ദോഹ: വിദേശ തൊഴിലാളികളുടെ വരവും പോക്കും താമസവും സംബന്ധിച്ചുള്ള നിയമം നടപ്പാക്കുമ്പോൾ പുതിയ തൊഴിൽ കരാറിൽ ഒപ്പുവെക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. പ്രമുഖ അഭിഭാഷകൻ യൂസുഫ് അൽ സമാനിനെ ഉദ്ധരിച്ച് ദ് പെനിൻസുലയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിലുള്ള തൊഴിൽ കരാറുകളെ കുറിച്ച് നിയമം ഒന്നും പറയുന്നില്ലെന്നും പുതിയ കരാർ ഒപ്പിടുന്ന തീയതി മുതലായിരിക്കും നിബന്ധനകൾ തൊഴിലാളികൾക്ക് ബാധകമാവുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പുതിയ നിയമം നടപ്പാക്കിക്കഴിഞ്ഞാൽ തുറന്ന കരാറിലാണ് ഏർപ്പെടുന്നതെങ്കിൽ അഞ്ച് വർഷത്തിന് ശേഷം വിദേശ തൊഴിലാളിക്ക് തൊഴിൽ മാറാൻ അവസരമുണ്ടാവും. ഇതിന് സ്‌പോൺസറുടെ അനുമതി വേണ്ട. പക്ഷെ തൊഴിൽ, ആഭ്യന്തരമന്ത്രാലയങ്ങളുടെ അനുമതി നിർബന്ധമാണ്. നിശ്ചിതകാലാവധിയുള്ള കരാറിലാണ് ഏർപ്പെടുന്നതെങ്കിൽ ആ കാലാവധി പൂർത്തിയായാൽ രണ്ടു മന്ത്രാലയങ്ങളുടെയും അനുമതിയോടെ തൊഴിൽ മാറാം. ഇതിനും സ്‌പോൺസറുടെ അനുമതി ആവശ്യമില്ല. രണ്ടു സാഹചര്യങ്ങളിലും തൊഴിൽകരാറിലെ കാലാവധി പൂർത്തിയായാലുടൻ തൊഴിലാളിക്ക് തൊഴിൽ മാറാം. അതുകൊണ്ടുതന്നെ
പുതിയ നിയമം പ്രാബല്യത്തിലായാലുടൻ എല്ലാ തൊഴിലാളികളും പുതിയ കരാറിൽ ഒപ്പുവെക്കണമെന്ന് അൽ സമാൻ വ്യക്തമാക്കി. കരാർ കാലാവധിക്ക് ശേഷം തൊഴിൽ മാറുന്നതിന് രണ്ടു മന്ത്രാലയങ്ങളുടെ അനുമതി നിഷ്‌കർഷിച്ചിരിക്കുന്നത് ഭരണപരമായ വിഷയമായി മാത്രം കണ്ടാൽ മതിയെന്നും അൽ സമാൻ കൂട്ടിച്ചേർത്തു.

പുതിയ നിയമം നടപ്പാകുന്നതോടെ കരാർ കാലാവധിക്ക് മുമ്പ് ജോലി മാറുന്നതിന് മാത്രമാണ് സ്‌പോൺസറുടെ എൻ.ഒ.സി ആവശ്യമായിവരിക. നിലവിലുള്ള നിയമത്തിൽനിന്ന് വ്യത്യസ്തമായി പുതിയ നിയമത്തിൽ തൊഴിലുടമ പ്രവാസി തൊഴിലാളിയുടെ സ്‌പോൺസറായിരിക്കില്ല, മറിച്ച് തൊഴിലുടമ മാത്രമായിരിക്കും. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം പൂർണമായും തൊഴിൽകരാറിനെ ആശ്രയിച്ചായിരിക്കും.

പുതിയ നിയമം നടപ്പാക്കി തുടങ്ങിയാലും വിദേശ തൊഴിലാളി രാജ്യം വിടുന്നതിന് മുമ്പ് നേടിയിരിക്കേണ്ട അനുമതി (എക്‌സിറ്റ് പെർമിറ്റ്) നൽകുന്നത് നിലവിലുള്ള രീതിയിൽ തുടരുമെന്നാണ് അൽ സമാൻ സൂചിപ്പിക്കുന്നത്. തൊഴിലാളിക്ക് നിലവിലുള്ള രീതിയിൽ തൊഴിലുടമയിൽ നിന്ന് രാജ്യം വിടുന്നതിനുള്ള അനുമതി പത്രം വാങ്ങാം. എന്നാൽ, അത് നിഷേധിക്കപ്പെടുകയാണെങ്കിലും താമിസിപ്പിക്കുകയാണെങ്കിലും തൊഴിലാളിക്ക് ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ രൂപവൽകരിക്കുന്ന പരാതി പരിഹാര സമിതിയെ സമീപിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിലുള്ള നിയമം അനുസരിച്ച് വിദേശ തൊഴിലാളിക്ക് ഖത്തറിൽ നിലവിലുള്ള ജോലി വിട്ട് പുതിയ ജോലിയിൽ പ്രവേശിക്കണമെങ്കിൽ രണ്ട് വർഷത്തെ ഇടവേള ആവശ്യമായിരുന്നു. ജോലി ഉപേക്ഷിച്ച് പോയാലും ജോലിയിൽ നിന്ന് നീക്കിയാലും ഈ വിലക്ക് നിലവിലുണ്ടായിരുന്നു. എന്നാൽ, പുതിയ നിയമം വരുന്നതോടെ അത് ഇല്ലാതാകുമെന്ന് അൽ സമാൻ പറഞ്ഞു. പുതിയ നിയമം വരുന്നതോടെ വിദേശ തൊഴിലാളിക്ക് നിലവിലുള്ള ജോലി വിട്ട് മറ്റൊന്നിൽ പ്രവേശിക്കുന്നത് എളുപ്പമാകും.