തൊഴിൽ മേഖലയിൽ പരസ്പരം മത്സരിക്കുന്ന കമ്പനികളിലേക്ക് കരാർ കാലാവധികഴിഞ്ഞ തൊഴിലാളികൾക്ക് മാറാനാവില്ലെന്ന് തൊഴിൽ സാമൂഹ്യമന്ത്രാലയം. കരാർ കാലാവധി കഴിഞ്ഞ തൊഴിലാളികൾക്ക് മെച്ചപ്പെട്ട ജോലിയിലേക്ക് മാറാൻ അവകാശമുണ്ട്. എന്നാൽ ആദ്യം ജോലിചെയ്തിരുന്ന കമ്പനിയുമായി എല്ലാതരത്തിലും മത്സരിക്കുന്ന കമ്പനിയിലേക്കാണ് തൊഴിലാളി മാറുന്നതെങ്കിൽ അതു തടയാൻ ആദ്യതൊഴിലുടമയ്ക്ക് അവകാശമുണ്ടെന്ന് തൊഴിൽ താമസാനമുതി നിയമത്തിൽ വ്യക്തത നല്കി മന്ത്രാലയം അറിയിച്ചു.

അതേസമയം പ്രൊജക്ട് വിസയിലെത്തിയവർക്ക് കാലാവധി കഴിഞ്ഞാൽ തൊഴിൽ മാറാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഖത്തറിൽ നിലവിൽ വന്ന തൊഴിൽ നിയമം അനുസരിച്ച് കരാർ ഒപ്പിടുന്ന കമ്പനികൾക്ക് തങ്ങളുടെ ജീവനക്കാർ സമാന സ്വഭാവത്തോടെ പ്രവർത്തിക്കുന്ന മറ്റെതെങ്കിലും കമ്പനികളിലേക്ക് തൊഴിൽ മാറുന്നത് തടയാനുള്ള അധികാരമുണ്ടായിരിക്കും. ഖത്തർ ഭരണ വികസന, തൊഴിൽ, സാമൂഹ്യക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം അറിയച്ചത്. കരാർ പൂർത്തിയാകും മുമ്പ് തൊഴിലാളിക്ക് ന്യായമായ കാരണങ്ങൾ ഉണ്ടെങ്കിൽ മറ്റ് ഏതെങ്കിലും കമ്പനിയിൽ ജോലിക്ക് ചേരാനുള്ള അവകാശം പുതിയ നിയമത്തിൽ വ്യക്തമാക്കിയിരുന്നു. അതിനാലാണ് പുതിയ വ്യവസ്ഥയെ കുറിച്ചുള്ള മന്ത്രാലയത്തിന്റെ വിശദീകരണം.

ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന തൊഴിലാളിക്ക് തൊഴിൽപരമായ മൽസര സ്വഭാവമുള്ള കമ്പനിയിലേക്ക് തൊഴിൽ മാറാൻ കഴിയില്ലെന്ന് കരാർ രൂപപ്പെടുത്തുമ്പോൾ തന്നെ രേഖപ്പെടുത്തിയിരിക്കണം. കരാറിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടില്ലാത്ത തൊഴിലാളി പ്രസ്തുത കമ്പനിയിൽ നിന്ന് വിട്ടുപോയി സമാന സ്വഭാവമുള്ള മറ്റൊരു കമ്പനിയിൽ ചേർന്നാൽ കമ്പനിക്ക് ആക്ഷേപമുന്നയിക്കാനുള്ള അവകാശം ഉണ്ടായിരിക്കില്ല.

അതേസമയം പ്രൊജക്റ്റ് വിസയിലത്തെി രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികൾക്ക് പ്രൊജക്റ്റ് പൂർത്തിയായാൽ മറ്റ് കമ്പനികളിലേക്ക് ജോലി മാറാനുള്ള അനുവാദമുണ്ട്. ഇവർക്ക് തൊഴിൽ കരാർ പൂർത്തിയായി കഴിഞ്ഞാൽ അടുത്ത മൂന്ന് മാസം വരെ മറ്റ് തൊഴിൽ കരാറിലേക്ക് മാറാൻ സാവകാശം ലഭിക്കും. എന്നാൽ ഈ കാലയളവിൽ തൊഴിൽ മാറ്റം സംബന്ധമായ മുഴുവൻ നടപടി ക്രമങ്ങളും പൂർത്തിയാക്കിയിരിക്കണം. ഖത്തർ റെയിൽ ഉൾപ്പെടെയുള്ള നിരവധി പ്രൊജക്ടുകളിൽ ഏർപ്പെട്ടുകഴിയുന്ന വലിയൊരു വിഭാഗം പ്രവാസികൾക്ക് ഇത് ഗുണകരമാവും.