- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളുകൾക്കെന്ത് സംഭവിച്ചാലും കുഴപ്പമില്ല; പാറമട വന്നാൽ മതി; ക്വാറി മാഫിയയുടെ പണക്കരുത്തിൽ അരുവി പോലും കാണുന്നില്ല; ഒഴിഞ്ഞു പോകാത്തവർക്കെതിരെ കള്ളക്കേസും; മലബാറിലെ കാരശ്ശേരി ഗ്രാമത്തെ ഇല്ലായ്മ ചെയ്യാൻ കള്ളക്കളി
കോഴിക്കോട്: ജനവാസ കേന്ദ്രത്തിൽ ഇത്രയധികം ക്വാറികൾ സ്ഥിതി ചെയ്യുന്ന മറ്റൊരു ഇടം സംസ്ഥാനത്ത് കാണില്ല. ഓരോ ഇരുന്നൂറും മുന്നൂറും മീറ്റർ അകലം മാത്രമാണ് ഇവിടെ ക്വാറികൾതമ്മിലുള്ളത്. കോഴിക്കോട് തിരുവമ്പാടി നിയോജക മണ്ഡലത്തിൽ കാരശ്ശേരി പഞ്ചായത്തിലാണ് ആദിവാസികളടക്കമുള്ള സാധാരണ ജനതയെയും പ്രകൃതിസമ്പത്തിനെയും ചൂഷണം ചെയ്തുകൊണ്ടുള്ള ക്വ
കോഴിക്കോട്: ജനവാസ കേന്ദ്രത്തിൽ ഇത്രയധികം ക്വാറികൾ സ്ഥിതി ചെയ്യുന്ന മറ്റൊരു ഇടം സംസ്ഥാനത്ത് കാണില്ല. ഓരോ ഇരുന്നൂറും മുന്നൂറും മീറ്റർ അകലം മാത്രമാണ് ഇവിടെ ക്വാറികൾതമ്മിലുള്ളത്. കോഴിക്കോട് തിരുവമ്പാടി നിയോജക മണ്ഡലത്തിൽ കാരശ്ശേരി പഞ്ചായത്തിലാണ് ആദിവാസികളടക്കമുള്ള സാധാരണ ജനതയെയും പ്രകൃതിസമ്പത്തിനെയും ചൂഷണം ചെയ്തുകൊണ്ടുള്ള ക്വാറികളുടെ പ്രവർത്തനം. ഇത്രയധികം ക്വാറികളിലൂടെ വമ്പന്മാർ കൊയ്യന്നത് കോടികളുടെ ലാഭമാണ്. സംസ്ഥാനത്ത് അനധികൃത ക്വാറികൾ പെരുകിയതോടെ പുതിയ ക്വാറികൾക്കുള്ള അംഗീകാരം സർക്കാർ നിർത്തി വച്ചിരുന്നു. നേരത്തെ അംഗീകാരം നേടിയവരും അല്ലാത്തവരും കാരശ്ശേരി പഞ്ചായത്തിൽ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ നിലവിലുള്ള 18 ക്വാറികൾക്കു പുറമെ 23 ഏക്കർ ഭൂവിസ്തൃതിയിൽ വീണ്ടും കരിങ്കല്ല് ക്വോറി തുടങ്ങാനുള്ള നീക്കത്തിലാണ് വൻകിട കമ്പനിക്കാർ.
കാരശ്ശേരി പഞ്ചായത്ത് ആറാം വാർഡിലെ ആദിവാസി കോളനിക്ക് സമീപമാണ് 22.82 ഏക്കർ ഭൂമിയിൽ ക്വാറി തുടങ്ങാനിരിക്കുന്നത്. എറണാകുളം ആസ്ഥാനമായി പ്രവരർത്തിക്കുന്ന ഗർവ്വ് പ്രൈവറ്റ് ലിമിറ്റഡ്, വി-ടെക്ക് എന്നീ പ്രമുഖ രണ്ട് കമ്പനികളുടെ പേരിലാണ് ഭൂമി രജിസ്റ്റർ ചെയ്തിരിക്കുന്നത്. വർഷങ്ങളായുള്ള രഹസ്യ നീക്കത്തിനൊടുവിലാണ് കമ്പനികൾ ഈ ഭൂ പ്രദേശം കൈപിടിയിലൊതുക്കിയത്. പണത്തിന്റെ പവറിൽ ജനങ്ങൾ തിങ്ങിതാമസിച്ചിരുന്ന ഇവിടം ഇപ്പോൾ ഏറെയും വിജനമാക്കിയിരിക്കുകയാണ്. ഗ്രാനൈറ്റിനും മറ്റു മൂല്യമുള്ള കല്ലുകൾക്കും ഖനന യോഗ്യമായ സ്ഥലമാണിതെന്ന് അഞ്ച് വർഷം മുമ്പ് തന്നെ കമ്പനി അധികൃതർ പരിശോധന നടത്തുകയായിരുന്നു. അത്യാധുനിക ടെക്‌നോളജി ഉപയോഗിച്ചായിരുന്നു മൂല്യ നിർണയം നടത്തിയിരുന്നത്. എന്നാൽ അതീവ രഹസ്യമായി നടത്തിയ മൂല്യ നിർണയത്തിന് ശേഷം എന്ത് വിലകൊടുത്തും ഈ പ്രദേശം കൈപിടിയിലൊതുക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി 2011 മുതൽ പരിസരത്തുള്ള