ദോഹ: ഖത്തറിനെ നയതന്ത്ര പ്രസിസന്ധിയിലേക്കു നയിച്ചത് രാജകുടുംബാംഗങ്ങളെ മോചിപ്പിക്കാൻ അൽഖൈയ്ദ 100 കോടി ഡോളർ(ഏകദേശം 6440 കോടി രൂപ) നൽകിയതെന്ന് റിപ്പോർട്ട്. 2015 ഡിസംബർ 16 ന് ഇറാഖിൽവച്ചാണു 11 ഖത്തർ രാജകുടുംബാംഗങ്ങൾ അടക്കം 26 പേർ അൽഖൈയ്ദയുടെ പിടിയിലായത്. ഖത്തറിൽനിന്നുള്ള സംഘം സർക്കാർ അനുമതിയോടെയാണു ഇറാഖ് യാത്ര നടത്തിയത്. ഇറാന്റെ മധ്യസ്ഥയിലാണ് ഭീകര സംഘടനയുമായി ഖത്തർ ചർച്ച നടത്തിയത്. കഴിഞ്ഞ ഏപ്രിലിലാണു തട്ടിക്കൊണ്ടുപോയവരുമായി ഖത്തർ ഭരണകൂടം ധാരണയിലെത്തിയത്. രഹസ്യമായാണു പണം നൽകിയത്. ഇത് ഭീകരർക്കുള്ള സഹായമായി വ്യാഖ്യാനിച്ചു. ഇതുയർത്തിയാണ് സൗദി അറേബ്യയും കൂട്ടരും ഉപരോധം ഏർപ്പെടുത്തിയത്.

അൽഖൈയ്ദയുമായുള്ള ഖത്തറിന്റെ ഒത്തുകളിയാണിതെന്ന് സൗദി പറയുന്നു. എന്നാൽ യാഥാർത്ഥ വിഷയം ഇതല്ലെന്നും സൂചനയുണ്ട്. അമേരിക്കയുടെ പ്രധാന വ്യോമതാവളമാണ് ഖത്തർ. സിറിയയിലും ഇറാഖിലും എല്ലാം വ്യോമ ഇടപെടൽ നടത്തുന്നത് ഇവിടിരുന്നാണ്. അതിനിടെ സൈനിക താവളമായി ഖത്തറിനെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അമേരിക്കൻ ഭരണകൂടത്തെ ഖത്തർ അറിയിച്ചു. ഇതോടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതിശക്തമായി പ്രതികരിക്കാൻ തീരുമാനിച്ചു. ഇതിന്റെ പ്രതിഫലനമാണ് തീരുമാനമെന്നാണ് വിലയിരുത്തൽ. അതിനിടെ ഖത്തറിനെതിരായ നടപടിയെ പിന്തുണച്ച് ട്രംപ് രംഗത്ത് വന്നു. സൗദി അറേബ്യ സന്ദർശിച്ചപ്പോൾ വിഷയം ചർച്ച ചെയ്തിരുന്നതായും ട്രംപ് സമൂഹമാധ്യമമായ ട്വിറ്ററിൽ കുറിച്ചു. ഭീകരവാദത്തിന്റെ അന്ത്യത്തിന് ഇതു തുടക്കം കുറിക്കുമെന്നും ട്രംപ് വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് പദവിയിലേറിയശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ സന്ദർശനമായിരുന്നു സൗദിയിലേത്.

റാഡിക്കൽ ചിന്താഗതിയെ പിന്തുണയ്ക്കുന്നതിനായി ഖത്തർ സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നു മധ്യപൂർവേഷ്യ സന്ദർശനത്തിൽ വിവിധ ലോകനേതാക്കൾ മുന്നറിയിപ്പു നൽകിയിരുന്നതായി ട്രംപ് വ്യക്തമാക്കി. ഇത്തരം സാമ്പത്തിക പിന്തുണ നൽകുന്നവർക്കെതിരെ നടപടിയെടുക്കാൻ താൻ ആവശ്യപ്പെട്ടിരുന്നു. ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള അറബ് രാജ്യങ്ങളുടെ നീക്കത്തിൽ ആദ്യമായാണ് ട്രംപ് വിശദീകരണം നൽകുന്നത്. മുഖ്യധാര അമേരിക്കൻ മാധ്യമങ്ങളെ ആക്ഷേപിക്കാനും ട്രംപ് മറന്നില്ല. സിഎൻഎൻ, എൻബിസി, എബിസി, സിബിഎസ്, വാഷിങ്ടൻ പോസ്റ്റ്, എൻവൈ ടൈംസ് തുടങ്ങിയവയിലെ വ്യാജ വാർത്തകളെ വിശ്വസിച്ചിരുന്നെങ്കിൽ താൻ വൈറ്റ് ഹൗസിൽ എത്തുമായിരുന്നില്ലെന്നാണ് ട്രംപിന്റെ നിലപാട്. സമൂഹമാധ്യമങ്ങൾ താൻ ഉപയോഗിക്കാതിരിക്കാൻ വിവിധ മാർഗങ്ങളിലൂടെ വ്യാജവാർത്തക്കാർ ശ്രമിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.

