- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാൻസ്ജെൻഡർ കൂട്ടായ്മ തിരുവനന്തപുരത്ത് ഒരുമിക്കും; ജൂലൈയിൽ ലൈംഗിക സ്വാഭിമാന ഘോഷയാത്ര; സ്വവർഗ്ഗപ്രണയം എന്നത് വളരെ ജൈവീകവും സ്വാഭാവികവുമെന്ന് ക്വിയർ പ്രൈഡ്
തിരുവനന്തപുരം: വിമത ലൈംഗികത ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങളുമായി ലൈംഗിക സ്വാഭിമാന ഘോഷയാത്ര ജൂലൈ 11ന് തിരുവനന്തപുരത്ത് നടക്കും. 2009 ജൂലായ് മാസത്തിൽ ഇന്ത്യൻ ശിക്ഷാ നിയമം 377 വകുപ്പിന് ഡൽഹി ഹൈക്കോടതി നടത്തിയ ചരിത്രപരമായ പുനർവായനയുടെ ഓർമ്മ പുതുക്കാനാണ് ഘോഷയാത്ര. മാവീയം വീഥിമുതൽ വിജെടി ഹാൾ വരെയാകും ഘോഷയാത്ര. സ്വവർഗ്ഗ ലൈ
തിരുവനന്തപുരം: വിമത ലൈംഗികത ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങളുമായി ലൈംഗിക സ്വാഭിമാന ഘോഷയാത്ര ജൂലൈ 11ന് തിരുവനന്തപുരത്ത് നടക്കും. 2009 ജൂലായ് മാസത്തിൽ ഇന്ത്യൻ ശിക്ഷാ നിയമം 377 വകുപ്പിന് ഡൽഹി ഹൈക്കോടതി നടത്തിയ ചരിത്രപരമായ പുനർവായനയുടെ ഓർമ്മ പുതുക്കാനാണ് ഘോഷയാത്ര. മാവീയം വീഥിമുതൽ വിജെടി ഹാൾ വരെയാകും ഘോഷയാത്ര. സ്വവർഗ്ഗ ലൈംഗികത കുറ്റമല്ല, ഐപിസി 377 പിൻവലിക്കുക എന്നിവയാണ് ഈ കൂട്ടായ്മയുടെ പ്രധാന ആവശ്യം.
ലൈംഗിക ന്യൂനപക്ഷ സമുദായാംഗങ്ങൾക്കും പൊതുസമൂഹത്തിനും ഒന്നിച്ചു വരാനും നമ്മുടെ സാന്നിധ്യം രാഷ്ട്രീയപരമായി തന്നെ അറിയിക്കാനും വേണ്ടിയായിരുന്നു കേരളത്തിലും ലൈംഗിക സ്വാഭിമാന ഘോഷയാത്രയും അനുബന്ധ പ്രവർത്തനങ്ങളും ക്വിയർ പ്രൈഡ് കേരളത്തിന്റെ ആഭിമുഖ്യത്തിൽ തുടങ്ങി വച്ചത്. എന്നാൽ ക്വിയർ പ്രൈഡ് ആഘോഷങ്ങൾ ഇന്ന് ഡൽഹി ഹൈക്കോടതി നടത്തിയ പുനർവായന റദ്ദാക്കിക്കൊണ്ടു സുപ്രീംകോടതി നടത്തിയ വിധി പ്രസ്ഥാവനയ്ക്കെതിരായ പ്രതിഷേധം കൂടിയാണ്.
