്ഗാനിസ്ഥാൻ, ഇറാഖ്, സൗത്ത് സുഡാൻ, യെമെൻ എന്നിവയും ഉൾപ്പെടുന്നു.

അതേസമയം ഏറ്റവുംസമാധാനം കുറഞ്ഞ മേഖലയെന്ന പദവിയിൽ തന്നെയാണ് മിന തുടരുന്നത്. മധ്യപൂർവ മേഖലയിൽ കലാപം, അമേരിക്കയിൽ രാഷ്ട്രീയകലാപം, യൂറോപ്പിൽ അഭയാർഥി പ്രവാഹം തുടങ്ങി നിരവധി കാരണങ്ങളാൽ ലോകത്തിൽ അസമാധാനം നിലനിൽക്കുന്നുണ്ട്. കലാപങ്ങളുടെ ആഗോളസാമ്പത്തിക പ്രത്യാഘാതം 14,30,000 കോടിഡോളറാണ്.

അതേസമയം സൗദി അറേബ്യയും യുഎഇയും ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങൾ ഖത്തറിനെ തീവ്രവാദ രാജ്യമാക്കി മാറ്റാൻ നടത്തുന്ന ഗൂഡാലോച പുറത്തു വന്നതിന്റെ ക്ഷീണം മാറ്റാനാണ് ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയതെന്നാണ് സൂചന. അമേരിക്കയുമായി ചേർന്ന് ഖത്തർ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് ജിസിസി അംഗരാജ്യങ്ങൾ നടത്തിയത്. അമേരക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൗദി അറേബ്യൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് തങ്ങൾക്കെതിരായ ഗൂഢാലോചനയുടെ വിവരങ്ങൾ ഖത്തർ പുറത്തുവിട്ടതും. ഇതുതന്നെയാണ് സമാധാന രാജ്യമായ ഖത്തറിനെ ഒറ്റപ്പെടുത്താൻ സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളെ പ്രേരിപ്പിച്ചത്.

2022-ലെ ഫുട്‌ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതും ഖത്തറാണ്. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനിടെയാണ് ജിസിസി രാജ്യങ്ങളുടെ നടപടിയെന്നതും ശ്രദ്ധേയമാണ്. ഇതിനായി ഖലീഫ സ്റ്റേഡിയം നവീകരിക്കുകയും ചെയ്തു. ലോകകപ്പ് തയ്യാറെടുപ്പുകളിൽ ഫിഫ പൂർണ തൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. എൽഇഡി സംവിധാനമുള്ള ലോകത്തിലെ പത്തു സ്റ്റേഡിയങ്ങളിലൊന്നായി ഇതിനെ മാറ്റുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ലോകകപ്പ് നടത്തിപ്പിനെ പോലും ബാധിക്കുമെന്ന ഭീതിയിലാണ് ഫുട്‌ബോൾ പ്രേമികൾ.

ഖത്തറിലെ ഏറ്റവും വലിയ ജനവിഭാഗം ഇന്ത്യക്കാരാണ്. ഏതാണ്ട് അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരാണ് ഇവിടെയുള്ളത്. ഇതു തദ്ദേശ ജനസംഖ്യയുടെ ഇരട്ടിയോളം വരും. പ്രധാന കമ്പനികളിലും ബാങ്കുകളിലും സർക്കാർ ജോലിയിലുമെല്ലാം ഏറെയും ഇന്ത്യക്കാരാണ്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ബീഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇതിലേറെയും. ഖത്തറിലെ ഇന്ത്യക്കാരിൽ എഴുപത് ശതമാനത്തോളം മലയാളികളാണ്. ഖത്തറിലെ ചെറുകിട കച്ചവട സ്ഥാപനങ്ങൾ ഭൂരിഭാഗവും നടത്തുന്നത് മലയാളികളാണ്. അതുകൊണ്ടുതന്നെ ഖത്തറിന് മേലുള്ള ഉപരോധം ഏറെയും ബാധിക്കുന്നത് ഇന്ത്യയെ ആയിരിക്കുമെന്നതിൽ സംശയമില്ല.

ഏറെ പുരാതനമായ സംസ്‌കാരമുള്ള ചെറു രാജ്യമാണ് ഖത്തർ. എ ഡി 1635-ൽ ബസറയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ഫാക്ടറി ആരംഭിക്കുന്നതോടെയാണ് ഈ രാജ്യം ലോകശ്രദ്ധയിലെത്തിയത്. പെട്രോളിയം പര്യവേക്ഷണത്തിനും മുത്തു ശേഖരണത്തിനുമായി അവർ തദ്ദേശീയരുമായി തന്ത്രപരമായ അടുപ്പം സ്ഥാപിച്ചു. തുർക്കി സുൽത്താനുമായുണ്ടാക്കിയ കരാറനുസരിച്ച് 1916 വരെ നേരിട്ട് സൈനിക നീക്കം നടത്തിയിരുന്നില്ല. എ ഡി 1878 ഡിസംബർ 18നു ഷെയ്ഖ് ഖാസിം ബിൻ മുഹമ്മദ് അൽഥാനി തുർക്കി ഖലീഫയിൽ നിന്നും ഖത്തറിന്റെ ഉപഭരണാധികാരി എന്ന സ്ഥാനം നേടുകയും ബഹറൈൻ പ്രവിശ്യയിൽ നിന്നും വേർപ്പെടുത്തി ഒരു നാട്ടു രാജ്യമാക്കി മാറ്റുകയും ചെയ്തു. 1916 മുതൽ 1971 സെപ്റ്റംബർ വരെ ഖത്തർ പൂർണ്ണമായും ബ്രിട്ടീഷ് അധിപത്യത്തിനു കീഴിലായിരുന്നു.

1971 സെപ്റ്റംബർ മൂന്നിനാണു ഖത്തർ ബ്രിട്ടനിൽനിന്ന് സ്വതന്ത്ര്യം നേടുന്നത്. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ച ശേഷം കോളനികൾ ഓരോന്നായി സ്വാതന്ത്ര്യം പ്രഖ്യപിക്കാൻ തുടങ്ങിയതോടെ തിരിച്ചടി നേരിട്ട ബ്രിട്ടൻ, പെട്രോളും പ്രകൃതി വിഭവങ്ങളും കൈവിടാൻ ഒരുക്കമല്ലാതെ 1971 വരെ ഖത്തറിനെ കൈവശപ്പെടുത്തിവച്ചു.

അമീർ ആണ് രാഷ്ട്രത്തലവനും ഭരണത്തലവനും. അദ്ദേഹത്തെ സഹായിക്കാൻ മന്ത്രി സഭയും പാർലമെന്റുമുണ്ട്. ഇവ രണ്ടിലേയും അംഗങ്ങളെ അമീർ തന്നെ നാമനിർദ്ദേശം ചെയ്യുന്നു. അൽ ഥാനി കുടുംബത്തിനാണു പരമ്പരാഗതമായി ഭരണം. ഷെയ്ഖ് തമീം ബിൻ ഹമദ് ബിൻ ഖലീഫ അൽഥാനി ആണ് ഇപ്പോഴത്തെ അമീർ.