ദോഹ: രാജ്യത്ത് വീട്ടു വേലക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള കരട് നിയമം ശൂറ കൗൺസിൽ ചർച്ച ചെയ്തു. വീടുകളിൽ ജോലിചെയ്യുന്നവർക്ക് വാരാന്ത്യ അവധി, പ്രതിദിനം 10 മണിക്കൂർ തൊഴിൽസമയം എന്നിവ ഉറപ്പാക്കുന്നതാണ് പുതിയ നിയമം. തൊഴിൽ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടാതിരുന്ന വീട്ടു ഡ്രൈവർമാർ, ആയമാർ, പാചകക്കാർ, പൂേന്താട്ട ജോലിക്കാർ, സമാനമായ ജോലി ചെയ്യുന്നവർ തുടങ്ങിയവർക്കു തൊഴിൽ വ്യവസ്ഥകളും അവകാശങ്ങളും നിർബന്ധമാക്കുന്ന പുതിയ കരട് നിയമത്തിന് നേരത്തെ മന്ത്രിസഭായോഗം അംഗീകാരം നൽകിയിരുന്നു.

നിർദ്ദിഷ്ടനിയമത്തിൽ ഗാർഹിക തൊഴിലാളികൾക്ക് ജോലി സമയത്ത് വിശ്രമത്തിന് സമയം അനുവദിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ, ഈ വിശ്രമസമയം തൊഴിൽ മണിക്കൂറിന്റെ ഭാഗമാക്കരുത്. വാരാന്ത്യ അവധി ലഭിക്കാൻ തൊഴിലാളിക്ക് അവകാശമുണ്ട്്. 24 മണിക്കൂറിൽ കുറയാത്തവിധത്തിലായിരിക്കണം വാരാന്ത്യ അവധി നൽകേണ്ടത്. കരാർ പ്രകാരമായിരിക്കണം വാരാന്ത്യഅവധി ദിനം തീരുമാനിക്കേണ്ടത്.

വേതനം നൽകുന്നതിലെ പരമാവധി കാലതാമസം അടുത്ത മാസം ആദ്യ മൂന്നു ദിനങ്ങൾക്കപ്പുറം പോകാൻ പാടില്ല. വേതനം ഗാർഹിക തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയോ വേതനം കൈപ്പറ്റിയെന്ന തൊഴിലാളിയുടെ കൈയൊപ്പ് വാങ്ങിയശേഷം പണം കൈമാറുകയോ ചെയ്താലല്ലാതെ വേതനം നൽകിയതായി
പരിഗണിക്കുകയില്ല. ഈ രണ്ടുമാർഗങ്ങളിലുമല്ലാതെ വേതനം നൽകുന്നത് സാധുവല്ല. തൊഴിലാളിയുടെ റിക്രൂട്ട്മെന്റിനായോ മറ്റോ ചെലവഴിച്ച തുക തൊഴിലാളിയുടെ വേതനത്തിൽനിന്ന് ഈടാക്കരുതെന്ന് തൊഴിലുടമകൾക്ക് നിയമം നിർദ്ദേശം നൽകുന്നു.

ഗാർഹിക തൊഴിലാളിക്ക് വേതനത്തോടുകൂടി മൂന്നാഴ്ചത്തെ വാർഷികാവധിക്ക് അർഹതയുണ്ട്. അവധിസമയം തിരഞ്ഞെടുക്കുന്നതിനും അവർക്ക് അവകാശമുണ്ട്. ഓരോ രണ്ടുവർഷം കൂടുമ്പോഴും നാട്ടിലേക്കു പോയി തിരിച്ചുവരുന്നതിന് റിട്ടേൺ ടിക്കറ്റിനും അർഹതയുണ്ട്. ജോലി അവസാനിപ്പിച്ച് മടങ്ങുകയാണെങ്കിൽ മടങ്ങിപ്പോകുന്നതിനുള്ള ടിക്കറ്റും നൽകണം. ഗാർഹിക തൊഴിലാളിയുടെ സമ്മതം കൂടാതെ തൊഴിലുടമ അവരെ രാജ്യത്തിനു പുറത്തേക്ക് കൊണ്ടുപോകരുത്. അതിനുവിരുദ്ധമായി പ്രവർത്തിച്ചാൽ തങ്ങളുടെ തൊഴിൽകരാർ റദ്ദാക്കാൻ ഗാർഹിക തൊഴിലാളിക്ക് അവകാശമുണ്ടായിരിക്കും.

അത്തരം കേസുകളിൽ സേവനകാലാവധിയുടെ പൂർണ ആനുകൂല്യങ്ങൾക്കും എയർ ടിക്കറ്റിനും തൊഴിലാളിക്ക് അവകാശമുണ്ടായിരിക്കും. തൊഴിലുടമകൾക്കുവേണ്ടി ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് മാൻപവർ ഏജൻസികൾക്ക് കരട് നിയമം അനുമതി നൽകുന്നുണ്ട്. ഇതിനായി ബന്ധപ്പെട്ട അഥോറിറ്റികളിൽ നിന്ന് അനുമതി തേടിയിരിക്കണം. പതിനെട്ട് വയസിൽ താഴെയുള്ളവരെയോ അറുപത് വയസിനുമുകളിൽ പ്രായമുള്ളവരെയോ റിക്രൂട്ട് ചെയ്യുന്നതിന് വിലക്കുണ്ട്. നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്ന മാൻപവർ ഏജൻസികൾക്കും ഗാർഹിക തൊഴിലാളികളെ അവരുടെ സമ്മതമില്ലാതെ രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോകുന്നവർക്കും പ്രതിദിനം പത്തുമണിക്കൂറിലധികം തൊഴിലെടുപ്പിക്കുന്നവർക്കും 5000 റിയാൽ വരെ പിഴയും കരട് നിയമം വ്യവസ്ഥ ചെയ്യുന്നു