തിരുവനന്തപുരം: ചലന ചിത്രങ്ങളൊടുള്ള മനുഷ്യന്റെ അതിരറ്റ അഭിനിവേശത്തെ തിരിച്ചറിഞ്ഞതിനാലാണ് ടെക്‌നോപാർക്കിലെ  ജീവനക്കാരുടെ  സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനി അതിന്റെ തുടക്കം നാലുവർഷങ്ങൾക്ക് മുൻപ് ടെക്കികൾക്കായുള്ള ആദ്യത്തെ ഹൃസ്വ ചലച്ചിത്ര മത്സരമായ ക്വിസയിലൂടെ കുറിച്ചിട്ടത്. ആവേശൊജ്ജ്വലമായ പ്രതികരണമായിരിന്നു ക്വിസക്ക് ലഭിച്ചത്. ടെക്‌നോപാർക്കിനുള്ളിൽ ചലച്ചിത്രത്തിന്റെ ഭാഷയുൾക്കൊണ്ട ഭാവനാസമ്പന്നരും പ്രതിഭാധനന്മാരുമായ കലാകാരന്മാർ ഏറെയുണ്ടെന്ന് പുറം ലോകത്തെ വിളിച്ചോതുന്നതായിരിന്നു ക്വിസയുടെ മുൻ വർഷങ്ങളിലെ പതിപ്പുകളായ ക്വിസ 2012, ക്വിസ2013, ക്വിസ2014 എന്നിവ. അവയുടെ ചുവടു പിന്തുടർന്ന് പ്രതിധ്വനി നാലാം തവണയും ടെക്കികൾക്കായുള്ള ഹൃസ്വ ചലച്ചിത്ര മത്സരമായ ക്വിസ 2015 നടത്തുകയാണ്.

ടെക്‌നോപാർക്കിലെ കലാകാരന്മാർക്ക് തങ്ങളുടെ ചലച്ചിത്ര രംഗത്തെ കഴിവ് തെളിയിക്കാനുള്ള ഏറ്റവും വലിയ അവസരമാണ് ക്വിസ 2015 എന്ന ടെക്കികളുടെ ചലച്ചിത്ര മത്സരത്തിലൂടെ കൈവരുന്നത്. മത്സരത്തിനുള്ള ഹൃസ്വ ചലച്ചിത്രങ്ങളുടെ രെജിസ്‌ട്രേഷൻ 2015 ഡിസംബർ 16 നു  ആരംഭിച്ചു കഴിഞ്ഞു. 2016 ജനുവരി 31 ആണ് രജിസ്‌റ്റ്രേഷനുള്ള അവസാന തീയതി. അനവധി തവണ ദേശീയ ചലച്ചിത്ര അവാർഡ് നിർണ്ണയ സമിതിയിൽ അംഗമായിട്ടുള്ള പ്രശസ്ത ചലച്ചിത്ര നിരൂപകൻ  എം.എഫ്. തോമസ് ചെയർമാനായുള്ള ജൂറിയാണ് മത്സരത്തിനെത്തുന്ന ഹൃസ്വ ചിത്രങ്ങളെ വിലയിരുത്തുക.

കഴിഞ്ഞ മൂന്നു തവണകളിലായി ക്വിസ ഇതിനകം  71 ഹൃസ്വ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയുണ്ടായി. ടെക്‌നോപാർക്ക് നെഞ്ചോട് ചേർത്ത് പിടിച്ച ഈ ഹൃസ്വ ചിത്ര മത്സരം രണ്ട് ഘട്ടങ്ങളായാണ് അവതരിപ്പിക്കപ്പെടുക. ടെക്‌നോപാർക്കിനു മുൻപാകെ  മത്സരാർഹമായ ചിത്രങ്ങളുടെ പ്രദർശനമാണ് ആദ്യ ഘട്ടമെങ്കിൽ സമ്മാനം ലഭിച്ച ചിത്രങ്ങൾക്കുള്ള അവാർഡ് വിതരണമാണ് അവസാന ഘട്ടം. മികച്ച ചിത്രത്തിനും അണിയറ ശില്പികൾക്കും മികച്ച നടനുമുള്ള കാഷ് അവാർഡ് ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭകളിൽ നിന്നും ഏറ്റു വാങ്ങാനുള്ള അപൂർവ അവസരവും ലഭിക്കുന്നു. പുരസ്‌കാരങ്ങൾ ലഭിച്ച ചിത്രങ്ങൾ ടെക്കികൾക്ക് മുൻപിൽ അന്നേ ദിവസം തന്നെ പുനഃപ്രദർശിപ്പിക്കുകയും ചെയ്യും.

ക്വിസ  2015 ചിത്രങ്ങളുടെ സ്‌ക്രീനിങ്  2016 ഫെബ്രുവരി ആറിന് ശനിയാഴ്ച , പാർക്ക് സെന്റർ ട്രാവൻകൂർ ഹാളിൽ നടക്കും. അവാർഡ് വിതരണം മലയാള ചലച്ചിത്ര മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ ഫെബ്രുവരി ഒമ്പതിനു വൈകുന്നരം ടെക്‌നോപാർക്കിൽ നടക്കും.

