- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാർ മുതലാളിമാരോട് 'ഒന്നും' ചോദിക്കാനാകുന്നില്ല; കേരള യാത്രകൾക്ക് പുതു വഴി തേടി രാഷ്ട്രീയ നേതൃത്വങ്ങൾ; തെക്ക്-വടക്ക് യാത്രകളുടെ വിജയത്തിനായുള്ള പണപ്പിരിവിന് ആശ്രയം പാറമട-പച്ചമണ്ണു ലോബി; സർക്കാർ പുറമ്പോക്കു വരെ കുഴിച്ചെടുത്ത് ലാഭമുണ്ടാക്കി പാറമട ലോബിയും
പത്തനംതിട്ട: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ടു മാത്രം മുന്നിൽ കണ്ട് തെക്കു-വടക്ക് യാത്രയ്ക്ക് ഇറങ്ങിയിരിക്കുന്ന രാഷ്ട്രീയ പാർട്ടി നേതാക്കന്മാരുടെ 'യാത്രാപ്പടി' വഹിക്കാൻ ഇക്കുറി ബാർ മുതലാളിമാരില്ല. എന്തായാലും സ്വന്തം പോക്കറ്റിൽ നിന്ന് കാശെടുത്ത് യാത്ര നടത്താത്ത നമ്മുടെ നേതാക്കന്മാരെ ഇത്തവണ സ്‌പോൺസർ ചെയ്യുന്നത് പാറമട-പച്ചമണ്ണ
പത്തനംതിട്ട: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ടു മാത്രം മുന്നിൽ കണ്ട് തെക്കു-വടക്ക് യാത്രയ്ക്ക് ഇറങ്ങിയിരിക്കുന്ന രാഷ്ട്രീയ പാർട്ടി നേതാക്കന്മാരുടെ 'യാത്രാപ്പടി' വഹിക്കാൻ ഇക്കുറി ബാർ മുതലാളിമാരില്ല. എന്തായാലും സ്വന്തം പോക്കറ്റിൽ നിന്ന് കാശെടുത്ത് യാത്ര നടത്താത്ത നമ്മുടെ നേതാക്കന്മാരെ ഇത്തവണ സ്‌പോൺസർ ചെയ്യുന്നത് പാറമട-പച്ചമണ്ണ് ലോബി.
യാത്ര നയിക്കുന്ന ആദർശ ധീരന്മാർക്ക് ഇക്കാര്യം അറിയാമെങ്കിലും കണ്ണടച്ച് പാലു കുടിക്കുകയാണ്. യാത്ര വിജയിപ്പിക്കാൻ ഒരോ രാഷ്ട്രീയനേതൃത്വവും അതത് ജില്ലാ കമ്മറ്റികൾക്കും നിയോജകമണ്ഡലം കമ്മറ്റികൾക്കും ടാർജറ്റ് നൽകിയിട്ടുണ്ട്. മുമ്പൊക്കെ ഇതൊന്നും അറിയേണ്ട കാര്യമില്ലായിരുന്നു. ബാറുകാർ അക്ഷയപാത്രമായിരുന്നു. ഇക്കുറി ആദർശധീരന്മാർ തമ്മിലടിച്ച് ബാറുകൾ ഇല്ലാതാക്കി. ബിയർ പാർലറുകാരുടെ അടുത്ത് പിച്ചച്ചട്ടിയുമായി ചെന്നാൽ വായിലിരിക്കുന്നത് കേൾക്കേണ്ടിയും വരും. ഈ സാഹചര്യത്തിൽ പ്രാദേശിക നേതാക്കന്മാർ കണ്ട എളുപ്പവഴിയാണ് അനധികൃതമായും നിയമപരമായും പ്രവർത്തിക്കുന്ന പാറമടക്കാരിൽ നിന്നും പണം കുഴിച്ചെടുക്കുക എന്നത്.