ഓരോ വീടുകളും രഹസ്യമായി തന്നെ ഒഴിപ്പിക്കാൻ തുടങ്ങി. പതിനായിരമോ ഇരുപതിനായിരമോ മാത്രം ഒരു സെന്റിന് വിലയുണ്ടായിരുന്ന ഭൂമി ലക്ഷങ്ങൾ നൽകിയായിരുന്നു കമ്പനിക്കാർ വാങ്ങിയിരുന്നത്. ഒഴിഞ്ഞു പോകാൻ വിസമ്മതിച്ചിരുന്ന വീട്ടുകാർക്ക് കൂടുതൽ ഓഫറുകളും പണവും നൽകി ഒഴിപ്പിക്കുകയായിരുന്നു. കമ്പനിയുടെ രണ്ട് ഡയറക്ടർമാരായിരുന്നു പ്രത്യക്ഷത്തിൽ ഒഴിപ്പിക്കൽ നടപടിക്ക് നേതൃത്വം നൽകിയതെങ്കിലും പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പടെയുള്ള രാഷ്ട്രീയക്കാരായിരുന്നു ഇതിനായി ഇടനിലക്കാരായി പ്രവർത്തിച്ചിരുന്നത്. യൂ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിലെ കോൺഗ്രസ്, ലീഗ്, കേരളാ കോണഗ്രസ് മെമ്പർമാരെ കമ്പനിക്കാർ നേരത്തെ വിലക്കുവാങ്ങിയിരുന്നു. പുറമെ ഇടതുപക്ഷം ഇവർക്കെതിരാണെങ്കിലും ചില സിപിഐ(എം)മ്മുകാരെയും ഉടമകൾ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോൾ, മൂന്നുവർഷത്തിനിടെ പനിനെഞ്ച് വീടുകളാണ് ഒഴിപ്പിക്കപ്പെട്ടിട്ടുള്ളത്. ക്വാറി തുടങ്ങാനെന്ന ആവശ്യം രഹസ്യമാക്കി വച്ചായിരുന്നു വീടുകൾ ഒഴിപ്പിച്ചിരുന്നത്. ഇതുകൊണ്ടുതന്നെ നാട്ടുകാർ വിവരം അറിഞ്ഞിരുന്നില്ല.
ഖനന വിഭാഗത്തിൽ നിന്നും മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും നേരത്തെ അനുമതി സർട്ടിഫിക്കറ്റ് കൈവശപ്പെടുത്തിയിരുന്നു. എന്നാൽ പഞ്ചായത്ത് അനുമതിയോ പൊലൂഷൻ കൺട്രോൾ ബോർഡിന്റെ 150 മീറ്റർ അകലം പാരിക്കണമെന്ന മാനദണ്ഡമോ പാലിച്ചിരുന്നില്ല. എന്നാൽ തൊട്ടു പിന്നാലെ 2014 നവംബറിൽ അംഗീകാരത്തിനായി പഞ്ചായത്തിലും അപേക്ഷ സമർപ്പിച്ചു. കൃത്യമായ പരിശോധനകൾ നടത്താതെ ധൃതി പിടിച്ച് പഞ്ചായത്ത് സെക്രട്ടറിയും അംഗീകാരം നൽകി. ക്വാറി ഉടമകൾ സമർപ്പിക്കേണ്ട അപേക്ഷകൾ പലതും പഞ്ചായത്ത് സെക്രട്ടറി സുരേഷ്ബാബു തന്നെ മറ്റു വകുപ്പുകളിലേക്ക് ഫോർവേഡ് ചെയ്യുകയായിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ, ഫയർ& സർക്യു എന്നീ ഡിപ്പാർട്ട്‌മെന്റുകളിലേക്ക് അപേക്ഷ സെക്രട്ടറി കൈമാറിയത് ക്വാറി ഉടമകളുമായുള്ള അവിഹിത ഇടപാട് വ്യക്തമാക്കുന്നു. ക്വാറിക്ക് സമീപത്തുകൂടെ ഒഴുകുന്ന അരുവിയും സെക്രട്ടറി റിപ്പോർട്ടിൽ നിന്നും മുക്കിയിട്ടുണ്ട്. എന്നാൽ അനുമതി നൽകിയ വിവരം അറിഞ്ഞ് ജനങ്ങൾ സംഘടിച്ചതോടെ പഞ്ചായത്ത് സമിതി ഈ തീരുമാനം റദ്ധ്‌ചെയ്യാൻ തീരമാനിക്കുകയായിരുന്നു. എന്നാൽ അംഗീകാരം റദ്ദ് ചെയ്യുന്ന തീരുമാനത്തിനെതിരെ പഞ്ചായത്ത് സെക്രട്ടറി വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ക്വാറികൾക്കും മറ്റുമായി മുതലാളിമാർക്ക് ഒത്താശ ചെയ്യുന്നതായി മുമ്പും നിരവധി ആരോപണം സെക്രട്ടറിക്കെതിരെ നിലനിൽക്കുന്നുണ്ട്.
