- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Qatar
- /
- Association
ഒരുമയുടെ സന്ദേശവുമായി സി.ഐ.സി സൗഹൃദ ഇഫ്താര്‍ സംഗമങ്ങള്‍
ദോഹ: അസഹിഷ്ണുതയും വിദ്വേഷവും വര്‍ദ്ധിച്ചുവരുന്ന സാമൂഹിക സാഹചര്യത്തില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഖത്തറിലെ വിവിധ കേന്ദ്രങ്ങളിലായി ഒരുക്കിയ സൗഹൃദ ഇഫ്താര്‍ സംഗമങ്ങള്‍ പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി.
സി.ഐ.സി ദോഹ സോണ്‍ നടത്തിയ സംഗമത്തില്‍ മുഹമ്മദ് സക്കരിയ മുഖ്യപ്രഭാഷണം നടത്തി. ജീവിച്ചു തീര്‍ത്തിട്ട് മരിക്കാന്‍ സമയമില്ലാത്തവര്‍, ഐഹിക ജീവിതത്തിന്റെ നശ്വരതയും ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യവും തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.
അബൂ അഹ്‌മദ് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ചന്ദ്രശേഖരന്‍ ഗാനമാലപിച്ചു. സാജന്‍ നോമ്പനുഭവങ്ങള്‍ പങ്കുവെച്ചു. ജോജോ ജോസ് (ഫാറ്റ് ടു ഫിറ്റ്) ആശംസകള്‍ നേര്‍ന്നു. ദോഹ സോണ്‍ പ്രസിഡന്റ് ബഷീര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. സൗദ ഖുര്‍ആന്‍ പാരായണം നിര്‍വഹിച്ചു. സുനില അബ്ദുല്‍ ജബ്ബാര്‍ നന്ദി പറഞ്ഞു.
റയ്യാന്‍ സോണ്‍ സംഘടിപ്പിച്ച സംഗമത്തില്‍ സി.ഐ.സി. മദീന ഖലീഫ സോണല്‍ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് റമദാന്‍ സന്ദേശം നല്‍കി. ജീവിതത്തിന്റെ സകല മേഖലകളിലും ഇസ്ലാം മുന്നോട്ട് വെക്കുന്ന മൂല്യങ്ങള്‍ മുഴുവന്‍ മനുഷ്യര്‍ക്കും ഗുണകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വര്‍ഗീയമായും വംശീയമായും ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ സ്‌നേഹവും സാഹോദര്യവും കൊണ്ട് പരാജയപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
സോണല്‍ വൈസ് പ്രസിഡന്റ് സുഹൈല്‍ ശാന്തപുരം അധ്യക്ഷത വഹിച്ചു. തത്സമയ പ്രശ്‌നോത്തരിയില്‍ ഹരിദാസ്, ദേവന്‍, റിനോയ്, വീണ, വിനീത്, സാലു, വിനോദ്, സുജീഷ്, സുരേഷ് എന്നിവര്‍ വിജയികളായി. പ്രശ്‌നോത്തരി അബ്ദുല്‍ ജലീല്‍ എം.എം. നിയന്ത്രിച്ചു. അക്ഷയ ടീച്ചര്‍ നോമ്പോര്‍മ്മകള്‍ പങ്കുവെച്ച് സംസാരിച്ചു.
സോണല്‍ ഭാരവാഹികളായ സുബുല്‍ അബ്ദുല്‍ അസീസ്, അസ്ഹര്‍ അലി, ബാസിത്, അബ്ദുല്‍ സലാം, മുഹമ്മദ് റഫീഖ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.