ഖത്തറിലെ അൽ ഉബൈദ് വ്യോമ താവളത്തിൽ 11000 അമേരിക്കൻ സൈനികരാണുള്ളത്. പശ്ചിമേഷ്യയിൽ അമേരിക്കക്കുള്ള ഏറ്റവും വലിയ സൈനിക താവളങ്ങളിലൊന്നാണിത്. ഇത് അനുവദിക്കാനാകില്ലെന്ന് ഖത്തർ അമേരിക്കയെ അറിയിച്ചത്രേ. ഇതും അമേരിക്കയ്ക്ക് ഖത്തറിനോടുള്ള എതിർപ്പിന് കാരണമായി. നേരത്തെ രാജകുടുംബാംഗങ്ങളെ മോചിപ്പിക്കാനുള്ള ഖത്തറിന്റെ ശ്രമം ഇതോടെ അമേരിക്ക പൊടി തട്ടിയെടുത്തു. ഖത്തറിനോട് എതിർപ്പുണ്ടായിരുന്ന സൗദിയെ ഇതിന് കരുവാക്കി. ഇതിലൂടെ ഉപരോധമെന്ന തീരുമാനത്തിലേക്ക് കാര്യങ്ങളെത്തിച്ചു. അമേരിക്കയെ അനുകൂലിക്കുന്ന മറ്റ് രാജ്യങ്ങളും ഇതേ വഴിയേ നീങ്ങി. ഇതോടെ ഖത്തർ പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തു.

ഖത്തറുമായുള്ള സൗദിയുടെ ശീതയുദ്ധത്തിന് ഏറെ പഴക്കമുണ്ടെങ്കിലും ട്രംപിന്റെ പിന്തുണയാണ് പൊടുന്നനെയുള്ള നടപടിക്ക് സൗദിയെ പ്രേരിപ്പിച്ചത്. ഇതിനു മുമ്പ് സദ്ദാം ഹുസൈന്റെ ഇറാഖിനും അറബ് ലീഗിൽ നിന്നു സസ്പെൻഡ് ചെയ്യപ്പെട്ട സിറിയയ്ക്കും എതിരേ മാത്രമേ അറബ് രാജ്യങ്ങളുടെ കൂട്ടായ ബന്ധം വിച്ഛേദിക്കൽ ഉണ്ടായിട്ടുള്ളൂ. സംഘർഷം പരിഹരിക്കുന്നതിൽ പങ്കുവഹിക്കാനുള്ള സന്നദ്ധത തുർക്കി പ്രസിഡന്റ് റസപ് തയിപ് എർദോഗൻ വ്യക്തമാക്കി. ഗൾഫ് പ്രതിസന്ധിയും അത് മറികടക്കാനുള്ള മാർഗങ്ങളെയും സംബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായും എർദോഗൻ സംസാരിച്ചു. റഷ്യയും ചർച്ചയ്ക്ക് രംഗത്തിറങ്ങുമെന്നാണു സൂചന. ഗൾഫ് ബന്ധങ്ങൾ സാധാരണ നിലയിലാക്കുന്നതിനു സഹായിക്കാൻ സന്നദ്ധമാണെന്ന് തുർക്കി വിദേശകാര്യ മന്ത്രി മവ്ലുദ് ജാവേശ് ഓഗ്ലു അറിയിച്ചിരുന്നു.

അതിനിടെ ഗൾഫ്, അറബ് മേഖലയെ ആകെ ഉലച്ച പ്രതിസന്ധി പരിഹരിക്കാൻ പലതലത്തിൽ തിരക്കിട്ടശ്രമങ്ങൾ തുടരുന്നു. കുവൈത്ത് അമീർ മധ്യസ്ഥശ്രമവുമായി ചൊവ്വാഴ്ച സൗദിരാജാവിനെ സന്ദർശിച്ച് ചർച്ച നടത്തി. പുതിയ പ്രതിസന്ധിയെക്കുറിച്ച് ഖത്തർ അമീർ ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യാനിടയുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും അത് നടന്നില്ല. മധ്യസ്ഥശ്രമവുമായി ഇറങ്ങിയ കുവൈത്ത് അമീർ ശൈഖ് സബാ അൽ അഹമ്മദ് അൽ ജാബർ അൽ സബായുടെ അഭ്യർത്ഥനമാനിച്ചാണ് ഇതെന്നാണ് സൂചന. സൗദി രാജകുമാരൻ പ്രിൻസ് ഖാലിദ് അൽ ഫൈസൽ ബിൻ അബ്ദുൾ അസീസുമായും കുവൈത്ത് അമീർ ചർച്ച നടത്തി. സൗദി രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറും കൂടിയായ രാജകുമാരൻ കുവൈത്തിൽ സന്ദർശനത്തിനെത്തിയതായിരുന്നു. ഇസ്!ലാമിക ഭീകരപ്രസ്ഥാനങ്ങളെ സഹായിക്കുന്ന ഖത്തറിന്റെ നിലപാടിൽ പ്രതിഷേധിച്ച് സൗദി അറേബ്യയുടെ നേതൃത്വത്തിൽ യു.എ.ഇ. ഉൾപ്പെടെയുള്ള ഏഴ് രാജ്യങ്ങൾ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചതോടെയാണ് മേഖലയിൽ പ്രതിസന്ധി രൂപപ്പെട്ടത്.

