തിരുവനന്തപുരം: മണൽ-മദ്യ മാഫിയകളാണ് ഒരുകാലത്ത് രാഷ്ട്രീയ പാർട്ടികളുടെ പ്രധാന ഫണ്ട് ലഭ്യമാക്കുന്ന ഉറവിടം. ഇരുവുരും വാരിക്കോരി കൊടുത്തു. മദ്യനയത്തിലെ കള്ളക്കളികളോടെ ബാർ ഉടമകൾ അത് നിർത്തി. യുഡിഎഫ് കാലത്തെ പ്രശ്‌നങ്ങളുടെ തുടർച്ച പരിഹരിക്കാൻ ഇടത് സർക്കാരിന്റെ ശ്രമങ്ങളും ബാർ ഉടമകൾ പൂർണ്ണമായും ്അംഗീകരിക്കുന്നില്ല. 700ൽ അധികം ബാറുണ്ടായിരുന്ന കേരളത്തിൽ ഇന്ന് നൂറിൽ താഴെ ബാറുകളേ ഉള്ളൂ. പരിസ്ഥതി പ്രവർത്തകരുടെ ചെറുത്ത് നിൽപ്പ് മണൽ മാഫിയയ്ക്കും എതിരായി. ഇതോടെ രാഷ്ട്രീയ പാർട്ടികളുടെ ധനാഗമ മാർഗ്ഗം ഏതാണ്ട് അടഞ്ഞു. ഈ സാഹചര്യത്തിലാണ് പുതു വഴി തേടുന്നത്. അങ്ങനെ ക്വാറി മാഫിയയെ അഭയം തേടുകയാണ് അധികാരത്തിലുള്ളവർ.

പൂട്ടിപ്പോയ രണ്ടായിരത്തിലധികം ക്വാറികൾക്ക് തുറന്നുപ്രവർത്തിക്കാൻ അവസരമൊരുക്കി കേരള മൈനർ മിനറൽ കൺസഷൻ ചട്ടങ്ങളിലെ ഭേദഗതി മന്ത്രിസഭ അംഗീകരിച്ചത് വലിയ അഴിമതിയാണെന്ന ആരോപണം സജീവമാണ്. പൊതുസ്ഥലങ്ങളിൽനിന്നും ജനവാസ കേന്ദ്രങ്ങളിൽനിന്നും ക്വാറിയിലേക്കുള്ള ദൂരപരിധി 50 മീറ്ററായി സർക്കാർ പുനഃസ്ഥാപിച്ചത് ഇതിലേക്കാണ് വഴിവക്കുന്നത്. ഇവിടേയും ക്വാറികൾ തുടരാമന്നെ അവസ്ഥയുണ്ടാകും. ഇതിലൂടെ ക്വാറി മാഫിയയെ ഒപ്പം നിർത്തി കാശുണ്ടാക്കാമെന്ന് തന്നെയാണ് രാഷ്ട്രീയ പാർട്ടികളുടെ വിലയിരുത്തൽ. പ്രതിപക്ഷവും ഈ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നില്ല. ഇത് മനസ്സിലാക്കിയാണ് പിണറായി സർക്കാർ ക്വാറി നയം പൊളിച്ചെഴുതുന്നത്.