അംഗീകാരം റദ്ദ് ചെയ്ത നടപടിക്കെതിരെ കമ്പനി ഡയറക്ടർമാർ വഞ്ചിയൂരിലെ പഞ്ചായത്ത് ട്രിബ്യൂണലിനെ സമീപിച്ചു. ഇതോടെ റദ്ദ് ചെയ്ത നടപടിക്ക് താൽക്കാലിക സ്റ്റേ നേടിയിട്ടുണ്ട്. അംഗീകാരം നൽകരുതെന്നാവശ്യപ്പെട്ട് കേസിൽ നാട്ടുകാരും കക്ഷി ചേർന്നിട്ടുണ്ട്. ഈ കേസ് നടന്നുവരികയാണ്. കേസ് ഹൈക്കോടതിയിൽ എത്താനും സാധ്യതയുണ്ട്. പ്രദേശത്തിന്റെ പ്രത്യേകതയും കൃഷിയും മറ്റു ജൈവവൈവിധ്യങ്ങളും സംരക്ഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. സ്ഥിരമായി മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുള്ള പ്രദേശമാണ് ഇവിടം. 2005, 2007 വർഷങ്ങളിൽ മണ്ണിടിച്ചിലിലൂടെ വൻദുരന്തം തന്നെ ഉണ്ടായിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെയോ മറ്റു സർക്കാർ സംവിധാനങ്ങളുടെയോ യാതൊരു കുടിവെള്ള പദ്ധതിയും ഈ പഞ്ചായത്തിൽ ഇല്ലെന്നതാണ് വസ്തുത. പാറമടക്കുകളിൽ നിന്നും കരിങ്കൽക്കൂട്ടങ്ങളിൽ നിന്നും വരുന്ന വെള്ളമാണ് ഇവിടത്തുകാർക്ക് ഏക ആശ്രയം. എന്നാൽ ജനവാസ കേന്ദ്രത്തിൽ ക്വാറി വരുന്നതോടെ കുടിവെള്ളത്തിനും പ്രതിസന്ധിയുണ്ടാകും. മാത്രമല്ല, ക്വാറിയുടെ പ്രവർത്തനങ്ങൾക്കായി ഒരു ദിവസം ഇരുപതിനായിരം ലിറ്റർ വെള്ളമാണ് വേണ്ടിവരിക. 861 എച്ച്.പി യുടെ നിരവധി യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഖനനം നടത്താൻ ഉദ്ധേശിക്കുന്നത്.
ബഹുഭൂരിപക്ഷം നാട്ടുകാരും വിവിധ രാഷ്ട്രീയക്കാരും ഉൾക്കൊള്ളുന്ന ആക്ഷൻ സമിതി രൂപവൽക്കരിച്ച് ക്വാറി വരുന്നതിനെതിരിൽ പ്രതിഷേധവുമായി പ്രദേശവാസികൾ മുന്നോട്ടുപോകുകയാണ്. ജനകീയ പ്രക്ഷോപങ്ങളും നിയമ പോരാട്ടങ്ങളും നടത്തി നാടിന്റെ ജൈവവൈവിധ്യത്തെ നശിപ്പിക്കുന്ന ഈ നടപടിക്കെതിരെ പോരാടുമമെന്ന് സമരസമിതി ഭാരവാഹികൾ മറുനാടൻ മലയാളിയോടു പറഞ്ഞു. ക്വാറി കമ്പനികൾക്കു പിന്നിൽ പ്രവർത്തിക്കുന്നത് ഉന്നത രാഷ്ട്രീയ ബന്ധമുള്ളവരാണെന്നാണ് സൂചന. തെക്കൻ കേരരളത്തിൽ നിന്നുള്ള എംഎൽഎ ഉൾപ്പടെ ഉന്നത രാഷ്ട്രീയക്കാർ ഇതിനു പിന്നിലുണ്ട്. ഇതുകൊണ്ടുതന്നെ വിഷയം പുറത്തറിയാതെ പോകുകയാണ്. സമീപത്തെ ഏതാനും വീടുകൾ ഒഴിപ്പിക്കാൻ സമ്മർദവും ഭീഷണിയും ക്വാറി മാഫിയയുടെ നേതൃത്വത്തിൽ ശക്തമാക്കിയിരിക്കുകയാണ്. ഒഴിഞ്ഞു പോകാൻ വിസമ്മതിക്കുന്നവരെ കള്ളക്കേസിൽ പെടുത്തിയും ഭരണ സ്വാധീനം ഉപയോഗിച്ചും നേരിട്ടുകൊണ്ടിരിക്കുകയാണ്. സമരസമിതിയിൽപെട്ടവരെ സ്വാധീനിക്കാനും തളർത്താനുമുള്ള നീക്കവുമുണ്ട്.