തിരുവനന്തപുരം: ടെക്‌നോപാർക്കിനുള്ളിലെ ജീവനക്കാരുടെ  സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന ഹൃസ്വ ചലച്ചിത്രോത്സവമായ  ക്വിസ 2015 ലെ ചിത്രങ്ങളുടെ പ്രദർശനവും അവാർഡ് നിർണ്ണയവും ടെക്‌നൊപാർക്കിലെ ട്രാവൻകൂർ ഹാളിൽ വച്ച് നടന്നു. ടെക്കികളുടെ ചലച്ചിത്രാഭിമുഖ്യവും വാസനയും വിളിച്ചോതുന്നതായിരിന്നു ചിത്ര പ്രദർശനം. ദേശീയ, സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയ സമിതികളിലെ സ്ഥിരം സാന്നിദ്ധ്യമായ പ്രശസ്ത ചലച്ചിത്ര നിരൂപകൻ എം. എഫ്. തോമസ് അദ്ധ്യക്ഷനായുള്ള ജഡ്ജിങ് പാനലാണ് ചിത്രങ്ങളെ വിലയിരുത്തിയത്. സുപ്രസിദ്ധ ചലച്ചിത്ര സംവിധായകൻ സുദേവൻ, പ്രശസ്ത ചലച്ചിത്ര നിരൂപകയും കോളമിസ്റ്റുമായ  കെ. എ. ബീന എന്നിവരായിരിന്നു ജൂറി അംഗങ്ങൾ.

പ്രതിധ്വനി  ക്വിസ 2015  അവാർഡുകൾ താഴെ കൊടുക്കുന്നു
1. മികച്ച ചിത്രം : എൽ ബസോ ധസംവിധാനം: മഹേഷ് പെരിയാടൻ, കമ്പനി :  യു എസ് ടി ഗ്ലോബൽ
2. മികച്ച സംവിധായകൻ : മഹേഷ് പെരിയാടൻ, കമ്പനി :  യു എസ് ടി ഗ്ലോബൽ ചിത്രം : എൽ ബസോപ
3. മികച്ച രണ്ടാമത്തെ ചിത്രം : 'ഞ.െ2'  ധസംവിധാനം: രാഹുൽ റെജി നായർ,  കമ്പനി :  ടി സി എസ്
4. മികച്ച തിരക്കഥ :  രാഹുൽ റെജി നായർ, കമ്പനി :  ടി സി എസ്  ചിത്രം:  'MJ'
5. മികച്ച അഭിനേത്രി : അനു ഏബ്രഹാം, കമ്പനി :  അലയൻസ് (Allianz)   ചിത്രം:  'ഏക'പ
6. ജൂറിയുടെ പ്രത്യേക പരാമർശം:  എന്നു സ്വന്തം മധുമതി ധസംവിധാനം:  കിരൺ പ്രസാദ്, കമ്പനി :  യു എസ് ടി ഗ്ലോബൽ

ടെക്‌നോപാർക്കിൽ ഇന്നു വൈകുന്നേരം 05:30 നു  ട്രാവൻകൂർ ഹാളിൽ വച്ച് നടക്കുന്ന  പ്രൗഢ ഗംഭീരമായ സദസ്സിൽ വച്ച് പ്രശസ്ത ചലച്ചിത്രകാരൻ ശ്യാമപ്രസാദ് ജേതാക്കൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നതാണ്. ജൂറി ചെയർമാൻ എം എഫ് തോമസ് , ടെക്‌നോപാർക്ക് CEO  ഗിരിഷ് ബാബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

