ദോഹ: ഖത്തറിലെ അബു സംറ അതിർത്തിക്കു സമീപം ലേബർ ക്യാംപിലുണ്ടായ വൻ തീപിടിത്തത്തിൽ 11 തൊഴിലാളികൾ മരിച്ചു. തീപിടിത്തത്തിൽ കത്തി കരിഞ്ഞ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരിൽ ഇന്ത്യക്കാരില്ലെന്നാണ് സൂചന. മൃതദേഹങ്ങൾ പൂർണമായും കത്തികരിഞ്ഞനിലയിലാണ്. തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തേണ്ടിവരുമെന്നാണ് പ്രാഥമിക വിവരം.മരിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ അറിവായിട്ടില്ല.

അബു സംറയ്ക്കു സമീപം നിർമ്മിക്കുന്ന ആഡംബര ഹോട്ടൽ സമുച്ചയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് എത്തിയ തൊഴിലാളികളാണു ക്യാംപിൽ താമസിച്ചിരുന്നത്. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണു തീപിടിത്തമുണ്ടായത്. കത്തിക്കരിഞ്ഞ നിലയിൽ 11 മൃതദേഹങ്ങൾ ഹമദ് ആശുപത്രി മോർച്ചറിയയിൽ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മരിച്ചത് ഏതു രാജ്യക്കാരാണ് എന്നതുൾപ്പെടെ വിവരങ്ങളൊന്നും ലഭ്യമല്ല.

ഹോട്ടലിന്റെ നിർമ്മാണചുമതല വഹിച്ചിരുന്ന പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയുടെ ലേബർ ക്യാംപ് പാടേ കത്തിനശിച്ചു. ക്യാംപിലുണ്ടായിരുന്ന തൊഴിലാളികളുടെ വസ്ത്രങ്ങൾ ഉൾപ്പെടെ മുഴുവനും കത്തിച്ചാമ്പലായി. രാത്രി തന്നെ തൊഴിലാളികളെ കമ്പനിയുടെ മറ്റു ക്യാംപുകളിലേക്കു മാറ്റുകയായിരുന്നു. മലയാളികൾ ഉൾപ്പെടെ ആയിരത്തോളം പേർ താമസിക്കുന്ന ക്യാംപാണിത് എന്നാണു ലഭിച്ച പ്രാഥമിക വിവരം.

സൽവ ടൂറിസം പ്രോജക്ടിന്റെ നിർമ്മാണ സ്ഥലത്താണ് തീപിടിത്തമുണ്ടായത്. തീയിൽ കനത്ത നാശനഷ്ടങ്ങളാണുണ്ടായത്. തീ പടർന്ന് അര മണിക്കൂറിനകം മൂന്ന് നിലകളുള്ള നാല് പോർട്ടോ കാബിനുകൾ പൂർണമായി കത്തിനശിച്ചതായാണ് റിപ്പോർട്ട്. കത്തിക്കരിഞ്ഞ നിലയിലാണ് 11 മൃതദേഹങ്ങൾ ഹമദ് ആശുപത്രി മോർച്ചറിയിൽ എത്തിച്ചത്.

ഖത്തറിലെ പ്രമുഖ നിർമ്മാണ കമ്പനിയുടെതാണ് ദുരന്തത്തിനിരയായ ലേബർ ക്യാമ്പ്. മലയാളികളടക്കം ആയിരത്തോളം പേർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ദോഹയിൽ നിന്ന് 100 കിലോമീറ്ററോളം ദൂരെ സൗദി അതിർത്തിക്ക് സമീപത്താണ് അപകടമുണ്ടായ സ്ഥലം. ഇവിടെ 2019ൽ പൂർത്തിയാവുന്ന ആഡംബര ബീച്ച് റിസോർട്ട് പദ്ധതിയുടെ നിർമ്മാണ സൈറ്റിലെ ക്യാമ്പിലാണ് ദുരന്തമുണ്ടായത്.