സ്വന്തം പ്രവർത്തിയിലൂടെ മറ്റുള്ളവർക്ക് മാതൃകയാവുകയും അവരുടെ ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്യുന്നവരുണ്ട്. സമൂഹത്തിന്റെ സമാധാനപൂർണമായ മുന്നേറ്റത്തിന് ഇത്തരക്കാരുടെ ഇടപെടലുകൾ വളരെ നിർണായകമാണ്. രാഷ്ട്രീയമോ സാമ്പത്തികമോ ആയ പിന്തുണയൊന്നുമില്ലാതെ തന്നെ സമൂഹത്തെ സേവിക്കാൻ ഇറങ്ങിത്തിരിക്കുന്നവരാണവർ.ഇങ്ങനെ സമൂഹത്തിന് മാതൃകയാവുന്ന പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് എലിസബത്ത് രാജ്ഞി നൽകുന്ന യങ് ലീഡേഴ്‌സ് പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട 60 പേരിൽ ഇക്കൊല്ലം രണ്ട് ഇന്ത്യക്കാരുമുണ്ട്.

കോമൺവെൽത്ത് രാജ്യങ്ങളിലെ യുവപ്രതിഭകൾക്ക് നൽകുന്ന യങ് ലീഡേഴ്‌സ് പുരസ്‌കാരം ക്യൂൻ എലിസബത്ത് ഡയമണ്ട് ജൂബിലി ട്രസ്റ്റാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സഹജീവികളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുകയും ദീർഘകാല പ്രയോജനങ്ങളുണ്ടാക്കുകയും ചെയ്യുന്ന തരത്തിൽ പ്രവർത്തിക്കുന്നവർക്കാണ് പുരസ്‌കാരം നൽകുന്നത്.

ഇക്കുറി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 60 പേരിൽ ഉൾപ്പെട്ട ഇന്ത്യക്കാർ കാര്ത്തിക് സാഹ്നി (21)യും നേഹ സ്വെയ്ൻ (28) എന്നിവരാണ്. ജന്മനാ അന്ധനാണ് കാർത്തിക്. എന്നാൽ, ജീവിതം ഇരുട്ടിലാണെന്ന് കരുതി പരാജയം ഏറ്റുവാങ്ങുകയല്ല കാർത്തിക് ചെയ്തത്. ശാസ്ത്രവിഷയങ്ങൾ അഭ്യസിക്കുന്നതിലുള്ള പ്രതിബന്ധങ്ങൾ സ്വന്തം പരിശ്രമത്തിലൂടെ മറികടക്കുകയും അത് മറ്റുള്ളവർക്ക് ഗുണകരമാക്കുന്നതുനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു.ശാസ്ത്ര ശിൽപശാലകൾ നടത്തുന്ന സ്റ്റെംആക്‌സസ് എന്ന സ്ഥാപനം കാർത്തിക്കിന്റേതാണ്.സയൻസ് ബാച്ചിൽ +1ന് പ്രവേശനം കിട്ടിയ ഇന്ത്യയിലെ ആദ്യത്തെ അന്ധ വിദ്യാർത്ഥി കൂടിയാണ് കാർത്തിക്. ശാസ്ത്ര വിഷയങ്ങൾ പഠിക്കുന്നതിൽനിന്ന് കാഴ്ചവൈകല്യമുള്ളവരെ അകറ്റി നിർത്തുന്ന പ്രവണത അവസാനിപ്പിക്കുന്നതിനാണ് സ്റ്റെം ആക്‌സസിന്റെ പ്രവർത്തനങ്ങൾ.

യുവാക്കളിൽ നേതൃഗുണമുള്ളവരെ കണ്ടെത്തി അവരെ സമൂഹത്തിന് ഗുണകരമാകുന്ന തരത്തിൽ പരിശീലനം നൽകുകന്നതിലൂടെയാണ് നേഹ മാതൃകയായത്. ഈ രംഗത്ത് പ്രവർത്തിക്കുന്ന റുബാരു എന്ന സംഘടനയുടെ മുൻനിര പ്രവർത്തകയാണ് നേഹ. സാമൂഹികവും സാമ്പത്തികവുമായ വിഘാതങ്ങൾ തരണം ചെയ്ത് സമൂഹസൃഷ്ടിക്കായി കൂടുതൽ യുവാക്കൾ മുന്നോട്ടുവരുന്നതിനുവേണ്ടിയാണ് റുബാരു പ്രവർത്തിക്കുന്നത്. അതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് സംഘടനയുടെ സ്ഥാപക കൂടിയായ നേഹ ചെയ്യുന്നത്.