ചെറുകിടധാതുക്കളുടെ നിയന്ത്രണവും വികസനവും സംബന്ധിച്ചുള്ള ചട്ടങ്ങളിലാണ് ഭേദഗതി. റോഡ്, തോട്, നദികൾ വീടുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽനിന്ന് ക്വാറിയിലേക്കുള്ള ദൂരം 50 മീറ്റർ ആയിരുന്നത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 100 മീറ്റർ ആക്കിയിരുന്നു. ഇതേ ത്തുടർന്ന് രണ്ടായിരത്തിലധികം ചെറുകിട ക്വാറികൾ പ്രവർത്തനം നിർത്തി. ഈ പ്രശ്‌നമാണ് ഇടത് സർക്കാർ തിരുത്തുന്നത്. ഇത് കേരളത്തിലുടനീളം പ്രതിഷേധങ്ങൾക്കും ഇടനൽകും. പൂട്ടിയ ക്വാറിയിൽ നിന്നുള്ള ഉത്പാദനം നിലച്ചതോടെ നിർമ്മാണസാധനങ്ങളുടെ വില ഉയർന്നു. ഇതേത്തുടർന്നാണ് നടപടി പുനഃപരിശോധിക്കാൻ വ്യവസായവകുപ്പ് തീരുമാനിച്ചതെന്ന് മന്ത്രി എ.സി. മൊയ്തീൻ പറയുന്നു.

കേന്ദ്രസർക്കാർ 2016-ൽ പുറപ്പെടുവിച്ച ചട്ടങ്ങളിലും മറ്റു സംസ്ഥാനങ്ങളിലെ ചട്ടങ്ങളിലും പൊതുസ്ഥലങ്ങളിൽനിന്നുള്ള ദൂരപരിധി 50 മീറ്റർ ആയി നിജപ്പെടുത്തി. പാറ പൊട്ടിക്കാനുള്ള അനുമതിയുടെ കാലാവധി മൂന്നുവർഷമായിരുന്നത് അഞ്ചുവർഷമായും കൂട്ടി. വൻകിട ധാതുക്കളായ ചൈന ക്ലേ, സിലിക്കാസാൻഡ്, ലാറ്ററൈറ്റ് എന്നിവയെ മൈനർ മിനറൽ കൺസഷൻ ചട്ടങ്ങളിൽ ഉൾപ്പെടുത്തും. ഇവയെ ചെറുകിട ധാതുക്കളായി 2015-ൽ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തിരുന്നെങ്കിലും കേരള മൈനർ മിനറൽ കൺസഷൻ ചട്ടങ്ങളിൽ ഇവയെ ഉൾപ്പെടുത്തിയിരുന്നില്ല. അതിനാൽ, ഇവയുടെ ഖനനത്തിന് അനുമതി നൽകാൻ പറ്റാത്ത സ്ഥിതിയായിരുന്നു.

മലബാർ സിമന്റ്സിന്, കേരളത്തിൽ സുലഭമായിട്ടുള്ള ലാറ്ററൈറ്റ് ഖനനംചെയ്യാൻ കഴിയാത്തതിനാൽ ആന്ധ്രയിൽനിന്ന് മൂന്നിരട്ടി വിലയ്ക്കു വാങ്ങേണ്ടി വന്നു. കെട്ടിടനിർമ്മാണത്തിന് മണ്ണ് നീക്കാൻ അനുമതി വാങ്ങി ഒരുവർഷത്തിനകം നിർമ്മാണം തുടങ്ങിയിരിക്കണം. ഇല്ലെങ്കിൽ സാധാരണ മണ്ണ് നീക്കി അനധികൃതമായി ഖനനം ചെയ്തതായി കണക്കാക്കി ശിക്ഷ നൽകും. കെട്ടിടം നിർമ്മിക്കുന്നതിന് ഭൂമി നിരപ്പാക്കേണ്ടതുണ്ടെങ്കിൽ എത്ര സ്ഥലത്ത് എത്ര അളവിൽ എന്ന വിവരം ബിൽഡിങ് പെർമിറ്റിൽ തദ്ദേശസ്ഥാപനങ്ങൾ നിഷ്‌കർഷിക്കണമെന്നും പുതിയ ചട്ടത്തിൽ പറയുന്നു.

അങ്ങനെ അടിമുടി മാറ്റം. ഇതിലൂടെ പാർട്ടി ഓഫീസുകളിലേക്കുള്ള ഫണ്ട് ഒഴുക്ക് കൂടുമെന്നാണ് ഏവരുടേയും പ്രതീക്ഷ.