കെപിസിസി അധ്യക്ഷൻ വി എം സുധീരന്റെ യാത്ര പാതി വഴയിലെത്തി കഴിഞ്ഞു. ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരനും യാത്രയിലാണ്. സിപിഎമ്മിനായി പിണറായി വിജയനും കേരള യാത്ര തുടങ്ങുന്നു. മുസ്ലിം ലീഗിന് കുഞ്ഞാലിക്കുട്ടിയും സിപിഐയ്ക്ക് കാനം രാജശേഖരനും യാത്ര നടത്തുന്നു. ചെറുകക്ഷിയായ എൻസിപിയും ഉണർത്തുപാട്ടുമായെത്തും. ഈ യാത്രകൾക്കെല്ലാം ദിവസേന ലക്ഷങ്ങളാണ് ചെലവ് വരുന്നത്. മുൻകാലത്ത് ബാർ മുതലാളി മാരായിരുന്നു പ്രതീക്ഷ. ഇതടഞ്ഞതോടെയാണ് പുതിയ വരുമാന സ്രോതസ് കണ്ടെത്തിയത്. ബാറുടമകളിൽ പ്രധാനികൾക്കൊന്നും പാറമട ഇല്ലെന്നതും ഇതിന് കാരണമായി. റിയൽ എസ്റ്റേറ്റ് മാഫിയയും ഫണ്ട് ശേഖരണത്തിനായി സഹായിക്കുന്നുണ്ട്.
എന്നാൽ കസ്തൂരി രംഗൻ റിപ്പോർ്ട്ടിന്റെ ആശങ്കയിൽ നിൽക്കുന്ന പാറമട ലോബിയാണ് എല്ലാവരേയും സഹായിക്കുന്നത്. യാത്ര കഴിയുമ്പോൾ തെരഞ്ഞെടുപ്പ് എത്തും. ഇതിനുള്ള ഫണ്ടിനും പാറമടകൾ തന്നെയാകും രാഷ്ട്രീയ പാർട്ടികളുടെ ആശ്രയം. കരിങ്കൽ/ചെങ്കൽ അടക്കം 4070 ക്വാറികളാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. ഈ സർക്കാർ അധികാരത്തിൽ എത്തി മൂന്ന് വർഷത്തിനുള്ളിൽ 2146 ക്വാറികൾക്ക് അനുമതി നൽകിയതായും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയെ അറിയിച്ചിരുന്നു. നിലവിൽ 1500-ൽ പരം കരിങ്കൽ ക്വാറികൾ സംസ്ഥാനത്ത് സജീവമായി നിലനിൽക്കുന്നുവെന്നാണ് ക്വാറി ഓണേഴ്‌സ് അസോസിയേഷൻ സൂചിപ്പിക്കുന്നത്. ചെങ്കൽ ക്വാറികളുടെ എണ്ണം 1500-ൽ അധികം വരുമെന്ന് രേഖകൾ വ്യക്തമാക്കുന്നു.
പരിസ്ഥിതി അനുമതിയില്ലാത്ത ക്വാറികൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകരുതെന്ന സുപ്രീം കോടതി വിധി നിലവിൽ വന്നെങ്കിലൂം സംസ്ഥാന സർക്കാർ അത് പാലിക്കാൻ തയ്യാറാകാതിരുന്നത് ഏറെ വിവാദങ്ങൾക്ക് ഇടനൽകിയിരുന്നു. നിലവിൽ നൂറിൽ താഴെ ക്വാറികൾക്ക് മാത്രമാണ് പരിസ്ഥിതി അനുമതിയുള്ളത്. ഈ കണക്ക് മറച്ചു വച്ച് വെറും 591 ക്വാറികൾ മാത്രമാണ് സംസ്ഥാനത്തുള്ളതെന്നാണ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറയുന്നത്. തിരുവനന്തപുരം-6, കൊല്ലം-57, പത്തനംതിട്ട-39, കോട്ടയം 50, ഇടുക്കി -21, എരണാകുളം-73, തൃശൂർ-42, പാലക്കാട്-97, മലപ്പുറം-58, കോഴിക്കോട്-48, വയനാട്-54, കണ്ണൂർ-39, കാസർഗോട്-7 എന്നിങ്ങനെയാണ് ഇപ്പോഴത്തെ കണക്ക്.