മികച്ച ചിത്രത്തിന് ശില്പവും 11,111 രൂപയും സമ്മാനമായി ലഭിക്കുമ്പോൾ മികച്ച രണ്ടാമത്തെ ചിത്രത്തിനും മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തിനും 5,555 രൂപ വീതവും ശില്പങ്ങളും സമ്മാനമായി നൽകുന്നതാണ്. ജൂറി ചെയർമാനും മറ്റ് ജൂറി അംഗങ്ങളും സംബന്ധിക്കുന്ന അവാർഡ് ദാന ചടങ്ങിനു ശേഷം ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനർഹമായ , IFFK  സുവർണ്ണ ചകോരം നേടിയ  ജയരാജ് സംവിധാനം ചെയ്ത ചിത്രം  'ഒറ്റാൽ' പ്രദർശിപ്പിക്കുന്നതായിരിക്കും. സമ്മാനാർഹമായ എല്ലാ ചിത്രങ്ങളും അന്നേ ദിവസം ചലച്ചിത്രാ!സ്വാദകർക്ക് മുന്നിൽ പുനഃപ്രദർശിപ്പിക്കുന്നതാണ്.

മത്സര വിഭാഗത്തിൽ പെട്ട 25 ഹൃസ്വ ചിത്രങ്ങളും മത്സരേതര വിഭാഗത്തിൽ ഒരു ചിത്രവുമാണ് നിറഞ്ഞ സദസ്സിനും ജൂറിക്കും മുൻപിൽ പ്രദർശിപ്പിച്ചത്. ടെക്കികളുടെ ചലച്ചിത്രാഭിരുചിയിലും വാസനയിലും വന്ന വളർച്ച ക്വിസയിൽ കണ്ട ചിത്രങ്ങൾ പ്രതിഫലിപ്പിക്കുന്നതായി ജൂറി അഭിപ്രായപ്പെട്ടു. ക്വിസയിൽ മത്സരത്തിനു വന്ന ചിത്രങ്ങൾ വളരെ മികച്ച നിലവാരം പുലർത്തിയതായും സിനിമയുടെ എല്ലാ മേഖലയിലും കൈത്തഴക്കം വന്ന പ്രതിഭകളുടെ സാന്നിദ്ധ്യം അനുഭവവേദ്യമാക്കാൻ ക്വിസക്കു സാധിച്ചു എന്നും ജൂറി ചെയർമാൻ വിലയിരുത്തി. സാമൂഹിക പ്രസക്തിയുള്ള എന്തെങ്കിലുമൊരു സന്ദേശത്തെ ചുമലിലേറ്റിയാലേ  സിനിമ കലാപരമായ ഔന്നത്യം നേടുകയുള്ളൂ എന്ന മട്ടിലുള്ള അനാവശ്യ ധാരണകളിൽ നിന്നും  മുക്തമാകുന്നതും മദ്യത്തിനും പുകവലിക്കുമെതിരെയുള്ള സന്ദേശം കാണിക്കുവാൻ മാത്രമായി മദ്യപാന സീനുകൾ കുത്തിത്തിരുകുന്ന പ്രവണതയിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതും ഉചിതമായിരിക്കുമെന്ന് ജൂറി അംഗം സുദേവൻ അഭിപ്രായപ്പെട്ടു. വ്യക്തമായ അവലോകനത്തിനും വിശദീകരണങ്ങൾക്കും ശേഷം ജൂറി ചെയർമാൻ അവാർഡുകൾ പ്രഖ്യാപിച്ചു.

ഇന്ത്യയിൽ നടക്കുന്ന ഏതൊരു ചലച്ചിത്ര മത്സരത്തിനും അഭിമാനത്തോടെ അയക്കുവാൻ കഴിയുന്ന ഒന്നാണ് ഇവിടെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതെന്നും ഈ ചിത്രം അന്താരാഷ്ട്ര നിലവാരം പുലർത്തുന്നു എന്നും ജൂറി ചെയർമാൻ അറിയിക്കുകയുണ്ടായി. മത്സരത്തിനെത്തിയ മറ്റ് ചിത്രങ്ങളും ഉന്നത നിലവാരം പുലർത്തുന്നവ ആയിരിന്നു എന്നും ക്വിസ 2015 ചിത്രങ്ങളുടെ എണ്ണത്തിൽ മാത്രമല്ല ഗുണത്തിലും നിലവാരത്തിലും അഭിമാനാർഹമാം വിധം ഏറെ മുന്നേറിയിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.