കൂടാതെ വിമതലൈംഗികതയെറിച്ചും സ്വവർഗ്ഗ പ്രണയിതാക്കളെക്കുറിച്ചും ദൈനംദിന ജീവിതത്തിൽ അനുഭവിച്ഛുകൊണ്ടിരിക്കുന്ന അവഗണനകളും അതിക്രമങ്ങളും വിഷമതകളും പുറം ലോകത്തോട് പറയാനും സ്വയം നിർണ്ണയാവകാശം ഊട്ടിയുറപ്പിക്കുന്നതിനായുള്ള ഒരവസരമായാണ് ഘോഷയാത്രയെന്ന് സംഘാടകരായ ക്വിയർ പ്രൈഡ് അറിയിച്ചു. ഇത്തരം രാഷ്ട്രീയ ഇടപെടലുകളിലൂടെ സ്വന്തം ലൈംഗികതയെക്കുരിച്ഛും ലിംഗ സ്വത്വത്തെക്കുറിച്ചും തുറന്നു പറയാൻ കഴിയാതെ പോകുന്ന ലക്ഷക്കണക്കിനാളുകൾക്ക് ആത്മധൈര്യം പകരാൻ കഴിയുമെന്ന പ്രത്യാശയാണ് പങ്കുവയ്ക്കുന്നത്. ലിംഗ ലൈംഗിക വ്യത്യസ്തതകളുടെ രാഷ്ട്രീയം വിളിച്ചോതുന്ന അതിജീവന പോരാട്ടത്തിന് കരുത്ത് പകരാനാണ് ഇത്.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി സ്വന്തം അവകാശങ്ങൾക്കും തുല്ല്യ സാമൂഹിക പദവിക്കുമായി ഒരു ജനത നടത്തുന്ന അതിജീവന സമരത്തെ ഇനിയും അവഗണിക്കുന്നത് പുരോഗമനവാദികളെന്നും അഭ്യസ്ഥ വിദ്യരെന്നവകാശപ്പെടുന്ന നമ്മുടേതുപോലെയുള്ള ഒരു സമൂഹത്തിനു ഭൂഷണമല്ല. സ്വവർഗ്ഗ പ്രണയവുമായി ബന്ധപ്പെട്ട് കേരളത്തിന് പുറത്തുള്ള വിവിധ സംസ്ഥാനങ്ങളിലെ നിയമ നിർമ്മാണ നിർവ്വഹണ വിഭാഗങ്ങൾ കഴിഞ്ഞ കാലങ്ങളിൽ കൈക്കൊണ്ട പല പുരോഗമനപരമായ ആശയങ്ങളും പുരുഷമേധാവിത്വ സമൂഹത്തിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി കണ്ടില്ലെന്നു നടിക്കുന്നത് പൗരാവകാശങ്ങൾ നിഷേധിക്കുന്നതിന് തുല്ല്യമാണെന്ന് ക്വിയർ പ്രൈഡ് പറയുന്നു.
മറ്റ് രാജ്യങ്ങളിൽ ട്രാൻസ്ജെൻഡർ സമുദായാംഗങ്ങൾക്കും സ്വവർഗ്ഗ പ്രണയിതാക്കൾക്കും നൽകുന്ന പ്രത്യേക പരിഗണനയും സ്നേഹവും കരുതലും ഒരുക്കുകയാണ് ലക്ഷ്യം. സമൂഹം പുരുഷകേന്ദ്രീകൃതമായി നിർമ്മിച്ച സംവിധാനങ്ങൾക്കുള്ളിൽ നിൽക്കാത്ത, ആണത്തത്തിന്റെയും സ്ത്രീത്വത്തിന്റെയും ലക്ഷണശാസ്ത്രത്തിൽ ഒതുങ്ങാത്ത മനസ്സുകളേയും ശരീരങ്ങളേയും മറ്റ് എന്തിനേയും അസ്വാഭാവികവും അശ്ലീലവും പ്രകൃതി വിരുദ്ധവുമായി മുദ്രകുത്തി ജയിലിലും ഭ്രാന്താശുപത്രികളിലും തളയ്ക്കാൻ ശ്രമിക്കുന്നത് മനുഷ്യാവകാശങ്ങൾക്കെതിരായ കടന്നു കയറ്റമാണെന്നും വാദിക്കുന്നു.
സ്വവർഗ്ഗപ്രണയം എന്നത് വളരെ ജൈവീകവും സ്വാഭാവികവുമായ ഒന്നാണെന്നും സ്വവർഗ്ഗപ്രണയത്തോടും പ്രണയിതാക്കളോടുമുള്ള അസാധാരണമായ പേടിയും അവഗണനയുമാണ് മനുഷ്യാവകാശ നിഷേധം എന്ന ആശയമാണ് ഉയർത്തിപ്പിടിക്കുന്നത്. ആണും പെണ്ണും പോലെ , ആണും ആണും, പെണ്ണും പെണ്ണുമെല്ലാം പ്രേമിക്കട്ടെ, വ്യത്യസ്തങ്ങളായ ലിംഗ സ്വത്വങ്ങൾ പുറംതോടു പൊട്ടിച്ചു വർണ്ണ ചിറകുകളുമായി പറക്കട്ടെ. സ്വതന്ത്രമായ ലൈംഗികതയുടെ പുതിയ സമവാക്യങ്ങൾ മനുഷ്യർക്കിടയിൽ ഇതളിടട്ടെ എന്ന സന്ദേശവുമായാണ് തിരുവനന്തപുരത്തെ പരിപാടി.