ക്യൂൻസ് ലാൻഡ്: ക്യൂൻസ് ലാൻഡ് ഡ്രൈവർമാർ ഗതാഗത നിയമങ്ങൾ പാലിക്കുന്നത് റോഡ് അപകടങ്ങൾ കുറയ്ക്കാൻ സഹായിച്ചുവെന്ന് റിപ്പോർട്ട്. ക്യൂൻസ് ലാൻഡിൽ പൊതുവേ റോഡ് അപകടങ്ങളും ഡ്രിങ്ക് ഡ്രൈവിംഗും കുറഞ്ഞുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാധാരണയായി ഫെസ്റ്റിവൽ സീസണിൽ ഡ്രിങ്ക് ഡ്രൈവിങ് ലെവൽ അസാധാരണമാം വിധം കൂടുകയാണ് പതിവെന്നും എന്നാൽ ഈ വർഷം ഇതിൽ കാര്യമായ കുറവാണ് കണ്ടെത്തിയിട്ടുള്ളതെന്നുമാണ് ട്രാഫിക് പൊലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

സ്പീഡിങ്, ഡ്രിങ്ക് ഡ്രൈവിങ്, സീറ്റ് ബെൽറ്റ്, മൊബൈൽ ഫോൺ ഉപയോഗം എന്നീ കുറ്റങ്ങളിലെല്ലാം 2013-നെ അപേക്ഷിച്ച് ഈ വർഷം ഗണ്യമായ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. ഡിസംബർ 23 മുതൽ ജനുവരി അഞ്ചു വരെ ക്രിസ്മസ് റോഡ് സേഫ്റ്റി കാമ്പയിൻ പീരിയഡായി ആചരിക്കുകയാണ്. എന്നാൽ ഇതുവരെ ക്യൂൻസ് ലാൻഡ് റോഡപകടങ്ങളിൽ കൊല്ലപ്പെട്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. അതേസമയം മുൻവർഷം ഇതേ കാലയളവിൽ 51 പേർക്കാണ് വിവിധ റോഡ് അപകടങ്ങളിൽ പരിക്കേറ്റിരുന്നത്.

ഈ ഡിസംബർ 23 മുതൽ 26,406 പേരിൽ പൊലീസ് നടത്തിയ ഡ്രിങ്ക് ഡ്രൈവിങ് ടെസ്റ്റിൽ 139 പേരാണ് മദ്യപിച്ചു വാഹനമോടിച്ചതായി കണ്ടെത്തിയത്. മുൻ വർഷം ഇതേ കാലയളവിൽ 156 പേരാണ് മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായത്.  സ്പീഡിംഗിന് 8000 ഡ്രൈവർമാർ പിടിയിലായിട്ടുണ്ടെങ്കിലും 2013-നെ അപേക്ഷിച്ച് ഇതു കുറവാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പൊതുവേ ക്യൂൻസ് ലാൻഡിൽ റോഡ് സുരക്ഷ വർധിച്ചെന്ന് സൂപ്രണ്ട് ഡേൽ പോയിന്റൺ ചൂണ്ടിക്കാണിക്കുന്നു.

പൊതുവേ ട്രാഫിക് നിയമലംഘനങ്ങൾ കുറവാണ് കാണിക്കുന്നതെങ്കിലും ഡ്രഗ് ഡ്രൈവിംഗിൽ നേരിയ വർധനയാണ് ഇവിടെ കാണിക്കുന്നത്. ഡ്രഗ് ഡ്രൈവിംഗിന് കഴിഞ്ഞ വർഷം എട്ടു പേർ പിടിയിലായ സ്ഥാനത്ത് ഈ വർഷം 15 പേരാണ് ഡ്രഗ് ഡ്രൈവിങ് പോസീറ്റീവ് ആയിരിക്കുന്നത്. ഫെസ്റ്റീവ് സീസണിൽ ഡ്രൈവിങ് അതീവ ശ്രദ്ധയോടെ ആയിരിക്കണമെന്നും യാത്രാ തടസങ്ങൾ മുന്നിൽ കണ്ടുകൊണ്ടു വേണം യാത്ര പ്ലാൻ ചെയ്യേണ്ടതെന്നും ട്രാഫിക് പൊലീസ് സൂപ്രണ്ട് ചൂണ്ടിക്കാട്ടി.