2011 മെയ് മാസത്തിനുശേഷം റദ്ദാക്കപ്പെട്ട ക്വാറികളുടെ കണക്കും അനുമതി നൽകിയ ക്വാറികളുടെ കണക്കും തമ്മിൽ യാതൊരു പൊരുത്തവും ഇല്ല. 2011 മേയിൽ തിരുവനന്തപുരം ജില്ലയിൽ 156 ക്വാറികളാണുണ്ടായിരുന്നത്. അനുമതി റദ്ദാക്കിയത് 5 എണ്ണത്തിന്റെ മാത്രമെന്ന് മന്ത്രി പറയുന്നു. എന്നിട്ടും നിലവിലുള്ളത് വെറും ആറ് ക്വാറികൾ മാത്രം. കൊല്ലം ജില്ലയിൽ ആകെ ഉണ്ടായിരുന്നത് 73 ക്വാറികൾ മാത്രം. എന്നാൽ 99 ക്വാറികളുടെ അനുമതി റദ്ദാക്കി. നിലവിലുള്ളത് 57 എണ്ണം. പൊരുത്തപ്പെടാത്ത ഈ കണക്കിന് പിന്നിലെ കളി ദുരൂഹത ഉണർത്തുന്നു. പത്തനംതിട്ടയിൽ 146 ക്വാറികളാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്നെണ്ണത്തിന്റെ അനുമതി റദ്ദുചെയ്തു. നിലവിൽ 39 ക്വാറികൾ മാത്രമെ പ്രവർത്തിക്കുന്നുള്ളൂവത്രെ. കോട്ടയത്ത് 240 ക്വാറികളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ പ്രവർത്തിക്കുന്നത് 50 എണ്ണം മാത്രം. 116 ക്വാറികളുടെ അനുമതി റദ്ദുചെയ്തുവെന്ന് പറയുമ്പോൾ കണക്കിലെ പൊരുത്തക്കേട് കൂടുതൽ വ്യക്തമാകുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ക്വാറികൾ പ്രവർത്തിച്ചിരുന്നത് എറണാകുളം ജില്ലയിലാണ്. 280 ക്വാറികൾ ഉണ്ടായിരുന്ന ഇവിടെ ഇപ്പോൾ 73 എണ്ണം മാത്രമെ പ്രവർത്തിക്കുന്നുള്ളൂവെന്നാണ് പറയുന്നത്. 105 ക്വാറികളുടെ അനുമതിയാണ് ജില്ലയിൽ റദ്ദുചെയ്തിട്ടുള്ളത്. ഇടുക്കിയിൽ 87 ക്വാറികൾ ഉണ്ടായിരുന്നത് ഇപ്പോൾ 21 ആയി കുറഞ്ഞു. 2011 ന് ശേഷം വയനാട്ടിൽ റദ്ദാക്കപ്പെട്ട ക്വാറികളുടെ കണക്ക് വ്യക്തമാക്കപ്പെട്ടിട്ടില്ല. 114 ക്വാറികൾ പ്രവർത്തിച്ചിരുന്ന ഇവിടെ നിലവിൽ 54 എണ്ണം മാത്രമെ ഉള്ളൂവെന്നാണ് പറയപ്പെടുന്നത്. കാസർഗോഡിൽ 142 ക്വാറികൾ ഉണ്ടായിരുന്നെങ്കിലും നിലവിൽ അത് ഏഴായി ചുരുങ്ങിയെന്ന് കണക്കിൽ വ്യക്തമാകുന്നു. ഇവിടെ വെറും രണ്ടെണ്ണത്തിന്റെ അനുമതിയാണ് റദ്ദാക്കിയിട്ടുള്ളത്.
കണ്ണൂരിൽ നാലുവർഷം മുമ്പുണ്ടായിരുന്ന 39 ക്വാറികളും ഇപ്പോഴൂം നിലനിൽക്കുന്നു. അതോടൊപ്പം ഇവിടെ 149 ക്വാറികൾ റദ്ദാക്കിയെന്നും പറയുന്നു. ഈ കണക്കിലെ കളികൾ തന്നെയാണ് സംഭാവനയായി 'യാത്ര'ക്കാരുടെ പോക്കറ്റിലേക്ക് വൻ തുക എത്തിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ ആര് അധികാരത്തിൽ വരുമെന്ന് അറിയാത്തതിനാൽ ചോദിക്കുന്ന പണം കൊടുക്കേണ്ട ഗതികേടിലാണ് ക്വാറി ഉടമകൾ. ഇതുകൊണ്ട് മാത്രം തീരുന്നില്ല. ഇനി തെരഞ്ഞെടുപ്പാണ് വരുന്നത്. അന്നും ചോദിക്കുന്ന പണം കൊടുക്കേണ്ടി വരും.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ക്വാറികളിൽ ഭൂരിഭാഗവും സർക്കാർ പുറമ്പോക്ക് കൈയേറി പൊട്ടിക്കുന്നുണ്ട്. അതിനൊന്നും റോയൽറ്റിയും നൽകുന്നില്ല. ഇതു കാരണം സർക്കാരിന് കോടികളുടെ റവന്യൂ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത്.