അതിനിടെ തീവ്രവാദ പ്രവർത്തനം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളോടു ചേർന്നുനിൽക്കാനും യു.എസ്-ഇസ്ലാമിക് ഉച്ചകോടിയുടെ തീരുമാനങ്ങളും വാഗ്ദാനങ്ങളും പാലിക്കാനും ഇസ്‌ലാമിക് സഹകരണ കൗൺസിൽ (ഒ.ഐ.സി) ഖത്തറിനോട് ആവശ്യപ്പെട്ടു. തൽക്കാലം പ്രതിസന്ധിയില്ലെന്നാണ് ഖത്തറിന്റെ നിലപാടെങ്കിലും നയതന്ത്ര, ഗതാഗത ഉപരോധം തുടരുന്നത് ജനജീവിതത്തെ ബാധിക്കും. ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾക്കായി ഖത്തറുകാർ സൗദിയെയും യു.എ.ഇയെയുമാണ് ആശ്രയിക്കുന്നത്. നയതന്ത്ര ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങളുടെ വിമാനക്കമ്പനികൾ ഖത്തറിലേക്കും തിരികെയുമുള്ള വിമാനസർവീസുകൾ അവസാനിപ്പിച്ചു. ഖത്തർ എയർവേസിന് അനുമതി നിഷേധിക്കുകയും ചെയ്തു. മൂന്നു വശവും സമുദ്രത്താൽ ചുറ്റപ്പെട്ട ഖത്തറിന് കര അതിർത്തിയുള്ളത് സൗദിയുമായി മാത്രമാണ്. ഇതും സൗദി കൊട്ടിയടച്ചു. അവശ്യസാധന ലഭ്യത മുടങ്ങുമെന്ന ആശങ്കയിൽ ഭക്ഷണം ഉൾപ്പെടെയുള്ളവ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് ഖത്തറുകാർ.

ഖത്തറിനെ സഹായിക്കാനായി ഭക്ഷ്യവസ്തുക്കളുമായി ഇറാനിൽനിന്നുള്ള കപ്പലുകൾ ദോഹയിലെത്തിയിട്ടുണ്ട്. രാജ്യത്ത് യാതൊരു ക്ഷാമവുമുണ്ടാവില്ലെന്ന് ഖത്തർ അധികൃതർ വ്യക്തമാക്കി. വിവിധരാജ്യങ്ങൾ തങ്ങൾക്കെതിരെ കൈക്കൊണ്ട നടപടിക്കെതിരേ ഖത്തർ അമീർതന്നെ ചൊവ്വാഴ്ച രംഗത്തെത്തി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വ്യാജ പ്രചാരണങ്ങളാണ് രാജ്യംനേരിടുന്നതെന്നും അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി കുറ്റപ്പെടുത്തി. എല്ലാ മധ്യസ്ഥശ്രമങ്ങളോടും ഖത്തർ സഹകരിക്കുമെന്ന് വിദേശകാര്യമന്ത്രിയും വ്യക്തമാക്കി. എന്നാൽ ഉന്നയിക്കപ്പെട്ട വിഷയങ്ങളിലെ നിലപാടുകൾ സംബന്ധിച്ച് ഖത്തറിന്റെ ഭാഗത്തുനിന്ന് കൃത്യമായ നടപടികളുണ്ടാവണമെന്ന് യു.എ.ഇ. വിദേശകാര്യമന്ത്രി അൻവർ ഗർഗാഷ് പറഞ്ഞു. ഖത്തറിന്റെ സ്പോർട്സ് ചാനലുകൾ യു.എ.ഇ. യിൽ സംപ്രേഷണം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അൽജസീറ ചാനലിന്റെ സൗദിയിലെ ഓഫീസുകൾ അടച്ചുപൂട്ടി.

ഖത്തറിൽനിന്നുള്ള ഉംറ തീർത്ഥാടകർക്ക് എല്ലാ സൗകര്യങ്ങളും സേവനങ്ങളും നൽകുമെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വിമാനസർവീസ് നിലച്ചതു പ്രതിസന്ധിയാകും. ഖത്തർ എയർവേസിനും സൗദി നിരോധനം പ്രഖ്യാപിച്ചു. മലയാളികളടക്കം ഖത്തറിൽ നിന്ന് ഉംറ തീർത്ഥാടനത്തിനെത്തിയവർ എങ്ങനെ മടങ്ങുമെന്ന ആശങ്കയിലാണ്. സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത്, മാലദ്വീപ്, യെമൻ, ലിബിയ എന്നീ രാജ്യങ്ങളുമാണ് ഖത്തറുമായുള്ള ബന്ധം തിങ്കളാഴ്ച മുതൽ അവസാനിപ്പിച്ചത്.