ഖത്തറിനെതിരെ സൗദി ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളെ കൊണ്ട് ഉപരോധം പ്രഖ്യാപിച്ചതിന്റെ മറവിൽ അമേരിക്ക നേടിയെടുത്തത് 78,000 കോടി രൂപയുടെ (1200 കോടി ഡോളർ) ആയുധ കരാർ. ബോയിങ് എഫ്15 യുദ്ധ വിമാനങ്ങൾ അമേരിക്കയിൽനിന്നും വാങ്ങാനുള്ള കരാറിൽ ഖത്തർ പ്രതിരോധ സഹമന്ത്രി ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്തിയയും യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസുമാണു വാഷിങ്ടണിൽ ഒപ്പുവച്ചത്.

നേരത്തേ തന്നെ അനുമതി ലഭിച്ച കരാറാണെങ്കിലും ഇപ്പോഴത്തെ സമ്മർദ സാഹചര്യങ്ങളിൽ ഇത് ഒപ്പിടാൻ കഴിഞ്ഞതു ഖത്തറിനു നയതന്ത്ര നേട്ടയെന്നാണ് വിലയിരുത്തൽ. യുഎസുമായി ഏറെക്കാലമായുള്ള സൗഹൃദത്തിന്റെയും സൈനിക സഹകരണത്തിന്റെയും ഉറപ്പു വ്യക്തമാക്കുന്നതാണു കരാറെന്ന് ഖത്തർ പ്രതിരോധ സഹമന്ത്രി പറഞ്ഞു.

യുഎസിൽ 60,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കരാർ സഹായകരമാകും. സംയുക്ത നാവിക അഭ്യാസത്തിനായി രണ്ടു യുഎസ് യുദ്ധക്കപ്പലുകൾ ഖത്തറിലെത്തിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം ശക്തമായി തുടരുമെന്നതിനു തെളിവായി. മധ്യപൗരസ്ത്യ, ഏഷ്യൻ മേഖലയിലെ യുഎസിന്റെ ഏറ്റവും വലിയ വ്യോമതാവളം ഖത്തറിലാണ്. ദോഹയിലെ അൽ ഉദീദ് വ്യോമതാവളത്തിൽ 11,000 യുഎസ് സൈനികരുണ്ട്. നൂറിലേറെ യുദ്ധവിമാനങ്ങളും ഇവിടെ നിന്നാണു നിയന്ത്രിക്കുന്നത്.

അതിനിടെ, തങ്ങൾക്കെതിരായ വ്യോമ ഉപരോധം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഖത്തറിന്റെ ആവശ്യം യുഎൻ സംഘടനയായ ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) പരിഗണനയ്‌ക്കെടുത്തു. ഖത്തർ, യുഎഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങളുമായി സംഘടന ഉടൻ ചർച്ച നടത്തുമെന്നാണ് അറിവ്.

തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോപിച്ചാണ് സൗദി ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങൾ ഖത്തറിന് മേൽ ഉപരോധം ഏർപ്പെടുത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൗദി അറേബ്യൻ സന്ദർശനത്തിന് പിന്നാലെയായിരുന്നു അപ്രതീക്ഷിതമായി ഖത്തറിന് മേൽ ജിസിസി അംഗരാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചത്.

ഉപരോധത്തെ തുടർന്ന് കര-വ്യോമയാന ബന്ധങ്ങൾ വിച്ഛേദിക്കുകയും ഖത്തറിനെ ഒറ്റപ്പെടുത്തുകയുമായിരുന്നു. ഇതോടെ ഖത്തറിനലേക്കുള്ള വിമാന സർവീസുകൾ ഗൾഫ് എയർ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ നിർത്തിവയ്ക്കുകയും ചരക്കുനീക്കം നിലയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ ഖത്തറിന്റെ ഔദ്യോഗിക വിമാന കമ്പനിയായ ഖത്തർ എയർവേയ്‌സ് ഇറാഖ് വഴിയാണ് രാജ്യത്തിന് പുറത്തേയ്ക്ക് സർവീസ് നടത്തിയിരുന്നത്. പ്രതിസന്ധി മറികടക്കാൻ കടൽമാർഗം ഇറാനിൽനിന്ന് അവശ്യസാധനങ്ങൾ എത്തിക്കുകയും ചെയ്തിരുന്നു.

പൂർണമായും ഒറ്റപ്പെട്ടതോടെ ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്രതലത്തിൽ തന്നെ ആവശ്യമുയരുകയും മധ്യസ്ഥശ്രമവുമായി കുവൈത്ത് രംഗത്തിറങ്ങുകയും ചെയ്തിരുന്നു. ഇതിനിടെ താൻ പറഞ്ഞിട്ടാണ് ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയതെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപും പരസ്യമായി സമ്മതിച്ചിരുന്നു. എന്നാൽ അമേരിക്ക ആയുധകരാർ നേടിയെടുത്തെന്ന വാർത്ത പുറത്തുവന്നതോടെ ഉപരോധത്തിൽനിന്ന് ഒന്നും നേടിയെടുക്കാനാകാതെ നിരുപാധികം പിന്മാറേണ്ട അവസ്ഥയിലാണ് ജിസിസി രാജ്യങ്ങൾ.

തീവ്രവാദത്തിന് എതിരെയാണ് ഉപരോധ പ്രഖ്യാപനം ഉണ്ടായതെങ്കിലും അതിന്റെ മറവിൽ അമേരിക്ക കോടികൾ നേടിയെടുക്കുകയും ഖത്തർ ജിസിസി മേഖലയിലെ നിർണായക ശക്തിയായി മാറുകയും ചെയ്‌തെന്ന ചരിത്രയാഥാർഥ്യം മറ്റു രാജ്യങ്ങളെ അലോസരപ്പെടുത്തുന്നതാണ്. ഏതായാലും അമേരിക്ക ലക്ഷ്യം നേടിയ സാഹചര്യത്തിൽ അംഗരാജ്യങ്ങൾക്ക് ഉപരോധവുമായി അധികകാല മുന്നോട്ടു പോകാൻ സാധിക്കില്ലെന്നും ഉറപ്പാണ്.