ദോഹ. ഖത്തറിലെ യുവ മലയാളി കവയിത്രി സമീഹ ജുനൈദിന്റെ മൂന്നാമത് ഇംഗ്ളീഷ് കവിതാ സമാഹാരമായ ഷീല്‍ഡിംഗ് സണ്‍ഫ്ളവറിന്റെ കവര്‍ പേജിന്റെ പ്രകാശനം സ്‌കില്‍സ് ഡെവലപ്മെന്റ് സെന്റര്‍ കമ്മ്യൂണിറ്റി ഹാളില്‍ വെച്ചു നടന്നു. ഖത്തറിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്ത ചടങ്ങില്‍ കവര്‍ പേജ് ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്തകനും മീഡിയ പ്ലസ് സി ഇ ഒ യുമായ ഡോ. അമാനുല്ല വടക്കാങ്ങര പ്രകാശനം ചെയ്തു.

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഉപദേശകസമിതി ചെയര്‍മാന്‍ പി എന്‍ ബാബുരാജന്‍, ഐ സി ബി എഫ് ഉപദേശക സമിതി ചെയര്‍മാന്‍ കെ എസ് പ്രസാദ്, ഔട്റീച്ച് ഖത്തര്‍ പ്രസിഡന്റ് അവിനാഷ് ഗൈക്വാഡ്, ഖത്തര്‍ ട്രിബൂണ്‍ സീനിയര്‍ കറസ്‌പോണ്ടന്റ് സത്യേന്ദ്ര പതക്, റേഡിയോ മലയാളം സി ഇ ഒ അന്‍വര്‍, ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറം ജനറല്‍ സെക്രട്ടറി ഹുസ്സൈന്‍ കടന്നമണ്ണ , ഐ സി സി മുന്‍ ജനറല്‍ സെക്രട്ടറി ക്യഷ്ണകുമാര്‍, സന്തോഷ് പിള്ളൈ, ഐ സി സി മാനേജ്‌മെന്റ് കമ്മറ്റി മെമ്പര്‍ സന്ദീപ് റെഡ്ഡി തുടങ്ങിയ പ്രമുഖര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ അറിയിച്ചു.

സമീഹയുടെ എ ജര്‍ണല്‍ ഓഫ് എ സ്റ്റാള്‍വാര്‍ട്ട് എന്ന ജര്‍ണല്‍ ഡയറിയില്‍ നിന്നുള്ള ഏതാനും കവിതകളടക്കം മൊത്തം 50 കവിതകളാണ് പുതിയ സമാഹാരത്തിലുള്ളത്. സംസ്‌കാരിക പ്രവര്‍ത്തകന്‍ സമീര്‍ മൂസ സമീഹ യുടെ കവിതകളെ പരിചയപ്പെടുത്തി ചടങ്ങ് നിയന്ത്രിച്ചു.

ഖത്തറിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അമേലിയ യും ജുവാന യും സമീഹ യുടെ കവിതകള്‍ ചൊല്ലി. ഖത്തറില്‍ ജനിച്ചുവളര്‍ന്ന തന്റെ സര്‍ഗസഞ്ചാരത്തിന്റെ പുതിയ നാഴികക്കല്ലായ ഈ പുസ്തകത്തിന്റെ കവര്‍ പ്രകാശനം ദോഹയിലെ സാമൂഹ്യ സാംസ്‌കാരിക പ്രമുഖരുടെ സാന്നിധ്യത്തില്‍ നിര്‍വഹിക്കുവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇതിന് മുന്‍കൈയെടുത്ത സ്‌കില്‍സ് ഡവലപ്മെന്റ് സെന്റര്‍ മാനേജ്മെന്റിനോട് ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും സമീപ പറഞ്ഞു. സമീഹയുടെ മാതാവ് അസൂറ ജുനൈദ്, അവരുടെ ഭര്‍ത്താവ് മുഹമ്മദ് പി.കെ എന്നിവര്‍ നന്ദി പ്രകടനം നടത്തി.