ദോഹ: എണ്ണ ഉത്പാദന രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിൽ നിന്ന് അംഗത്വം പിൻവലിക്കുന്നതായി ഖത്തർ. ഒപെക്കിൽ നിന്നു പിരിയുന്ന ഖത്തർ അന്താരാഷ്ട്ര വിപണിയിൽ തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാനുള്ള തന്ത്രങ്ങൾ മെനയുമെന്നും നാച്ചുറൽ ഗ്യാസ് ഉത്പാദനത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുമെന്നും ഖത്തർ ഊർജമന്ത്രി സാദ് അൽ സാബി വ്യക്തമാക്കി.

അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിക്കുകയും യുഎസ്- ചൈന വ്യാപാരയുദ്ധത്തിൽ താത്ക്കാലികമായി വെടിനിർത്തൽ പ്രഖ്യാപിക്കുകയും ചെയ്തതിനു തൊട്ടുപിന്നാലെയാണ് ഒപെക്കിൽ നിന്ന് പിന്മാറുന്ന വിവരം ഖത്തർ പ്രഖ്യാപിച്ചത്. ഇറക്കുമതിക്കുള്ള തീരുവ വർധിപ്പിച്ചത് 90 ദിവസത്തേക്ക് മരവിപ്പിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ജി 20 യോഗത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തീരുമാനമെടുത്തിരുന്നു. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്കു യുഎസ് പുതിയ തീരുവ ചുമത്തുന്നതു നിർത്തിവയ്ക്കും. അതുപോലെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കമ്മി കുറയ്ക്കുന്നതിന് യുഎസിൽ നിന്നുള്ള കൂടുതൽ ഉൽപന്നങ്ങൾ ചൈന ഇറക്കുമതി ചെയ്യും. ചൈന-യുഎസ് വ്യാപാരക്കരാർ ഉണ്ടാക്കിയതിന് തൊട്ടുപിന്നാലെ എണ്ണവില അഞ്ചു ശതമാനമാണ് വർധിച്ചത്.

ഒപെക് മീറ്റിങ് ഈയാഴ്ച നടക്കാനിരിക്കെയാണ് ഖത്തർ സംഘടനയിൽ നിന്ന് പിന്മാറുന്ന വിവരം പ്രഖ്യാപിച്ചത്. ഒപെക് മീറ്റിംഗിൽ എണ്ണ ഉത്പാദനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയേക്കാമെന്ന് ആശങ്കയിലാണ് ഖത്തർ സംഘടനയിൽ നിന്ന് പിന്മാറുന്നത്. 2019 ജനുവരിയിൽ തന്നെ ഒപെക്കിലെ അംഗത്വം ഖത്തർ പിൻവലിക്കുകയാണെന്നും രാജ്യം അന്താരാഷ്ട്ര വിപണിയിൽ സ്വതന്ത്രമായി നയങ്ങൾ രൂപീകരിക്കുകയാണെന്നും സാദ് അൽ ഖാബി വ്യക്തമാക്കി.

ഖത്തർ അതിന്റെ നാച്ചുറൽ ഗ്യാസ് ഉത്പാദത്തിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കുമെന്നാണ് സാദ് അൽ ഖാബി വെളിപ്പെടുത്തിയിരിക്കുന്നത്. ഈ മാസം ആറിന് ഒപെക് മീറ്റിങ് നടക്കാനിരിക്കെ ഖത്തറിന്റെ പ്രഖ്യാപനം ഏറെ ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്. എണ്ണ ഉത്പാദന രാജ്യങ്ങളും റഷ്യയുൾപ്പെടെയുള്ള നോൺ ഒപെക് രാജ്യങ്ങളും ചേർന്ന് എണ്ണ ഉത്പാദനത്തിൽ നിയന്ത്രണം കൊണ്ടുവരാനുള്ള പദ്ധതികൾ അടുത്ത മീറ്റിംഗിൽ പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിയുന്നതിന് പരിഹാരമായി സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് എണ്ണ ഉത്പാദനത്തിൽ നിയന്ത്രണം കൊണ്ടുവരാനായിരുന്നു ആലോചന. എണ്ണ ഉത്പാദനത്തിൽ പ്രതിദിനം പത്തു ലക്ഷം ബാരലിനും 14 ലക്ഷം ബാരലിനും ഇടയ്ക്ക് നിയന്ത്രണം കൊണ്ടുവരാനാണ് ആലോചന. 2016 ഡിസംബറിന് ശേഷമുള്ള ഏറ്റവും വലിയ നിയന്ത്രണമായിരിക്കും ഇതെന്ന് പറയപ്പെടുന്നു. 2017-ലും 18ലും എണ്ണവില വർധിച്ചുവെങ്കിലും ഈ നവംബറിൽ ഏറ്റവും താഴ്ന്ന നിരക്കാണ് ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണിയിൽ രേഖപ്പെടുത്തിയത്. ഉത്പാദനം ഇതേ തോതിൽ തുടർന്നാൽ ക്രൂഡ് ഓയിൽ വില ഇനിയും ഇടിയാൻ സാധ്യതയുണ്ട്.

ഒപെക് രാജ്യങ്ങളിൽ ഖത്തറിന്റെ ഉത്പാദനം രണ്ടു ശതമാനത്തിൽ താഴെയാണെങ്കിലും ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (എൽഎൻജി) കയറ്റുമതിയിൽ ഖത്തർ ലോകത്തിൽ തന്നെ മുമ്പന്തിയിലുള്ള രാജ്യമാണ്. അമേരിക്കയിലും എണ്ണ ഉത്പാദനം വർധിച്ചു വരുന്ന സാഹചര്യത്തിൽ വിപണിയിൽ എണ്ണ വില കുത്തനെ ഇടിയുകയാണ്. അടുത്ത വർഷവും യുഎസിൽ എണ്ണ ഉത്പാദനം വർധിച്ചതോതിൽ തന്നെയായിരിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഡിസംബറിൽ ഖത്തറിൽ ഇന്ധനവിലയിൽ 25 ദിർഹത്തിന്റെ കുറവ് രേഖപ്പെടുത്തിയിരുന്നു.

അന്താരാഷ്ട്ര വിപണിയിൽ ഓയിൽവില പിടിച്ചു നിർത്താൻ ഒപെക് രാജ്യങ്ങളുടെ പങ്കാളിത്തം ഏറെ അനിവാര്യമാണ്. അതുകൊണ്ടു തന്നെ ഖത്തർ ഇതിൽ നിന്നു പിന്മാറുന്നു എന്നു പ്രഖ്യാപിച്ചത് സംഘടനയുടെ ഐക്യത്തിനു തന്നെ ഭീഷണിയുയർത്തുന്നുണ്ട്. 1961 മുതൽ ഖത്തർ ഒപെക്കിൽ അംഗമാണ്. ഒപെക്കിൽ നിന്ന് പിന്മാറുന്ന ആദ്യത്തെ മിഡിൽ ഈസ്റ്റ് രാജ്യമാണ് ഖത്തർ. ഒപെക് അംഗമായ സൗദിയുമായുള്ള ബന്ധത്തിലും ഉലച്ചിൽ സംഭവിച്ചിരിക്കുന്ന ഈ സമയത്ത് ഖത്തർ ഉടക്കിപ്പിരിയുന്നത് ഏവരും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് സൗദിയുടെ നേതൃത്വത്തിൽ ഖത്തറിനെതിരേ ഉപരോധം ഏർപ്പെടുത്തിയത്.