ക്വിസ 2015 ന്റെ നിയമാവലി താഴെ ചേർക്കുന്നു

1. ടെക്‌നോപാർക്കിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന ഹൃസ്വ ചലച്ചിത്ര മേളയാണ് ക്വിസ 2015. മത്സരാർഹമായ ചിത്രങ്ങളുടെ പ്രദർശനം 2016  ഫെബ്രുവരി ആറിന് ടെക്‌നോപാർക്കിൽ വച്ച് നടക്കും.

2. ടെക്‌നോപാർക്കിലെ ഉദ്യോഗസ്ഥരെ മാത്രം ഉദ്ദേശിച്ചുള്ളതായിർക്കും ഈ മത്സരം.

3. സംവിധായകനും തിരക്കഥാ കൃത്തും  ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്നവരായിരിക്കണം.

4. 2013 ജനുവരി 1 നു ശേഷം നിർമ്മിച്ച ചിത്രങ്ങൾ മാത്രമേ മത്സരത്തിന് അയക്കാൻ കഴിയൂ. മുൻ വർഷങ്ങളിലെ ക്വിസയിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾ മത്സരത്തിന് അയക്കരുത്.

5. DVD ഫോർമാറ്റിലുള്ള ചിത്രങ്ങൾ 2016 ജനുവരി 30 നു മുൻപാകെ കമ്മറ്റി മുൻപാകെ സമർപ്പിക്കേണ്ടതാണ്.

6. ഓരോ ചിത്രവും മത്സരത്തിന് അയക്കുമ്പോൾ ഒപ്പം പൂരിപ്പിച്ച നിർദ്ദിഷ്ട ആപ്ലിക്കേഷൻ ഫോമും സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും 2 പാസ്‌പോർട്ട് സൈസ് ഫോട്ടോയും കൂടി വെയ്‌ക്കേണ്ടതാണ്.

7. മത്സരാർഹമായ ചിത്രങ്ങൾ ഫെബ്രുവരി ആദ്യ ആഴ്ച  തന്നെ വിളംബരം ചെയ്യുന്നതാണ്.

8. ചിത്രങ്ങളെ തിരഞ്ഞെടുക്കാനും തിരസ്‌കരിക്കാനുമുള്ള അവകാശം ക്വിസയുടെ കമ്മിറ്റിക്ക് ഉള്ളതാണ്.

9. ക്വിസയുടെ പ്രചരണത്തിനായി ചിത്രത്തിന്റെ ദൃശ്യങ്ങൾ എടുക്കുവാനുള്ള അവകാശം കമ്മിറ്റിക്ക് ഉണ്ടായിരിക്കുന്നതാണ്.

10. ചിത്രങ്ങൾ ഏതു ഭാഷയിലും എടുക്കാവുന്നതാണ്. ചിത്രങ്ങൾ ഇംഗ്ലീഷിലോ മലയാളത്തിലോ അല്ലായെങ്കിൽ, ഇംഗ്ലീഷ് സബ് ടൈറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടത്‌റാണ്.

11. ചിത്രത്തിന്റെ ദൈർഘ്യം 2 മിനിട്ടിൽ കുറയാത്തതും 45 മിനുട്ടിൽ കൂടാത്തതും ആയിരിക്കണം.

12. മത്സരത്തിനെത്തുന്നതിനായുള്ള ഗതാഗത ചെലവ് തിരിച്ചു കൊടുക്കുന്നതല്ല.

13. താഴെ പറയുന്ന കാഷ് അവാർഡുകളും മെമന്റോകളും നൽകുന്നതാണ്

മികച്ച ഹൃസ്വ ചിത്രം :  11,111 രൂപ

രണ്ടാമത്തെ മികച്ച ചിത്രം:  5,555 രൂപ

മികച്ച സംവിധായകൻ :  5,555 രൂപ

മികച്ച തിരക്കഥ  : 5,555 രൂപ

14. ചിത്രങ്ങൾക്കുള്ള രജിസ്‌റ്റ്രേഷൻ തുക 1000 രൂപ ആയിരിക്കും.

15. ചിത്രം തിരഞ്ഞെടുക്കപ്പെട്ടില്ലായെങ്കിലും രജിസ്‌റ്റ്രേഷൻ തുക തിരിച്ചു കൊടുക്കുന്നതല്ല.

16. DVD യും രജിസ്‌റ്റ്രേഷൻ തുകയും പ്രതിധ്വനിയുടെ പ്രതിനിധികളെ നേരിട്ട് ഏൽപ്പിക്കുന്നതാണ്.

പ്രതിധ്വനിയുടെ പ്രതിനിധികളെ ബന്ധപ്പെടുവാൻ:

വിനു പി വി (കൺവീനർ)   9495025021 ; ജോൺസൻ കെ ജോഷി  (ജോയിന്റ് കൺവീനർ)  9605349352 ; രജിത് വി പി  9947787841