- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Qatar
- /
- News Qatar
'ബുദ്ധിമുട്ട് അനുഭവിക്കുന്ന യാത്രക്കാരെ..സഹായിക്കും'; പ്രത്യേക വ്യോമപാതകൾ വഴി വിമാനം പറക്കും; നിർത്തിവെച്ചിരുന്ന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ച് ഖത്തർ എയർവേയ്‌സ്

ദോഹ: മേഖലയിൽ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് നിർത്തിവെച്ച വിമാന സർവീസുകൾ ഖത്തർ എയർവേയ്‌സ് ഭാഗികമായി പുനരാരംഭിച്ചു. മാർച്ച് 9 മുതൽ 11 വരെ പ്രത്യേക വ്യോമപാതകൾ വഴി നടത്തുന്ന ഈ സർവീസുകൾ, വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണ്. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പ്രത്യേക അനുമതിയോടെയാണ് ഈ നടപടി.
നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് പരിമിതമായ സർവീസുകൾ മാത്രമായിരിക്കും ഉണ്ടാകുകയെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും വേഗത്തിലും സുരക്ഷിതമായും ഒത്തുചേരാൻ സഹായിക്കുന്നതിനായാണ് പ്രത്യേക വിമാന സർവീസുകളെന്ന് ഖത്തർ എയർവേയ്‌സ് വ്യക്തമാക്കി.
മാർച്ച് 9-ന് ദോഹയിൽ നിന്ന് സിയോൾ, മോസ്കോ, ലണ്ടൻ ഹീത്രോ, ന്യൂഡൽഹി, മാഡ്രിഡ്, ഇസ്ലാമാബാദ്, ബീജിംഗ്, പെർത്ത്, നെയ്‌റോബി എന്നിവിടങ്ങളിലേക്ക് വിമാനങ്ങളുണ്ട്. മാർച്ച് 10-ന് ദോഹയിൽ നിന്ന് കൊച്ചി, മുംബൈ, ന്യൂഡൽഹി, കെയ്‌റോ, ലണ്ടൻ ഹീത്രോ, ജിദ്ദ, മനില, മസ്‌കറ്റ്, ഇസ്താംബുൾ, നെയ്‌റോബി, ഇസ്ലാമാബാദ്, മാഡ്രിഡ്, ഫ്രാങ്ക്ഫർട്ട്, കൊളംബോ, മിലാൻ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് സർവീസുകൾ നടത്തും. ഈ വിമാനങ്ങളുടെ ദോഹയിലേക്കുള്ള മടക്കയാത്രകൾ മാർച്ച് 10, 11 തീയതികളിലായിരിക്കും.
സാധാരണ വാണിജ്യ സർവീസുകൾ പൂർണ്ണമായി പുനരാരംഭിച്ചിട്ടില്ലെന്നും, നിലവിൽ പ്രഖ്യാപിച്ച വിമാനങ്ങൾ പ്രത്യേക സാഹചര്യം പരിഗണിച്ചുള്ളതാണെന്നും ഖത്തർ എയർവേയ്‌സ് എടുത്തുപറഞ്ഞു. ടിക്കറ്റുകൾ ഉറപ്പാക്കിയ യാത്രക്കാർ മാത്രം വിമാനത്താവളത്തിൽ എത്തിയാൽ മതിയെന്ന് അധികൃതർ നിർദ്ദേശിച്ചു. യാത്രക്കാർക്ക് അവരുടെ യാത്ര 14 ദിവസത്തിനുള്ളിൽ മാറ്റിവെക്കാനോ ടിക്കറ്റ് തുക തിരികെ വാങ്ങാനോ അവസരമുണ്ടാകും.
നേരത്തെ, മാർച്ച് 8-ന് ആംസ്റ്റർഡാം, ബെർലിൻ, ഫ്രാങ്ക്ഫർട്ട്, ലണ്ടൻ, സൂറിച്ച് എന്നിവിടങ്ങളിലേക്ക് ഖത്തർ എയർവേയ്‌സ് സമാനമായ പ്രത്യേക വിമാന സർവീസുകൾ നടത്തിയിരുന്നു. അന്ന്, കുടുംബങ്ങളുള്ള ഒറ്റപ്പെട്ട യാത്രക്കാർ, പ്രായമായവർ, അടിയന്തിര മെഡിക്കൽ ആവശ്യങ്ങളുള്ളവർ എന്നിവർക്ക് മുൻഗണന നൽകിയിരുന്നു. നിലവിലെ പ്രതിസന്ധിയിൽ കുടുങ്ങിയ യാത്രക്കാർക്ക് ആശ്വാസമേകാനുള്ള ഖത്തർ എയർവേയ്‌സിന്റെ ശ്രമങ്ങൾക്ക് ഈ പ്രത്യേക സർവീസുകൾ ഊന്നൽ നൽകുന്നു.


