ദോഹ: ഖത്തറിലെ മലയാളി പ്രവാസി സമൂഹത്തിന് വേണ്ടി ഔഖാഫ്-മതകാര്യ മന്ത്രാലയത്തിന് കീഴിലെ ശൈഖ് അബ്ദുല്ല ബിന്‍ സൈദ് ആല്‍മഹമൂദ് ഇസ്ലാമിക് കള്‍ചറല്‍ സെന്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. വക്‌റയിലെ ഇഫ്താര്‍ കൂടാരത്തില്‍ നടന്ന സംഗമത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ തൊള്ളായിരത്തിലധികം പേര്‍ പങ്കെടുത്തു.

ദേഹേച്ഛയെയും പൈശാചിക ചിന്തകളെയും അതിജയിക്കാന്‍ മനുഷ്യ സമൂഹത്തിന് ദൈവമേകിയ കാരുണ്യമാണ് റമദാന്‍ മാസമെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച യാസിര്‍ അറഫാത്ത് പറഞ്ഞു. ഖുര്‍ആനിന്റെ വാര്‍ഷിക മാസത്തില്‍ വിശുദ്ധ ഗ്രന്ഥത്തിന്റെ സന്ദേശമുള്‍ക്കൊണ്ട് ജീവിതം ചിട്ടപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ബിന്‍ സൈദ് ഇസ്ലാമിക് കള്‍ചറല്‍ സെന്ററിനെ പ്രതിനിധീകരിച്ച് കമ്മ്യൂണിറ്റി ഏക്റ്റിവിറ്റി സൂപ്പര്‍വൈസര്‍ ഡോ. മുഹമ്മദ് അബ്ദുറഹീം അല്‍-തഹ്ഹാന്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ക്വിസ് മത്സരത്തിന് നബീല്‍ ഓമശ്ശേരി നേതൃത്വം നല്‍കി. 20 വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രസിഡണ്ട് ഖാസിം ടി.കെ അധ്യക്ഷത വഹിച്ചു. ഫാജിസ് ഖുര്‍ആന്‍ പാരായണം നടത്തി. സി.ഐ.സി ജനറല്‍ സെക്രട്ടറി ബിലാല്‍ ഹരിപ്പാട് സ്വാഗതം പറഞ്ഞു.