- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്ക്ഡൗൺ മറയാക്കി കൂടുതൽ ക്വാറികൾ തുറക്കാൻ നീക്കം പൊളിഞ്ഞു; നീക്കം പുറത്തായതോടെ പാറമടകൾ പരിശോധിക്കുന്ന സംഘം പര്യടനം മതിയാക്കി തലസ്ഥാനത്തേക്ക് മടങ്ങി; വിരമിക്കാൻ തയ്യാറെടുക്കുന്ന ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഊരുചുറ്റൽ അവസാനിപ്പിച്ചത് വിജിലൻസ് നോട്ടമിട്ടതോടെ
തിരുവനന്തപുരം: ലോക്ക്ഡൗൺ മുതലാക്കി വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരെ പോക്കറ്റിലാക്കി കൂടുതൽ പാറമടകൾ തുറക്കാനുള്ള നീക്കത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടി. അടിയന്തര സാഹചര്യം എന്ന് വിശദീകരിച്ച് പാറമടകളുടെ അനുമതി അപേക്ഷകൾ പരിഗണിക്കാൻ പര്യടനം നടത്തിയിരുന്ന വനം ഉന്നത സംഘം നീക്കം പുറത്തായതോടെ പര്യടനം പൂർത്തിയാക്കി മടങ്ങി. വിവാദങ്ങൾ കൂസാതെ പര്യടനം തുടർന്ന് പാറമകൾ സന്ദർശിച്ച് അനുമതി കൊടുക്കാൻ നീക്കം നടന്നെങ്കിലും തലസ്ഥാനത്തെ കാര്യങ്ങൾ അത്രയ്ക്ക് സുഖകരമല്ലെന്ന് ബോധ്യമായതോടെ എല്ലാം അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു.
വിജിലൻസ് ഉന്നതങ്ങളിൽ ഈ പര്യടനത്തിലുള്ള ഉദ്യോഗസ്ഥരെ കുറിച്ച് ചോദ്യം ഉയർന്നതിനെ തുടർന്നാണ് സംഘത്തിന്റെ പിന്മാറ്റമെന്നാണ് സൂചന. കോഴിക്കോട്ടെ 8 ക്വാറി അപേക്ഷകളും വയനാട്ടിൽ ബത്തേരി, കുറിച്യാട്, തോൽപ്പെട്ടി റേഞ്ചുകളിലെ സന്ദർശനവും സംഘം റദ്ദാക്കിയാണ് സംഘം മടങ്ങിയത്. ചാലക്കുടി, പീച്ചി വാഴാനി പ്രദേശങ്ങളിലെ സന്ദർശനത്തിനു ശേഷം പറമ്പിക്കുളത്താണ് സംഘം താമസിച്ചിരുന്നത്. സാമൂഹിക വനവൽക്കരണ വിഭാഗത്തിന് വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കാൻ ചകിരി കൊണ്ടുള്ള ചട്ടി വാങ്ങുന്നതിനെ കുറിച്ച് പൊള്ളാച്ചിയിൽ പോയി ചർച്ച നടത്തി.
പിന്നീട് ഒലവക്കോട് വന്ന് നിലമ്പൂരിലേക്ക് തിരിക്കാനായിരുന്നു പദ്ധതി. പാതി വഴിയിലാണ് സംഘത്തിന് ഫോണിൽ നിർദ്ദേശം വന്നത്. ഇതോടെ ശേഷിച്ച പരിശോധനകൾ റദ്ദാക്കി മടങ്ങാൻ തീരുമാനിച്ചു. കോഴിക്കോട്ടും വയനാട്ടിലും ഉന്നതരെ കാത്തിരുന്ന ഉദ്യോഗസ്ഥർക്ക് അറിയിപ്പും നൽകി.
വിരമിക്കാൻ തയ്യാറെടുക്കുന്ന ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഊരുചുറ്റൽ കൂട്ടപ്പിരിവ് ലക്ഷ്യമിട്ടാണെന്ന ആരോപണം ഉയർന്നിരുന്നു. വനം ഉദ്യോഗസ്ഥർ തന്നെ വിജിലൻസിന് രഹസ്യവിവരം കൊടുത്തെങ്കിലും കോവിഡ് ഭീഷണി മൂലവും സർക്കാർ നിലവിലില്ലാത്തതിനാലും തൽക്കാലം നടപടിക്കൊന്നും സാധ്യമല്ലെന്നാണ് വിജിലൻസ് അറിയിച്ചത്. കഴിഞ്ഞ വോട്ടെടുപ്പിനു ശേഷം പിരിവിനിറങ്ങിയ മറ്റൊരു ഉന്നത ഉദ്യോഗസ്ഥനെ വടകര യിൽ ഔദ്യോഗിക വാഹനത്തിൽ 85,000 രൂപയുമായി വിജിലൻസ് പിടികൂടിയിരുന്നു.
വനമേഖലയോടു ചേർന്ന ക്വാറികൾക്കുള്ള പ്രവർത്തനാനുമതി ഹൈക്കോടതിയുടെ സമ്മതത്തോടെ താൽക്കാലികമായിട്ടാണ് ഇലക്ഷന് മുൻപ് സർക്കാർ നീട്ടിക്കൊടുത്തിരുന്നത്. പുതിയ ക്വാറികൾക്ക് അനുമതി നൽകണമെങ്കിൽ പഠന റിപ്പോർട്ട് നൽകണം. കോഴിക്കോട് മാത്രം എട്ടു പുതിയ ക്വാറികളുടെ അപേക്ഷകളാണ് പരിഗണനയ്ക്കുള്ളത്. എന്നാൽ സംസ്ഥാനം ലോക്ഡൗണിൽ നിശ്ചലമായിരിക്കെ, ക്വാറി അപേക്ഷകൾ പരിഗണിക്കുന്നതിൽ അടിയന്തര പ്രാധാന്യം എന്താണുള്ളതെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർ ചോദിക്കുന്നു.
ഉന്നത ഉദ്യോഗസ്ഥന്റെ സന്ദർശനത്തെ രണ്ടു വിധത്തിലാണ് വനംജീവനക്കാർ തന്നെ പരിഗണിക്കുന്നത്. വിരമിക്കുന്നതിനു മുൻപ് മലബാർ മേഖലയിലേക്കുള്ള സൗഹൃദ സന്ദർശനം എന്ന് ഒരു കൂട്ടരും റേഞ്ച് ഓഫിസുകൾ കേന്ദ്രീകരിച്ച് പിരിവാണ് ലക്ഷ്യമെന്ന് മറുകൂട്ടരും പറയുന്നു. ഹൈക്കോടതിക്ക് അടിയന്തരമായി റിപ്പോർട്ട് നൽകേണ്ടതിനാലാണ് ലോക്ഡൗൺ കണക്കിലെടുക്കാതെ പരിശോധന നടത്തുന്നതെന്നാണ് ഔദ്യോഗികവാദം.
പരിശോധനയ്ക്കായി ഉദ്യോഗസ്ഥ സംഘം കോവിഡ് കാലത്ത് എത്തുമ്പോൾ, ഒരിടത്തു മുപ്പതോളം ജീവനക്കാർ കൂട്ടം കൂടേണ്ട അവസ്ഥയുണ്ടാകുമെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. വനം വകുപ്പിലെ 171 ജീവനക്കാരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. പാറ ക്വാറികളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന പ്രഹസനമായതോടെ സംസ്ഥാനത്തെ ക്വാറികളിൽ അനധികൃത ഖനനം പൊടിപൊടിക്കുന്ന അവസ്ഥയാണുള്ളത്.
മറുനാടന് മലയാളി ബ്യൂറോ