ദോഹ: ഖത്തർ ഇറാനുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നു. ഖത്തറിന്റെ വിദേശകാര്യ മന്ത്രാലയമാണ് ഈ വിവരം സ്ഥിരീകരിച്ചത്. 2016ൽ ആണ് ഖത്തർ നയതന്ത്രപ്രതിനിധിയെ തിരിച്ചു വിളിച്ചത്. ഉടൻ തന്നെ ഖത്തർ അംബാസഡർ ടെഹ്‌റാനിലേക്ക് തിരിച്ചു പോകുമെന്നും മന്ത്രാലയം അറിയിച്ചു. ഇറാനുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

സൗദിയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം മൂന്നു മാസങ്ങൾ പിന്നിടുമ്പോളാണ് ഖത്തറിന്റെ ധീരനടപടി. സൗദിയുടെ സമ്മർദ്ദപ്രകാരം 2016ലാണ് ഖത്തർ നയതന്ത്രപ്രതിനിധിയെ ടെഹ്‌റാനിൽ നിന്ന് തിരിച്ചു വിളിച്ചത്. ഷിയാ വംശജന്റെ വധശിക്ഷയെ തുടർന്ന് ഇറാനിലെ സൗദി മന്ത്രാലയത്തിനു നേരേ ആക്രമണം ഉണ്ടായിരുന്നു. ഇതേ തുടർ്ന്നാണ് ഇറാനുമായുള്ള നയതന്ത്രബന്ധങ്ങൾ വിച്ഛേദിക്കാൻ സൗദിയുടെ സമ്മർദ്ദം ഖത്തറിനുമേൽ ഉണ്ടായത്. സൗദിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഈ കടുത്ത നടപടിയിലേയ്ക്ക് ഖത്തർ നീങ്ങിയത്.

നയതന്ത്രപ്രതിനിധിയെ തിരിച്ചു വിളിച്ചെങ്കിലും ഖത്തർ- ഇറാൻ ബന്ധത്തിൽ ഏറെ മാറ്റമൊന്നും വന്നിരുന്നില്ല. വ്യാപാര ബന്ധങ്ങൾ പഴയപോലെ തന്നെ തുടർന്നിരുന്നു. ഇറാനുമായി പങ്കിടുന്ന പ്രകൃതി വാതകപ്പാടങ്ങളുടെ സഹകരണം നിർബ്ബാധം നടന്നിരുന്നു. ഖത്തറിന്റെ സാമ്പത്തികസ്രോതസ്സിൽ പ്രധാനപങ്കാണ് ഈ പദ്ധതിക്കുള്ളത്. ഇറാനെ ജിസിസിയിലെ എല്ലാവരും ഒറ്റപ്പെടുത്തിയിരിക്കുകയുമാണ്. സുന്നി-ശിയാ തർക്കവും ഇതിന്റെ ഭാഗമാണ്. ഈ സാഹചര്യം നിലനിൽക്കവെയാണ് സൗദിയുടെ വിലക്ക് ലംഘിച്ച് ഖത്തർ ഇറാനിലേക്ക് അംബാസഡറെ വീണ്ടും അയക്കുന്നത്.

ഖത്തറിന്റെ പുതിയ നടപടിയോട് ഇനിയും അറബ് ലോകം പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ജൂൺ 5നാണ് തീവ്രവാദികളുമായുള്ള ബന്ധം ആരോപിച്ച് ഖത്തറിനെ ഉപരോധത്തിലാക്കുന്നത്. സൗദി അറേബ്യയുടെ നേതൃത്വത്തിൽ ബഹ്‌റിൻ, ഈജിപ്ത്, യു എ ഇ എന്നീ രാജ്യങ്ങളാണ് നടപടി കൈക്കൊണ്ടത്. ഇതോടെ രാജ്യത്തെ വിനോദ സഞ്ചാര മേഖല പ്രതിസന്ധി നേരിട്ടു. വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ ഖത്തർ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് ഫ്രീ വിസ അനുവദിച്ചു. വളരെ ധീരമായാണ് വിലക്കിനെ ഖത്തർ നേരിട്ടുകൊണ്ടിരിക്കുന്നത്. വിലക്ക് വരുമ്പോൾ ഖത്തറിന് ആഹാരം പോലും കിട്ടില്ലെന്നായിരുന്നു സൗദിയും കൂട്ടരും വീമ്പു പറഞ്ഞത്. പാലു പോലും ഇല്ലാതെ ബുദ്ധിമുട്ടുമെന്നും ഇവർ വിശദീകരിച്ചു. പക്ഷേ ഒന്നും നടന്നില്ല.

ഖത്തറിനെതിരായ സൗദി സഖ്യരാജ്യങ്ങളുടെ ഉപരോധ തീരുമാനത്തിനുശേഷം ഇറാനിൽ നിന്നാണ് ഖത്തറിന് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത് . ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ നയതന്ത്ര ബന്ധം ഇരു രാജ്യങ്ങളും പുനഃസ്ഥാപിച്ചത്. നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുവെന്ന വാർത്ത ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളും അംഗീകരിച്ചിട്ടുണ്ട്. കൂടുതൽ ആളുകളെ ഖത്തറിലേക്ക് എത്തിക്കാനുള്ള ഉദ്ദേശ്യവും ഇതിനുണ്ട്. ആളുകൾ കൂടുതലായെത്തുമ്പോൾ ഖത്തറിന്റെ സാമ്പത്തിക രംഗത്ത് പുതിയ ഉണർവുണ്ടാകും. ടൂറിസവും കരുത്താർജ്ജിക്കും.