ദോഹ. ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ ഒമ്പതാം ഭാഗം ദോഹയില്‍ പ്രകാശനം ചെയ്തു. സിഗ്‌നേച്ചര്‍ ബൈ മര്‍സയില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ വേള്‍ഡ് കെ.എം.സി.സി വൈസ് പ്രസിഡണ്ട് എസ്.എ.എം. ബഷീറിന് ആദ്യ പ്രതി നല്‍കി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ സത്യേന്ദ്ര പഥക് ആണ് പുസ്തകം പ്രകാശനം ചെയ്തത്.

പ്രചോദനങ്ങള്‍ എല്ലാവര്‍ക്കും ആവശ്യമാണെന്നും മനുഷ്യന്റെ ക്രിയാത്മകതയും സര്‍ഗാത്മകതയും ഉണര്‍ത്തുവാന്‍ പ്രചോദനാത്മക ചിന്തകള്‍ക്കും രചനകള്‍ക്കും സാധിക്കുമെന്നും പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവേ സത്യേന്ദ്ര പഥക് പറഞ്ഞു. വൈജ്ഞാനിക സാഹിത്യരംഗത്തെ ശ്രദ്ധേയമായ സംഭാവനയാണ് വിജയമന്ത്രങ്ങള്‍.

ജീവിത വ്യവഹാരങ്ങളില്‍ തളരുന്ന മനുഷ്യര്‍ക്ക് രക്ഷപ്പെടാനും മുന്നോട്ടുപോകുവാനുമുള്ള ടൂള്‍ കിറ്റാണ് വിജയമന്ത്രങ്ങള്‍ എന്ന് പുസ്തകം സ്വീകരിച്ച് സംസാരിച്ച വേള്‍ഡ് കെ.എം.സി.സി വൈസ് പ്രസിഡണ്ട് എസ്.എ.എം. ബഷീര്‍ പറഞ്ഞു.

ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം പ്രസിഡണ്ട് ഡോ.കെ.സി.സാബു, ഖത്തര്‍ മലയാളി ഇന്‍ഫ്ളവന്‍സേര്‍സ് അധ്യക്ഷ ലിജി അബ്ദുല്ല, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ഏയ്ഞ്ചല്‍ റോഷന്‍, എന്‍.വി.ബി.എസ് ഡയറക്ടര്‍ ബേനസീര്‍ മനോജ്, സൗദി ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.കെ.എം. മുസ്തഫ സാഹിബ്, അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍ ഫൈസല്‍ റസാഖ് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

ജി.ആര്‍.സി.സി അധ്യക്ഷയും പേള്‍ സ്‌കൂള്‍ അധ്യാപികയുമായ രോഷ്നി കൃഷ്ണന്റെ ലൈവ് പെയിന്റിംഗ് പരിപാടിക്ക് നിറം പകര്‍ന്നു. കേവലം 5 മിനിറ്റുകള്‍കൊണ്ടാണ് രോഷ്നിയുടെ മാന്ത്രികവിരലുകള്‍ മനോഹരമായ കലാസൃഷ്ടി പൂര്‍ത്തീകരിച്ചത്. വിജയമന്ത്രങ്ങളുടെ കവര്‍ ഇമേജ് വരച്ച് ഗ്രന്ഥകാരന് സമ്മാനിച്ച രോഷ്നി കൃഷ്ണന്‍ സദസ്സിന്റെ കയ്യടി വാങ്ങി